ആംഗലേയ ഭാഷ ഇന്നും മലയാളിയുടെ മുഖ്യമായ ഒരു വിഷയം തന്നെയാണ്. പ്രൊഫഷണൽ രംഗത്തുള്ള വിദഗ്ധർ മുതൽ ഏറ്റവും താഴെ തട്ടിൽ വരെ ജോലി ചെയ്യുന്നവരും അവസരങ്ങൾ തേടുന്നവരും നേരിടുന്ന പ്രശ്നം. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം പ്രചാരത്തിലായതിനെ തുടർന്ന് സെയിൽസിന്റെ രംഗത്തും മറ്റും അത്യാവശ്യം ഇംഗ്ലീഷ് ഭാഷ ഭാഷണത്തിനു വശമുള്ള ചെറിയ വിഭാഗം തലമുറ ഉയർന്നു വരുന്നതിന്റെ തോത് വർധിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിറങ്ങുന്നവർക്കു പോലും നന്നായി സംസാരിക്കാൻ കഴിയാതെ വരുന്നുവെന്നുള്ളതും യാഥാർഥ്യമാണ്. കോളേജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സമർഥമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവർക്കു പോലും ആ ഭാഷ ഭാഷണത്തിനുപയോഗിക്കാൻ വഴങ്ങാതിരിക്കുന്നതും വിരളമല്ല.
വർത്തനമാന കാലത്തിൽ ഇംഗ്ലീഷ് ഭാഷ ബന്ധഭാഷ എന്ന നിലയിൽ അനിവാര്യമാണ്. ഭാഷകൾ എല്ലാം തന്നെ വൻ തോതിൽ പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലവുമാണിത്. അത് നല്ല സൂചനയാണ്. മലയാളവും വൻ പരിണാമത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളോ പരിപാടികളോ ഒന്നുമല്ല. ഗൂഗിളാണ് അതിനു കാരണം. മലയാളം കീബോര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവർക്ക്, എന്നാൽ മാതൃഭാഷ മലയാളമായിട്ടുള്ളവർക്ക് വേണമെങ്കിൽ ലേഖനങ്ങൾ പോലുമെഴുതാവുന്ന വിധത്തിൽ ഗൂഗിളിന്റെ ട്രാൻസ്ലിറ്ററേറ്റർ ഉള്ളതാണ് അത് സാധ്യമാക്കുന്നത്.
ഭാഷ വെറും ആശയമവിനിമയത്തിനു മാത്രമുള്ള കാര്യമല്ല. ആശയവിനിമയത്തിന് സംസാര ഭാഷ വേണമെന്നു തന്നെ നിർബന്ധമില്ല. എന്നാൽ വ്യക്തിയുടേയും സമൂഹത്തിന്റെയും രാജ്യത്തിന്റേയും ഗതി മുന്നോട്ടു പോകേണ്ടതാണെങ്കിൽ ഭാഷയെ അറിയേണ്ടത് അത്യാവശ്യമാണ്. കാരണം തദ്ദേശീയമായതും സാർവ്വദേശീയമായതുമായി മനുഷ്യരാശി കണ്ടെത്തിയിട്ടുള്ള മുഴുവൻ ജ്ഞാനവും വിജ്ഞാനവും ഭാഷയ്ക്കുള്ളിൽ നിക്ഷിപ്തമായി കിടപ്പുണ്ട്. എന്തും വ്യക്തിയുടേയും സമൂഹത്തിന്റേയും വികസനത്തിന് വേണ്ടിയാകണം. അല്ലാതെയുള്ളതെന്തും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ദോഷമുണ്ടാക്കുകയും ചെയ്യും. ആ ദോഷങ്ങളാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ഇതിന് പരിഹാരം അന്ധമായ ഭാഷാസ്നേഹവുമല്ല. അതു പോലും ഭാഷയുടെ പ്രസക്തിയെ ഒന്നുകൂടി നശിപ്പിക്കുന്നതിനേ സഹായിക്കുകയുള്ളു.
