Skip to main content

lissy and priyadarshan

 

സംവിധായകൻ പ്രിയദർശനും ലിസ്സിയും തമ്മിലുള്ള വിവാഹമോചനം  കോടതി വഴി ഔപചാരികമായി. ദീർഘവും ദുർഘടവുമായിരുന്ന ബന്ധത്തിൽ നിന്ന് സ്വതന്ത്രയായെന്നായിരുന്നു ലിസ്സിയുടെ അഭിപ്രായം. പ്രിയദർശൻ ഇതുവരെ അതു സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. നല്ലത്. തങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അത്രയ്ക്കായിരുന്നു എന്ന് ലിസി. വിവാഹമോചനം നേടുന്നവർ എല്ലാം പറയുന്ന കാര്യം ഇതു തന്നെ. അഭിപ്രായവ്യത്യാസങ്ങൾ മൂലം തങ്ങൾ പിരിയുന്നു. ഇത് മാദ്ധ്യമങ്ങൾ ഒരു മറുചോദ്യം പോലുമില്ലാതെ, അല്‍പ്പം പോലും വെള്ളം ചേര്‍ക്കാതെ, വായനക്കാർക്കും കാഴ്ചക്കാർക്കുമായി വിഴുങ്ങാൻ വിടുന്നു. ഇത് വെള്ളം തൊടാതെ വിഴുന്ന പ്രേക്ഷകരും വായനക്കാരും അവരറിയാതെ ചെന്ന് ചാടുന്ന ചതിക്കുഴി വലുതാണ്.

 

അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം പിരിയുന്നതിന് കാരണം എന്നു പറയുന്നത് തങ്ങൾ ബന്ധം പിരിയുന്നതിന്റെ യഥാർഥ കാരണം ഇരുകൂട്ടർക്കും കണ്ടെത്താൻ കഴിയാതെ വരുന്നതു കൊണ്ടാണ്. രണ്ടു വ്യക്തികൾ രണ്ടാകുന്നതു തന്നെ അവർ തമ്മിലുള്ള വ്യത്യാസം കൊണ്ടാണ്. അത് ലോക പ്രകൃതിയാണ്. എത്ര സാദൃശ ഇരട്ടകളാണെങ്കിലും ചെറിയൊരു വ്യത്യാസം പ്രകൃതി അവശേഷിപ്പിച്ചിരിക്കും. ഓരോ വ്യക്തിയും അറിയുന്ന ലോകവും ആ ലോകത്തിലെ അനുഭവവും ലോകത്തിലെ മറ്റൊരു വ്യക്തിയുടേതു പോലെ ആകില്ല. എന്നാൽ വ്യക്തികൾ തമ്മിലുള്ള ആധാരകാരണങ്ങൾ വ്യത്യാസങ്ങളില്ലാതെ ഒന്നു തന്നെ. ആ വ്യത്യാസമില്ലാത്തതിന്റെ മുകളിലാണ് വ്യത്യാസങ്ങൾ മുഴുവൻ. അത് പ്രകൃതി നിയമമാണ്. അതുപോലെ തന്നെ രണ്ടു ലോകത്തിൽ നിന്നു വരുന്ന എന്തിനും അതാതു ലോകങ്ങളുടെ സവിശേഷത കാണും. മറ്റൊരു വ്യക്തിയിലേക്ക് നോക്കുന്ന വ്യക്തി കാണുന്നതു മുഴുവൻ മറ്റൊരു ലോകത്തെ കാഴ്ചകളായിരിക്കും. ആ കാഴ്ചകൾ തന്റെ ലോകക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതു പരസ്പരം രണ്ടു ലോകക്കാഴ്ചകൾ കാണുന്നതു പോലെ കാണുമ്പോൾ കൗതുകമായിരിക്കും. ആ കൗതുകം നഷ്ടമായി തന്റെ ലോകം മാത്രമാണ് യഥാർഥ ലോകം എന്ന ധാരണ ഉറയ്ക്കുമ്പോഴാണ് മറുലോകക്കാർ അലോസരക്കാരായി മാറുന്നത്. അത് ഉൾക്കൊള്ളാൻ വ്യക്തിയുടെ ലോകത്തിന് വിശാലതയുണ്ടാകണം. ലോകത്തിന്റെ സ്വഭാവം തന്നെ പരിമിതിയില്ലാത്ത വിശാലതയാണ്. എന്നാൽ പലരും ഇപ്പറഞ്ഞ തെറ്റിദ്ധാരണയിൽ ലോകത്തെ പരിമിതപ്പെടുത്തുന്നു. അവിടെ ഇടമില്ലാതെ വരുന്നു. ഇടമില്ലാത്തിടത്ത് എങ്ങിനെയാണ് മറ്റൊന്നിനെ ഉൾക്കൊള്ളിക്കുക. അല്ലെങ്കിൽ ആസ്വദിക്കുക. അസാധ്യം. ഇടമില്ലെങ്കിൽ  നിവൃത്തിയില്ല. വല്ലാത തിങ്ങിഞെരുങ്ങുകയാണെങ്കിൽ പുറത്തെറിയുകയേ നിവൃത്തിയുള്ളു. അത് അഭിപ്രായവ്യത്യാസം കൊണ്ടല്ല. മറിച്ച് ലോകം ചുരുങ്ങി ഇടമില്ലാതെ വരുന്നതു കൊണ്ടാണ്. അതറിയാൻ കഴിയുന്നില്ലെന്നു മാത്രം.

