എൻ.ഡി.ടി.വി അധിപൻ ഡോ.പ്രണോയ് റോയ് ഇന്ത്യയിൽ അങ്ങേയറ്റം ബഹുമാന്യനായ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹം നേതൃത്വം നൽകുന്ന ചാനലും മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നുണ്ട്, ഒരു പരിധിവരെ. പ്രത്യേകിച്ചും അവതരണ രീതിയിലും ചർച്ചകളിൽ പങ്കെടുക്കുന്നവരോടുള്ള ഭാഷണ രീതിയിലുമൊക്കെ. അദ്ദേഹം ബുദ്ധിമാനും കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചാനലിലൂടെ വെളിവാകുന്ന പരിപാടികൾ നിഷ്‌കളങ്കസമാനമായ പരിവേഷത്തോടെ കാണുകയും പ്രയാസം. 2016ലെ ലോക മാനസിക ആരോഗ്യ ദിനത്തില്‍ അദ്ദേഹം തന്നെ നയിച്ച ഒരു പരിപാടിയായിരുന്നു India Questions Deepika. അതിൽ ദീപിക പദുകോണുമായി ഡോ.റോയ് അഭിമുഖ രീതിയിൽ സംഭാഷണം നടത്തുന്നു. അതിനിടയിൽ സദസ്സിൽ ഇരിക്കുന്ന ദീപികയുടെ കുടുംബാംഗങ്ങൾ, അവരുടെ ഡോക്ടർ, കൗമാരക്കാരും അല്ലാത്തവരുമായ കുട്ടികൾ. പശ്ചാത്തലത്തിൽ ദീപികയുടെ ഹിറ്റ് ചിത്രങ്ങളിലെ രംഗങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നെങ്കിലും സിനിമാസംബന്ധിയായിരുന്നില്ല സംഭാഷണവും മൊത്തത്തിലുള്ള പരിപാടിയും. ദീപികയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ തുടക്കവും കൂടിയായിരുന്നു അത്. അതിനുവേണ്ടി ആ സംഘടന എൻ.ഡി.ടി.വിക്കു സ്‌പോൺസർഷിപ്പ് നൽകിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും 'ലിവ് ലവ് ലാഫ്' എന്നാണ് സംഘടനാനാമം. കൊള്ളാം. ആർക്കാണ് അതിനെ തള്ളിക്കളയാൻ പറ്റുക. ജീവിക്കുക, സ്‌നേഹിക്കുക, ചിരിക്കുക. അതുവേണമെങ്കിൽ തിരിച്ചു വായിച്ചാൽ ജീവിതത്തിൽ പ്രയോഗിക്കാൻ പറ്റിയ തത്വശാസ്ത്രവുമായി . ചിരിക്കുക, സ്‌നേഹിക്കുക , ജീവിക്കുക. എങ്ങനെ ജീവിക്കണമെന്നതിന്റെ കുറിപ്പടി.
ദീപിക പദുകോൺ 2015 മാര്‍ച്ചില്‍ തന്റെ വിഷാദരോഗത്തെ കുറിച്ചും അതിനെ നേരിട്ടതിനെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന അർബുദത്തെ പേടിച്ച് രണ്ട് സ്തനങ്ങളും നീക്കം ചെയ്തതിനു ശേഷം വന്ന വൻ പ്രഖ്യാപനം. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തുറന്നു പറയാൻ വിമുഖത കാണിക്കുന്ന ലോകത്താണ് താൻ വിഷാദ രോഗിയായിരുന്നുവെന്ന് ദീപിക പ്രഖ്യാപിച്ചത്. ബോളിവുഡ്ഡിൽ നിന്ന്‍ ഹോളിവുഡ്ഡിൽ എത്തപ്പെട്ടിരിക്കുന്ന ദീപിക വളരെ ധൈര്യശാലിയായ നടിയായിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ആ ധൈര്യത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ദീപികയുടെ ഈ പ്രഖ്യാപനം. ഡോ.റോയ് ദീപികയെ ആ പരിപാടിയിൽ അവതരിപ്പിച്ചതും സിനിമാ നടി എന്നതിനേക്കാൾ ഏറ്റവും ധൈര്യശാലിയായ വ്യക്തി എന്ന നിലയിലാണ്.