വാഴനാര്. ഈ വാക്ക് സി.ബി.എസ്.സി പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയോട് ബോധപൂർവ്വം ചോദിച്ചു. ആ കുട്ടിക്ക് വാഴയറിയാം. അത് വീട്ടു വളപ്പിൽ നിൽപ്പുണ്ട്. വാഴപ്പഴവും അറിയാമത്രെ. എന്നാൽ വാഴനാര് ആദ്യമായി കേൾക്കുന്നു. എന്തങ്കിലും വാഴയിലയിൽ പൊതിഞ്ഞിട്ട് ഒന്നു കെട്ടണമെങ്കിൽ , ഉദാഹരണത്തിന് പൊതിച്ചോറിനുള്ളിൽ വയക്കുന്ന അവിയോലോ തോരനോ, എന്തു ചെയ്യുമെന്ന് ഈ കുട്ടിയുടെയടുത്ത് ചോദിച്ചപ്പോൾ അത് റബ്ബർ ബാൻഡിട്ട് കെട്ടും. അല്ലെങ്കിൽ നൂലുകൊണ്ട് കെട്ടും എന്നായിരുന്നു മറുപടി. വാഴയില തൂശനിലയാണ് ചോറ് പൊതിയാൻ എടുക്കുന്നതെങ്കിൽ അത് വാട്ടിയിട്ട് നന്നായി മടങ്ങിക്കിട്ടാൻ വേണ്ടി അതിന്റെ പിന്നിലെ നടുവിലെ നട്ടെല്ലു പോലുള്ള ഭാഗം കുറച്ച് കീറിയെടുക്കും. ആ കീറിയെടുക്കുന്ന ഭാഗം വാടിയതിനാൽ ഉഗ്രനും പിടിച്ചാൽ പൊട്ടാത്തതുമായ വള്ളിയായിരിക്കും. അതുകൊണ്ട് കറി കെട്ടിയിട്ട് ചോറിനുള്ളിൽ തന്നെ പൂഴ്തി വയ്ക്കാം. അപ്പോൾ അത് ഭദ്രമായിരിക്കുകും. റബർ ബാൻഡോ നൂലോ കൊണ്ട് കെട്ടിയാൽ അത് ചോറിനുള്ളിൽ വയ്ക്കാൻ പറ്റില്ല. പുറത്തേ വയ്ക്കാൻ പറ്റു. അത് അസൗകര്യവുമാണ്. വിശേഷിച്ചും ഒറ്റപ്പൊതിയായി പൊതിയുമ്പോൾ.
ഈ ഉദാഹരണത്തിൽ നിന്ന് ഗ്രാമം മുതൽ രാജ്യത്തിന്റെ വരെ വികസന വീക്ഷണം രൂപപ്പെടുത്തിയെടുക്കാൻ കഴിയും. കറിക്കൂട്ട് കെട്ടുന്നതിന് റബർ ബാൻഡോ നൂലോ തേടുന്ന പക്ഷം അത് വളരെ സർഗ്ഗാത്മകവും ജൈവവുമായി ചെലവൊട്ടുമില്ലാതെ ചെയ്യാൻ കഴിയുന്ന കാര്യത്തിന് വിപണിയെ ആശ്രയിക്കുകയാണ്. ആ സ്വഭാവത്തിലൂടെ അതിന്റെ വിപണിസാധ്യത വർധിക്കുന്നു. മാത്രവുമല്ല, ഇല നന്നായി മടക്കുന്നതിനാണ് ഇലയുടെ നടുവ് ചീന്തുന്നത്. അപ്പോൾ വേസ്റ്റ് ആകുമായിരുന്ന ഒന്നിനേയും ഉപയോഗിക്കുന്നു, സൗകര്യങ്ങൾ വർധിക്കുന്നു. ഊണ് കഴിഞ്ഞ് ഇലയും എച്ചിലും കളയുമ്പോൾ ഈ വാഴനാരും ഒപ്പം ചേർന്ന് അവ അഴുകുന്നതിനൊപ്പം അഴുകി വളമാകുന്നു. മറിച്ച് റബ്ബർ ബാൻഡാണെങ്കിൽ അത് പ്രകൃതിയിൽ പ്ലാസ്റ്റിക് മാലിന്യമായി മാറുന്നു. അതുണ്ടാക്കുന്ന പ്രശ്നങ്ങൾ മലയാളിക്ക് അറിയാവുന്നതുപോലെ ആർക്കുമറിയാൻ സാധ്യതയില്ല.