 

തനിക്കും തന്റെ പങ്കാളിക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് ഏതെങ്കിലും ദമ്പതിമാർ അവകാശപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഏറ്റവും കാപട്യം നിറഞ്ഞ ദാമ്പത്യത്തിന്റെ മാതൃകകളാണ് മുന്നിലെന്ന്. കാരണം അത് പ്രകൃതി വിരുദ്ധമാണ്. അഭിപ്രായവ്യത്യാസങ്ങൾ യുദ്ധത്തിനു വേണ്ടിയുളളതല്ല. സർഗ്ഗാത്മകതയ്ക്കു വേണ്ടിയാണ് പ്രകൃതി അങ്ങനെ ലോകത്തുള്ള എല്ലാറ്റിനേയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ സസ്യങ്ങളുടെയും ഇലകളും ആൾക്കാർ എല്ലാവരുടെയും മുഖവും ഒരുപോലെയുമായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ബുദ്ധിമുട്ടുകളും അഭംഗിയും ആലോചിക്കാവുന്നതാണ്. ഈ വ്യത്യസ്തകളാണ് എല്ലാ ഭംഗിയുടെയും അടിസ്ഥാനം. മതമൗലികവാദത്തിന്റെയും ഭീകരപ്രവർത്തനത്തിന്റെയുമൊക്കെ മൂലകാരണം ഈ അറിവിന്‍റെ ഇല്ലായ്മയാണ്.

 

ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായങ്ങളിലെ വ്യത്യസ്തതകളാണ് അവരുടെ ബന്ധത്തിന്റെ ഭംഗിയെ നിലനിർത്തുന്നത്. പക്ഷേ, വ്യത്യസ്തതകളെ സമൂഹത്തിന്റെ അബോധഗതിയുടെ ഫലമായി ഭിന്നതയുമായി ചേർത്തു വയ്ക്കുന്നു. അതിനാൽ ഭിന്നത സംഘട്ടനത്തിലേക്കു നയിക്കുന്നു. ആ സംഘട്ടനമാണ് ഒടുവിൽ എല്ലാ ബന്ധങ്ങളുടെയും പിരിയലിൽ കലാശിക്കുന്നത്. അവിടെയാണ് മനുഷ്യന് സൗന്ദര്യം ആസ്വദിക്കാനുള്ള ശേഷി അനിവാര്യമാണെന്ന് പറയുന്നത്. കാരണം തനിക്ക് പരിചയമില്ലാത്തവ കാണുമ്പോൾ അതിൽ കൗതുകത്തോടെ നോക്കാനും കാണാനും അവയുടെ വ്യത്യസ്തത മനസ്സിലാക്കാനുമുള്ള ശേഷിയാണ് സൗന്ദര്യബോധം മനുഷ്യന് സമ്മാനിക്കുന്നത്. എന്നാൽ വ്യത്യസ്തതയുടെ കാര്യത്തിലെന്ന പോലെ സൗന്ദര്യത്തിന്റെ കാര്യത്തിലും സമൂഹം ചില വാർപ്പ് മാതൃകകൾ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ചാണ് എല്ലാത്തിനേയും കാണുന്നത്.

 

ഒരു വ്യക്തി ജനിച്ച് മരിക്കുന്നതു വരെ, അത  എത്ര കൊല്ലമായാലും ഓരോ നിമിഷവും കാണുന്നത് പുതിയ ഭാവങ്ങളാണ്. പുതിയ കാഴ്ചകളാണ്. ഓരോ ഇമവെട്ടലിലും. ഓരോ നിമിഷത്തിലേയും പുതിയ കാഴ്ചകളെ ഉൾക്കൊള്ളാനുള്ള ബാൻഡ് വിഡ്ത്ത് മനുഷ്യനുണ്ട്. പക്ഷേ, ആ ബോധം ഇല്ലാത്തതിനാൽ എല്ലാം കണ്ട കാഴ്ചകളാണെന്ന ധാരണയിൽ ഒന്നും പുതുതായി കാണാൻ കഴിയാതെ വരുന്നു. കണ്ടത് വീണ്ടും അതേപടി കണ്ടാൽ മടുക്കും. അതും മനുഷ്യന് പ്രകൃതി നൽകിയിട്ടുള്ള വെല്ലുവിളിയാണ്, മനുഷ്യനിൽ നിന്നും പരമാവധി പുതുമകൾ സൃഷ്ടിച്ചെടുക്കുന്നതിനായി. മടുപ്പുകൾ വിരസതയിലേക്കു കൊണ്ടുപോകും. ആ വിരസത ഒഴിവാക്കുന്നതിനു പലരും പല ഉപാധികൾ തങ്ങൾക്കറിയാവുന്ന രീതിയിൽ സ്വീകരിക്കും. ബാൻഡ് വിഡ്ത്ത് കുറഞ്ഞ അവസ്ഥയാണ് അതിന് കാരണം. പുതുമ സംഭവിക്കുമ്പോൾ മാത്രമേ ബാൻവിഡ്ത്ത് കൂടുകയുള്ളു. അതാണ് ബാൻഡ് വിഡ്ത്ത് വർധനയുടെ മറ്റൊരു സൂത്രം.

 