തന്റെ മാനസികാരോഗ്യ അവസ്ഥയെക്കുറിച്ചു തുറന്ന് പ്രഖ്യാപിച്ചതിനു ശേഷം പലരും തങ്ങളുടെ ധർമ്മസങ്കടങ്ങൾ പങ്കുവയ്ക്കുകയുണ്ടായെന്ന് ദീപിക പറയുന്നു. പലരും അവരുടെ അവസ്ഥയുമായി താദാത്മ്യം അനുഭവിച്ചുകൊണ്ട് മുന്നോട്ടു വരികയുണ്ടായെന്നും ദീപിക അറിയിച്ചു. ഒരു നടിയുടെ ഭാവഹാവാദികളില്ലാതെ ഒരു സാധാരണ പെൺകുട്ടിയെപോലെ എത്തിയ ദീപിക ഇന്ത്യയിലെ മാനസികാരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ച് പറയുകയുണ്ടായി. ഏറ്റവും വലിയ പ്രശ്‌നം പലര്‍ക്കും അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ്. താനൊരു മാനസിക രോഗിയായി ചിത്രീകരിക്കപ്പെടുമോ എന്നുള്ള സാമൂഹ്യ ഭീതിയാണ് അതിന് പലരെയും പ്രാപ്തരാക്കത്തതെന്നാണ് അവർ പറഞ്ഞത്. ബോധപൂർവ്വമാകണം, ആ ചർച്ചയിൽ ഡിപ്രഷൻ എന്ന വാക്കിനേക്കാൾ ആ അവസ്ഥയെ സൂചിപ്പിക്കാനായി മെന്റൽ ഹെൽത്ത് എന്ന വാക്കാണ് അവര്‍ കൂടുതൽ ഉപയോഗിച്ചത്.
താൻ ആ ഡിപ്രഷനിൽ നിന്ന് കരകയറിയെന്നും ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി പറഞ്ഞു. അതിന് ദീപികയെ സഹായിച്ച ഫിസിഷ്യനും സൈക്യാട്രിസ്റ്റുമായ ശ്യാം ഭട്ടും അന്നാ ചാണ്ടിയെന്ന സ്ത്രീയും ആ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഉചിതമായ സ്ഥലങ്ങളിൽ മാനസിക രോഗങ്ങളെ പറ്റി തുറന്നു പറയാനും മറ്റുള്ളവർ അങ്ങനെയുള്ളവരെ സഹാനുഭൂതിയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ അദ്ദേഹവും അന്നാ ചാണ്ടിയും പറഞ്ഞു. അന്നാ ചാണ്ടിയാണ് ത്രീ എല്ലി(Live Love Laugh)ന്റെ മാനേജിംഗ് ട്രസ്റ്റി. അവർ തങ്ങളുടെ ട്രസ്റ്റിന്റെ ലക്ഷ്യവും പ്രവർത്തന രീതികളുമൊക്കെ വിശദമാക്കുകയുണ്ടായി. എങ്ങനെയാണ് മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക, ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിക്കുക എന്നൊക്കെ.
തന്റെ വിഷാദ രോഗത്തെ കുറിച്ച് ദീപിക പ്രഖ്യാപിച്ചപ്പോൾ തന്നെ ചില സൂചനകൾ തോന്നിയിരുന്നു. ഇപ്പോൾ അവര്‍ എൻ.ജി.ഒയുമായി മുന്നോട്ടു വരുമ്പോള്‍ ആ സൂചനകള്‍ വ്യക്തമാകുന്നു. അതേസമയം തന്റെ വീട്ടിൽ താൻ വളർത്തപ്പെട്ട രീതി കൊണ്ടാണ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കയറി നിന്നുകൊണ്ട് താൻ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളെന്നും ഇടയ്ക്ക് അതിന്റെ ക്രെഡിറ്റ് അവിടെയുണ്ടായിരുന്ന അമ്മയ്ക്കും അച്ഛനും നൽകിക്കൊണ്ട് ദീപിക പറയുന്നുണ്ടായിരുന്നു. എന്നിട്ടും ദീപിക വിഷാദത്തിൽ പെട്ടു. അപ്പോൾ ഡോ.പ്രണോയ് ദീപികയെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു, ഇതിന്റെ കാരണം അജ്ഞാതമാണ്. പലപ്പോഴും രോഗികൾ അറിയുന്നതു പോലുമില്ല. ജനിതക കാരണങ്ങൾ കൊണ്ടും ഈ രോഗം വരാം.