പരിസരത്തിലേക്ക് ചെറുതിലേ നോക്കിക്കാനും ഇടപഴകാനും സഹായിക്കുന്നതായിരിക്കണം വിദ്യാഭ്യാസ രീതി. വാഴനാര് ഉണക്കി എന്തെങ്കിലും കൗതുക സംഗതികൾ ഉണ്ടാക്കുന്ന ചെറിയ ഒരു ഗൃഹപാഠം കുഞ്ഞുന്നാളിൽ കുട്ടികൾക്ക് നൽകുകയാണെങ്കിൽ അവർ കൗതുകപൂർവ്വം ചെയ്യുകയും അതിന്റെ പ്രയോഗം മനസ്സിലാക്കുകയും അതിന്റെ പേര് അനായാസമായ രീതിയിൽ അറിയുകയും ചെയ്യും. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വസ്തുക്കൾ കൊണ്ട് ഓരോന്നും നിർമ്മിക്കാനുള്ള ഗൃഹപാഠങ്ങൾ കൊടുക്കുമ്പോൾ അത് ലഭ്യമാകുന്ന കടകളുടെ വിലാസവും ഇപ്പോൾ സ്കൂളിൽ നിന്നു കൊടുക്കാറുണ്ട്. രക്ഷകർത്താക്കൾ എത്ര ബുദ്ധിമുട്ടിയും അവ സമ്പാദിച്ചു കുട്ടികൾക്കു നൽകി അവരെക്കൊണ്ട് പ്രോജക്ട് ചെയ്യിച്ച് കൊടുത്തുവിടീക്കുന്നുണ്ട്. അവിടെ വിദ്യാലയങ്ങളിലൂടെ, കുട്ടികളിലൂടെ നിക്ഷിപ്ത താൽപ്പര്യ വിപണി, വിപണി വിപുലീകരണം വളരെ വിദഗ്ധമായി നടത്തുകയാണ്. അതിന് വിദ്യാഭ്യാസത്തെയാണ് ഉപയോഗിക്കുന്നത്.
വാഴനാരുമായി ഇടപഴകാതെ ഭാഷാപ്രേമത്തിന്റെ പേരിൽ വാഴനാര് കാണാതെ പഠിച്ച് ആർക്കും ഭാഷയെ നിലനിർത്താൻ പറ്റില്ല. ഇവിടെയാണ് ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഉയർന്ന പഠനപദ്ധതിയും പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടത്. വിശേഷിച്ചും ബിരുദാനന്ദര ബിരുദ, ഗവേഷണ പദ്ധതികൾ. ഇപ്പോൾ കുറച്ച് ഷേക്സ്പിയറും വേഡ്സ്വർത്തും മറ്റ് കാൽപ്പനിക കവികളുടെ കവിതകളുമൊക്കെ പഠിച്ചു പോരുന്ന പ്രക്രിയയാണ് വ്യവസ്ഥാപിതമായി നടക്കുന്നത്. പുതുതായി ആവിഷ്കരിച്ചിട്ടുള്ള ഉദ്യോഗസാധ്യതാ ബിരുദാനന്തര ബിരുദ കോഴ്‌സുകളെ ഈ ഗണത്തിൽ പെടുത്തുന്നില്ല. ഭാഷ ഉപയോഗിക്കാൻ പഠിച്ചാൽ പിന്നീട് വേണ്ടത് വ്യക്തിയിൽ ആന്തരികമായുണ്ടാവേണ്ട വികാസ പരിമാണമാണ്. അതിന് വെറും ഷേക്സ്പിയര്‍ നാടക പഠനം മാത്രം മതിയാകില്ല. ഷേക്സ്പിയര്‍ പഠനം ഇംഗ്ലീഷ് ഉപരിപഠന പ്രക്രിയയിൽ അനിവാര്യമാണ്. കാരണം അവ മാനവ പരിണാമത്തിന് ഗുണകരമായി സഹായിക്കുന്നതാണ്. എന്നാൽ പല വിദഗ്ധ അധ്യാപകരും അവയിൽ രതി അനുഭവിക്കുന്ന തലത്തിലേക്ക് വൈദഗ്ധ്യം നേടുന്നതിലപ്പുറം വർത്തമാനകാലവുമായി അവയെ ബന്ധിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിട്ടുള്ളതിന്റെ ചരിത്രമാണ് നമ്മുടെ മുൻപിലുള്ളത്. അതുപോലും നാമനുഭവിച്ച് കോളണിവാഴ്ച അവശേഷിപ്പിച്ച മനോനിലയുടെ തുടർച്ചയാണ്.
