Skip to main content

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമനം. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സി.പി നായര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. ഇരുവര്‍ക്കും ചീഫ് സെക്രട്ടറിയുടെ പദവിയായിരിക്കും.

 

പ്രവര്‍ത്തനം സംബന്ധിച്ച് കമ്മീഷന്‍ നേരിട്ട് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള് നടത്തുക, ശുപാര്‍ശകള് നല്കുക എന്നിവയാണ് കമ്മീഷന്റെ ഉദ്ദേശലക്ഷ്യങ്ങള്. സംസ്ഥാനത്തെ നാലാമത്തെ ഭരണ പരിഷ്കരണ കമ്മീഷനാണിത്.

 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഖ്യ പ്രചാരകന്‍ ആയിരുന്ന വി.എസിന് സര്‍ക്കാരില്‍ ഉചിതമായ സ്ഥാനം നല്‍കണമെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

 

നിയമസഭാംഗങ്ങള്‍ക്ക് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആകുന്നതിന് ഇരട്ടപ്പദവി നിരോധന വ്യവസ്ഥ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നുള്ള നിയമാസഭാംഗമായ വി.എസിന് പദവി ഏറ്റെടുക്കുന്നത് വഴി നിയമസഭാംഗത്വം റദ്ദ് ചെയ്യപ്പെടാതെ ഇരിക്കാന്‍ ഇത് സഹായിക്കും.