ആ പരിപാടിയുടെ ഇടയിൽ വെളിപ്പെട്ട രണ്ടു സ്ഥിതിവിവരക്കകണക്കുകളിലേക്കു നോക്കാം. ഒന്ന്, 35 കോടി ജനങ്ങൾ ലോകമെമ്പാടും വിഷാദരോഗത്തിന് അടിപ്പെട്ടു ജീവിക്കുന്നു. രണ്ട്, ഓരോ അഞ്ചു പേരിലും ഒരാൾ വിഷാദ രോഗിയാണ്. ഈ സ്ഥിതിവിവരക്കണക്ക് ശരിയെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്കിയാൽ കൊതി വരും. തുറന്നു കിടക്കുന്ന വിപണി. അതും അനന്തമായ വിപണി. ഒരു നേരത്തെ മരുന്നുകൊണ്ട് തീരുന്നതല്ല വിഷാദ രോഗം. ഒരു പക്ഷേ അതിൽ നല്ലൊരു ശതമാനത്തിന് ജീവിതാവസാനം വരെ കഴിക്കേണ്ടി വന്നെന്നിരിക്കും.
പ്രത്യക്ഷത്തിൽ ഉദാത്തമായ ആദർശങ്ങളും സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാണ് സന്നദ്ധ സംഘടനകളെല്ലാം തന്നെ. ഇത്തരത്തിലുള്ള സന്നദ്ധ സംഘടനകൾക്കാണ് യഥേഷ്ടം വിദേശ ഫണ്ടുകൾ ലഭിക്കുന്നതും. ഈ സംഘടനകൾക്കു പോലുമറിയില്ല ഏതാണ് തങ്ങളിലെത്തപ്പെടുന്ന ഫണ്ടിന്റെ ഉറവിടമെന്നത്. ചിലപ്പോൾ ചില സർക്കാരുകളുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ലോകമെമ്പാടും വിതരണം ചെയ്യുന്ന ഫണ്ടായിരിക്കാം. ഏതാനും ബഹുരാഷ്ട്രക്കുത്തകകളാണ് ലോകത്തെ നയിക്കുന്നതും ഐക്യരാഷ്ട്രസഭയെയും ലോകാരോഗ്യ സംഘടനയേയുമൊക്കെ നിയന്ത്രിക്കുന്നതും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളാണ് ഭാരതമുൾപ്പടെയുള്ള മിക്ക രാജ്യങ്ങളുടെയും ആരോഗ്യ മാനദണ്ഡം. നമ്മുടെ ആധുനിക ഡോക്ടർമാരെല്ലാം നീങ്ങുന്നതും ചിന്തിക്കുന്നതുമെല്ലാം ലോകാരോഗ്യ സംഘടനയുടെ ചിന്തയ്ക്കനുസരിച്ചാണ്.