സമ്പത്തുകൊണ്ട് നേടാവുന്നതെല്ലാം ആസ്വദിക്കാവുന്ന ദമ്പതിമാരായിരുന്നു പ്രിയനും ലിസ്സിയും. ലോകത്തിലെ വിലകൂടിയ കാറുകളിലൊന്ന്‍ ലിസ്സിക്ക്  പ്രിയൻ സമ്മാനിച്ചതിനെക്കുറിച്ചൊക്കെ അധികം പഴയതല്ലാത്ത ഭൂതകാലത്തിൽ നാം കേട്ടതാണ്. അഭിപ്രായവും വ്യത്യാസവും ഭൗതികമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ഉണ്ടാകാൻ കഴിയുകയുള്ളു. കാരണം അഭിപ്രായത്തിൽ മൂന്നു ഘടകങ്ങൾ അനിവാര്യമാണ്. അഭിപ്രായം പറയുന്ന വ്യക്തി, ആ വ്യക്തി ബാഹ്യമായി കണ്ടതിനെ വിശകലനം ചെയ്യുന്ന പ്രക്രിയ, ബാഹ്യമായ കാഴ്ചയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഇവയുടെ ചേരും ചേരായ്കകളെ ആധാരമാക്കിയാണ് ഏതഭിപ്രായവും ഉണ്ടാവുക. ഓരോ വ്യക്തിയും ആ വ്യക്തിയുടെ ലോകത്തിൽ നിന്നാകും ആ ബാഹ്യക്കാഴ്ചകളെ കാണുക. ഒരേ സംഗതി രണ്ടു വീക്ഷണത്തിൽ കാണപ്പെടുന്ന കാഴ്ച. ഇത്തരം കാഴ്ചകളല്ല, പ്രണയകാലത്ത് ലിസ്സിയേയും പ്രിയനേയും ഒന്നിപ്പിക്കാൻ കാരണമായത്. അത് പ്രണയമായിരുന്നു.

 

പ്രണയത്തിന്റെ വ്യാപ്തി വലുതാണ്. അത് വെറും സ്ത്രീപുരുഷ ആകർഷണത്തിനപ്പുറമാണ്. രണ്ടു പേർ പ്രകർഷേണ ലയിച്ച് ഒന്നായിത്തീരുന്നതിനെയാണ് പ്രണയം കൊണ്ടുദ്ദേശിക്കുന്നത്. ആ സാധ്യതയുടെ മിന്നലാട്ടം മാത്രമാണ് ആദ്യഘട്ടത്തിലുണ്ടാകുന്ന ആകർഷണം. പക്ഷേ പല സന്ദർഭങ്ങളിലും വിവാഹത്തോടെ പ്രണയം അവസാനിക്കുന്നു എന്ന ബോധത്തിൽ മനുഷ്യർ കുരുങ്ങിപ്പോകുന്നു. പുതിയ കാഴ്ചകൾ കാണാതെ വരുന്നു. ബാൻഡ് വിഡ്ത്ത് കുറയുന്നു. ഞെരുങ്ങിയ ബാൻഡ് വിഡ്ത്തിൽ ഇടമില്ലാതെ വരുമ്പോൾ ഞെങ്ങിയും ഞെരുങ്ങിയും ബഫർ ചെയ്യപ്പെട്ട് മിക്ക ദാമ്പത്യങ്ങളും നീങ്ങുന്നു. ചിലത് ബഫറ് ചെയ്തുകൊണ്ടേയിരിക്കും. ഓപ്പണാവുകയേ ഇല്ല. മറ്റ് ചിലത് ബഫറ് പോലും തുടങ്ങാതെ സ്റ്റക്കായിരിക്കും. അതാണ് വിവാഹമോചനത്തിലേക്കു നീങ്ങുന്നത്. അതിന്റെ കാരണം അഭിപ്രായവ്യത്യാസങ്ങളല്ല. മറിച്ച് വ്യക്തികളിൽ സംഭവിക്കുന്ന ഇടമില്ലായ്മയാണ്. ലിസ്സിയിലും പ്രിയനിലും സംഭവിച്ചതും ഈ ഇടമില്ലായ്മയാണ്. ഇത് പ്രിയനിലും ലിസ്സിയിലും മാത്രമുള്ള പ്രതിഭാസമല്ല. ഒട്ടുമിക്കവരും ഈ ഇടമില്ലായ്മയുടെ എരിപിരി അനുഭവിക്കുന്നു. അത് വിവാഹമെന്ന പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവമാണെന്ന് ധരിച്ച് ചിലർ മുന്നോട്ടു പോകുന്നു. മറ്റ് ചിലരാകട്ടെ അതിൽ നിന്ന് പുറത്തു ചാടിയാൽ സുഖം കിട്ടുമെന്നു കരുതുന്നു.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Ad Image