ഇന്ത്യയിൽ മാനസികാരോഗ്യത്തിനുള്ള മരുന്നിന്റെ വിപണി വർധിതമാകാതെയിരിക്കുന്ന കാരണം അതുമായി സമൂഹം ചേർത്തുവച്ച് കാണുന്ന അസ്വീകാര്യതയാണ്. അതു മാറിയാൽ തുറക്കപ്പെടുന്ന വിപണി അതിവിശാലവും. ദീപിക പദുകോണിന് തുറന്നു പറയാമെങ്കിൽ പിന്നെ ആർക്കാണ് അതിനു കഴിയാത്തത്. ആ ചർച്ചയിൽ പങ്കെടുത്ത പെൺകുട്ടികളിലെല്ലാം തങ്ങളും വിഷാദമനുഭവിക്കുന്ന മാനസിക രോഗിയെപ്പോലെയായിരുന്നു. വളരെ അനായാസം ദീപികയുമായി താദാത്മ്യം പ്രാപിക്കുന്നതിന് അവരുടെ മനസ്സ് കണ്ടെത്തുന്ന കുറുക്കുവഴി. ഇടയ്ക്കിടെ അന്നാ ചാണ്ടി തങ്ങളുടെ എൻ.ജി.ഓയുടെ ലക്ഷ്യം സവിസ്തരം വിശദീകരിച്ചു. ഈ ടാബൂ അഥവാ മോശത്തരം ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്. ഈ സംഘടനയ്ക്കും എന്തിന് ഇത്തരം വിഷയം പ്രമേയമാക്കി ചലച്ചിത്ര നിർമ്മിതിക്കും ഒക്കെ എത്ര കോടികൾ വാരിയെറിഞ്ഞാലും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അവർക്ക് ഇന്ത്യൻ കമ്പോളം വികസിക്കുമ്പോൾ ലഭ്യമാകുന്ന ലാഭത്തിന്റെ ചെറുവിഹിതം മാത്രമേ ആവുകയുള്ളു.
വിഷാദമരുന്നുകമ്പോളം വികസിക്കുമ്പോൾ ആ മരുന്നുവിപണി മാത്രമല്ല വലുതാകുന്നത്. മിക്ക മരുന്നുകളും ആൾക്കാരിൽ മൃതക്ഷീണത ഉളവാക്കുന്നതാണ്. അതു ജനത്തിന്റെ ഊർജ്ജത്തെ മന്ദീഭവിപ്പിക്കും. വിശേഷിച്ചും റഡ്ഡാറില്ലാതെ പറക്കുന്ന ഇന്ത്യൻ യൗവ്വനം വൻ വാഗ്ദാനമാണ് മരുന്നുകമ്പനികൾക്കു മുന്നിൽ. നഗരകേന്ദ്രീകൃതമായും ഇന്റർനെറ്റ് സൗകര്യത്താൽ നാഗരികസ്വഭാവത്തോടും ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന യുവതയുടെ ഊർജ്ജത്തെ ക്ഷയിപ്പിക്കാൻ ഇത് പര്യാപ്തമാണ്. വർധിത ശതമാനത്തിലുള്ള ഇന്ത്യയിലെ യുവാക്കളുടെ സാന്നിദ്ധ്യമാണ് ഇന്ത്യയുടെ വർത്തമാനകാലത്തെ ഏറ്റവും വലിയ പ്രതീക്ഷയായി ഉയർത്തിക്കാട്ടപ്പെടുന്നത്. അതിൽ നല്ലൊരു ശതമാനത്തിന്റെ ഊർജ്ജം ഷണ്ഡീകരിക്കപ്പെട്ടാൽ അത് ഇന്ത്യയെ തുടർന്നും ഉൽപ്പാദന ദിശയിലേക്കു നയിക്കാതെ വിപണി വിധേയത്വത്തോടെ നിലനിർത്താൻ കഴിയും.
നിരന്തരമായ അലോപ്പതി മരുന്നുപയോഗം മറ്റ് രോഗങ്ങൾക്ക് കാരണമാകും. അതും പുതിയ വിപണിയെ തുറന്നു കൊടുക്കുന്നു. അങ്ങനെ ഒരു ദൂഷിത വലയം ഇവയാൽ സൃഷ്ടിക്കപ്പെടുന്നു. ഇതിനകം തന്നെ നമ്മുടെ ജീവിതത്തിലേക്കു നോക്കിയാൽ ഈ ദൂഷിത വലയത്തിന്റെ പ്രചണ്ഡനൃത്തം കാണാൻ കഴിയും. പലതിനെയും നമ്മൾ ലൈഫ് സ്റ്റൈൽ രോഗമെന്നും മറ്റും വിളിച്ച് യഥാർഥ കാരണങ്ങളിലേക്ക് ജനശ്രദ്ധയും ഭരണകൂടങ്ങളുടെ ശ്രദ്ധയും പോകാതിരിക്കാൻ തൽപ്പരകക്ഷികൾ സദാ ജാഗരൂഗരായിരിക്കുന്നു. ജീവിക്കുക, സ്‌നേഹിക്കുക, ചിരിക്കുക. ആർക്കാണ് ഈ ലക്ഷ്യവുമായി വരുന്ന സന്നദ്ധ സംഘടയിൽ മോശം കാണാൻ കഴിയുക. ചിരിയും സ്‌നേഹവും ജീവിതത്തിൽ നിന്ന് സംഭവിക്കേണ്ടതാണ്. അല്ലാതെ ചിരിച്ചാട്ട്, സ്‌നേഹിച്ചാട്ട്, ചിരിച്ചാട്ട് എന്നു പറയുന്നതുകൊണ്ടോ ഏതെങ്കിലും നഗരത്തിൽ ആൾക്കാരെ കൂട്ടി കൂട്ട ഓട്ടം നടത്തി കൂട്ടച്ചിരി നടത്തിയതുകൊണ്ടോ ചിരിയും സ്‌നേഹവും ആരിലും വരില്ല. ചിലപ്പോൾ താരങ്ങളെയുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നഗരകേന്ദ്രീകൃതമായി മാധ്യമ സഹായത്തോടെ നടത്തപ്പെടുന്ന പരിപാടികൾ അരങ്ങേറുന്നത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. പലപ്പോഴും ഇത്തരം പരിപാടികളുടെ ജീവകാരുണ്യ മനുഷ്യസ്‌നേഹ മുദ്രാവാക്യങ്ങളിൽ ആകൃഷ്ടരായാണ് താരങ്ങളും മറ്റ് ഉന്നതരും ഇത്തരം കൂട്ട ഓട്ടങ്ങളിലും കൂട്ടച്ചിരികളിലും വീണുപോകുന്നത്.
ദീപിക പദുകോൺ തന്റെ ത്രീ എൽ അല്ലെങ്കിൽ ത്രില്ലിന്റെ ഒരു കൂട്ടച്ചിരിപ്പരിപാടിയുമായി കൊച്ചിയിലെത്തുകയാണെങ്കിൽ അതിൽ പങ്കെടുക്കുന്ന താരനിരയേയും കവികളെയും കഥാകൃത്തുക്കളേയും ധനം കൊണ്ട് മനുഷ്യസ്‌നേഹികളായ വ്യവസായികളുമൊക്കെ ഊഹിക്കാവുന്നതേ ഉള്ളു. എഴുപതുകളുടെ അവസാനത്തിൽ ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ വന്നതിനു ശേഷം അന്നത്തെ പെൺകുട്ടികളിൽ ഒരു ഫാഷനായിരുന്നു, ചെറിയ പനി വന്നാൽ പോലും തനിക്ക് ലൂക്കേമിയ ആണോയെന്ന സംശയവും അത് ഉറക്കെ പറയാനുള്ള വ്യഗ്രതയും. അതുപോലെ നമ്മുടെ ടെലിവിഷനിലൂടെ തനിക്ക് വിഷാദമുണ്ടെന്ന് പ്രഖ്യാപിക്കാൻ തയ്യാറായി യുവതികളും യുവാക്കളും മുന്നോട്ടു വരും. കാരണം ദീപിക പദുകോൺ സൃഷ്ടിച്ച് രൂപപ്പെടുത്തിയ ഒരു ബിംബത്തിനകത്തേക്ക് അവർക്കും കയറാൻ കഴിയും. ഒടുവിൽ ഡിപ്രഷൻ ഫാഷൻ ബിഹേവിയർ പോലുമായി മാറും. അതൊരു സാംസ്‌കാരിക മാറ്റമാകും.
മാനസിക രോഗത്തിന് സാമൂഹികമായ മോശപ്പെടുത്തൽ ആരോഗ്യമുള്ള സമൂഹത്തിന് ചേർന്നതല്ല. മറ്റേതു രോഗത്തേയും പോലെ ആരോഗ്യകരമായ ചികിത്സയിലൂടെയും മറ്റു വ്യക്തികളുടെ സമീപനത്തിലൂടെയും മാറ്റപ്പെടേണ്ട അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണ്. അതിനോട് മോശം സമീപനം പുലർത്തുന്നതിനേക്കാൾ അപകടകരമാണ് അതിനെ ബിഹേവിയർ ഫാഷനോ കാൽപ്പനികമായോ കാണുന്ന സമൂഹത്തിന്റെ അവസ്ഥ. അത് ഒരു സമൂഹത്തിന്റെ മാനസികാരോഗ്യത്തെ തീർത്തും ഇല്ലാതാക്കും. കാരണം അവിടെ പുരോഗമനത്തിന്റെ പേരിൽ അദൃശ്യമായ വിപത്തിനെ ആലിംഗനം ചെയ്യുകയാണ്.
മാനുഷികമായ മൂല്യങ്ങളുടെയും വികാരങ്ങളുടെയും ദൃഢീകരണം കൊണ്ടാണ് ഒരു സമൂഹത്തിന്റെയും അതിലൂടെ വ്യക്തികളുടെയും മാനസിക ആരോഗ്യം ശക്തമാക്കേണ്ടത്. ശക്തിയിലൂടെ മാത്രമേ ദൗർബല്യം ഇല്ലാതാവുകയുള്ളു. അവിടെയാണ് സംസ്‌കാരത്തിന്റെ പ്രസക്തി. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയുമൊക്കെ ലക്ഷ്യം മനുഷ്യമനസ്സിനെ പിടികൂടാൻ സാധ്യതയുള്ള വിഷാദത്തിൽ നിന്ന് അവരെ അവരറിയാതെ തന്നെ പുറത്തുകൊണ്ടു വരികയാണ്. അതും കൂട്ടായ്മകളിലൂടെയും ആട്ടത്തിലൂടെയും പാട്ടിലൂടെയുമൊക്കെ. അതുവഴി വ്യക്തികളിൽ ഉണർന്നു വരുന്ന വൈവിദ്ധ്യമാർന്ന അഭിരുചികളും അവ ആസ്വദിക്കാനുള്ള സമൂഹവുമൊക്കെ ചേരുമ്പോഴാണ് സാമൂഹികാരോഗ്യം വളരുന്നത്. അല്ലാതെ ചികിത്സയിലൂടെ ആരോഗ്യം വർധിക്കുകയില്ല. പോഷകാഹാരസമൃദ്ധിയുള്ള ഭക്ഷണം കഴിച്ച് മാനസികമായും കായികമായും നല്ല ഉന്മേഷത്തോടെ ജീവിക്കുമ്പോൾ മാത്രമേ രോഗങ്ങൾ മാറിനിൽക്കുകയുള്ള. നല്ല പ്രതിരോധ ശേഷിയുണ്ടാവുകയുള്ളു. രോഗം വരുമ്പോൾ മാത്രം അതിനെ നേരിടാനുള്ളതാണ് ചികിത്സ. അല്ലാതെ ആരോഗ്യ നിർമ്മാണത്തിനുള്ള ഉപാധിയല്ല.
മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് ജൈവമായ സാമൂഹ്യ സാംസ്‌കാരിക പ്രക്രിയകളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യേണ്ടത്. ത്രീ എല്ലിന്റെയും ദീപികയുടെയും കാഴ്ചപ്പാടിൽ മാനസികാരോഗ്യത്തെ കുറിച്ച് തുറന്നു പറയാനും സമ്മതിക്കാനുമുള്ള മടിയാണ് മാനസികാരോഗ്യം കുറയാനുള്ള കാരണമായി കാണുന്നത്. അതു ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ഹെൽത്ത് ഇൻഡസ്ട്രിയുടെയും കാഴ്ചപ്പാടാണ്. പട്ടിണിയിലും അർധപ്പട്ടിണിയിലും കിടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ജനതയിലേക്ക് നോക്കുക. ഇന്ത്യ മാത്രമല്ല, ഇന്ത്യയെക്കാൾ പിന്നോക്കാവസ്ഥയിലുള്ള ആഫ്രിക്കയിലേയും. അവിടെ ജനങ്ങൾ ഉല്ലാസത്തിൽ കാണപ്പെടുന്നു. അതേസമയം എഴുപത് ശതമാനത്തോളം അമേരിക്കക്കാർ ഏതെങ്കിലുമൊരു വിഷാദ രോഗമരുന്നുപയോഗിക്കുന്നവരും. ഇന്ത്യയിലും നഗരകേന്ദ്രീകൃതമായാണ് വിഷാദ രോഗം കാണപ്പെടുന്നത്. ഭൗതികമായ സർവ്വൈശ്വര്യങ്ങളുണ്ടായിട്ടും ദീപികയ്ക്ക് വിഷാദം തോന്നിയതുപോലെ. ധനവും സന്തോഷവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സംസ്‌കാരമല്ല ഇന്ത്യയുടേത്. ഏതു ഉൾഗ്രാമങ്ങളിൽ പോയി ഏത് ഉത്സവവും ആഘോഷവും നോക്കിയാൽ അതിലെ ആത്മാവ് പോലെ പ്രവർത്തിക്കുന്ന ആന്തരികാർഥം അതായിരിക്കും. ഒപ്പം കൂട്ടായ്മയും.
കേരളത്തിലെ ഉത്സവങ്ങളിലേക്കും സാംസ്‌കാരികാംശങ്ങളിലേക്കും നോക്കിയാലും അതു കാണാൻ കഴിയും. ആറന്മുളക്കാർ അവരുടെ ഒരു വർഷത്തെ കാണുന്നത് രണ്ടു വള്ളം കളികൾക്കിടയിലുള്ള ഇടവേളയായിട്ടാണ്. അതുപോലെ ഓരോ പ്രദേശത്തിലെയും ഉത്സവങ്ങൾ. കേരളത്തിലെ പല പ്രദേശങ്ങളിലും അവരുടെ ജീവിതത്തിലെ കാലഗണിതം പോലും തദ്ദേശീയമായ ആരാധനാലയങ്ങളിലെ ഉത്സവവുമായി ചേർത്തുവച്ചാണ് ചെയ്യുന്നത്. ഇതൊക്കെ കാണിച്ചു തരുന്നത് ഒരു പ്രദേശത്ത ജനത ഒന്നിച്ച് സന്തോഷിക്കുകയും ഒരേ താളം പങ്കുവയ്ക്കുകയുമൊക്കെ ചെയ്യുന്നതാണ്. കുംഭമേളകളിലേക്കു നോക്കുക. രാജ്യത്തിന്റെ പൈതൃകം മുഴുവൻ പേറുന്ന സാംസ്‌കാരിക മാമാങ്കം. മനുഷ്യരാശി അവസാനിക്കുവോളം കാലം ഉൾക്കൊണ്ട് ആരോഗ്യം വയ്ക്കാൻ കഴിയുന്ന പോഷകങ്ങളാണ് അവയിലൊക്കെ അന്തർഭവിച്ചിരിക്കുന്നത്. പ്രയാഗിലെ കഴിഞ്ഞ മഹാകുംഭമേളയിൽ പഠിക്കാനെത്തിയ ഹാർവാർഡ് സർവകലാശാലാ വിദഗ്ധർ അത്ഭുതം കൂറി മടങ്ങി. എങ്ങനെയാണ് ഇത്രയും വലിയ പുരുഷാരം നിറഞ്ഞ സംഭവം ചിട്ടയോടെ നടത്തപ്പെടുന്നത്. അതിന്റെ മാനേജ്‌മെന്റിലേക്ക് നോക്കിയപ്പോൾ ഹാർവാർഡുകാർക്ക് തല കറങ്ങി. അവിടെ കൂടുന്ന പുരുഷാരം അഥവാ ആൾക്കൂട്ടത്തിൽ എത്തുന്ന വ്യക്തികള്‍ക്കുള്ളില്‍ ആൾക്കൂട്ടമില്ല. അവനവൻറെ ഉള്ളിലേക്ക് ആചാരപരമായി നോക്കിക്കൊണ്ടു എത്തുന്നവരാണ്. അതിനാൽ അവിടെ കാണുന്ന പുരുഷാരം ജനക്കൂട്ടമേ അല്ല. നിശബ്ദതയറിയുന്ന വ്യക്തികൾ മാത്രമാണ് . അതിനാലാണ് ഒരു വ്യക്തി വന്നു പോകുന്നതുപോലെ ഒരു ദിവസം മൂന്നു കോടി ജനങ്ങൾ വരെ വന്ന് സുഖകരമായി ത്രിവേണി സംഗമത്തിൽ മുങ്ങിയിട്ട് പോകുന്നത്.
സാംസ്‌കാരിക പോഷകത്താൽ പ്രതിരോധശേഷി കൂടുന്ന സമൂഹത്തിന് മാത്രമേ ചിരിക്കാനും സ്‌നേഹിക്കാനും അതിനെ ജീവിതമാക്കാനും കഴിയുകയുള്ളു. ഒരുപക്ഷേ ദീപികയും അറിഞ്ഞുകൊണ്ട് ചെയ്യുന്നതാകില്ല. നല്ല ഉദ്ദേശ്യങ്ങളുടെ മുദ്രാവാക്യങ്ങളുമായി എത്തുന്നവർ തന്റെ പേരിൽ സന്നദ്ധ സംഘടന നടത്തുന്നു, അതിന്റെ സാമൂഹ്യമുഖം തനിക്കും ലഭിക്കുന്നു എന്നതുകൊണ്ടുമാകാം ദീപിക ഈ സംരഭത്തിന് നിന്നുകൊടുക്കുന്നുണ്ടാവുക. എന്നിരുന്നാലും ഡോ.പ്രണോയ് റോയിക്ക് ഇതിന്റെ പിന്നിലുള്ള താൽപ്പര്യങ്ങളേയും ശക്തികളേയും അറിയാൻ കഴിയുന്നില്ല എന്നു വിശ്വസിക്കുക പ്രയാസം. ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനും അതുവഴി ചൂഷണത്തിനു വിധേയമാക്കാനുമുള്ള മുഖ്യമാർഗ്ഗം ആ സമൂഹത്തിന്റെ സംസ്‌കാരത്തെ തകർക്കുക എന്നതാണ്. പ്രത്യക്ഷമായി ആ ലക്ഷ്യവുമായി വന്നാൽ ചെറുത്തു നിൽപ്പുണ്ടാകും. എന്നാൽ രക്ഷയ്ക്കാണെന്നു പ്രഖ്യാപിച്ചുകൊണ്ട് രംഗപ്രവേശം ചെയ്താൽ ആലിംഗനോഷ്മളതയോടെ സ്വീകരിക്കും. അവിടെ നശിച്ചു കഴിയുമ്പോൾ മാത്രമേ തിരിച്ചറിയുകയുള്ളു. ആ ഘട്ടത്തിൽ രക്ഷയുമുണ്ടാകില്ല. ഇത്തരത്തിൽ ഉദാത്ത മുദ്രാവാക്യങ്ങളുമായി എത്തുന്ന മിക്ക സന്നദ്ധ സംഘടനകളുടെയും പിന്നിലെ ലക്ഷ്യമിതാണ്. ഇതുകൊണ്ടാണ് ഇവയ്‌ക്കൊക്കെ വിദേശ സഹായങ്ങൾ ലഭിക്കുന്നത്. ഈ സംഘടനയുമായി നടക്കുന്നവർ പോലും ഇതിന്റെ പിന്നിലെ താൽപ്പര്യത്തെ തിരിച്ചറിഞ്ഞെന്നു വരില്ല.