പരസ്പരമായ ഇടപഴകലിലൂടെ ഭാഷയുമായി അടുക്കുന്നതു പോലെ ഭാഷാ പ്രയോഗത്തിലൂടെ വസ്തുവകകളെ പരിചയമാകുന്നത്, പരിസരവുമായി ബന്ധപ്പെടാനുള്ള അനായാസ തൃഷ്ണയും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കും. മുതിർന്നവരിൽ പോലും. കണ്ണൂർ സർവ്വകലാശാലാ തലശ്ശേരി സെന്ററിലെ ഇംഗ്ലീഷ് വിഭാഗം മേധവി ഡോ.എസ്. ജോഷ് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. അദ്ദേഹം തന്റെ ഡിപ്പാർട്ട്‌മെന്റിൽ എം.ഫിൽ കോഴ്‌സിന് പ്രവേശനം തേടി അഭിമുഖത്തിനു വരുന്നവരോട് ഷേക്‌സ്പിയറുടെ കൃതികളെക്കുറിച്ച് അധികം ചോദിക്കാറില്ലത്രെ. എന്തെങ്കിലും ആ കാര്യങ്ങൾ അറിയാതെ എം.എ കഴിയാൻ പറ്റില്ല. മുഖ്യമായും ചോദിക്കുന്നത് മലയാളത്തെ കുറിച്ചായിരിക്കും. പ്രാഥമികമായ മലയാളജ്ഞാനം ഉണ്ടോ എന്നളക്കലാണ് തന്റെ അഭിമുഖത്തിൽ ചെയ്യുന്നതെന്ന് ജോഷ് പറയുന്നു. നല്ല മാർക്കുണ്ടായിട്ടും പ്രവേശനം നൽകാതിരുന്ന ഒരു കുട്ടിയുടെ കാര്യവും അദ്ദേഹം പറയുകയുണ്ടായി. ആ കുട്ടിക്ക് മലയാളം കഷ്ടിമുഷ്ടിയേ അറിയുകയുള്ളുവത്രെ. അതിനു കാരണമായി പറയുന്നത് ആ കുട്ടി ജനിച്ചതും വളർന്നതും കേരളത്തിനു പുറത്തായിരുന്നുവത്രെ. ആ കുട്ടിയുടെ അച്ഛനമ്മമാർ മലയാളികളാണ്. എന്നിട്ടും മലയാളം കഷ്ടിമുഷ്ടിയാണെങ്കിൽ ഭാഷ എത്ര പഠിച്ചിട്ടും ചുറ്റുപാടുകളുമായി സംവദിക്കാനോ ക്രിയാത്മകമായി ഇടപെടാനോ ആ കുട്ടിക്ക് കഴിയില്ല. മാത്രമല്ല ഏത് രംഗത്തു പോയാലും ആ വിദ്യാർഥി അവിടെ മറ്റുള്ളവർക്ക് ഭാരവുമായിരിക്കും. അതേസമയം ചുറ്റുപാടുകളുമായി ഇണങ്ങിനിൽക്കുന്ന, താൽപ്പര്യമുള്ള ഒരു വിദ്യാർഥിക്ക് ആ അവസരം നൽകുകയാണെങ്കിൽ സമൂഹത്തിനും രാജ്യത്തിനും അത് ഗുണകരമാകുകയും ചെയ്യും എന്നതാണ് തന്നെ ആ നിലപാടിൽ ഉറച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നും ജോഷ് പറയുന്നു.
രാജ്യത്തെ, കേരളത്തിലെ വിശേഷിച്ചും, ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസ രീതിയിൽ ഈ ദിശയിലുള്ള കാതലായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അത് പഠനത്തെ കൂടുതൽ ആസ്വാദന തലത്തിലേക്ക് ഉയർത്തുകയും ചെയ്യും. ആസ്വാദന തലത്തിലേക്ക് ഏത് പഠനം ഉയരുന്നുവോ അതിനുസരിച്ച് അതിന്റെ സർഗ്ഗാത്മകത വർധിക്കും. അതാണ് എന്തിന്റെയും സൃഷ്ടിപരതയിൽ നിർണ്ണായകമാകുന്നത്. അങ്ങനെ പഠിച്ചിറങ്ങുന്ന ഇംഗ്ലീഷ് അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാർഥികൾ സമൂഹത്തിനു മുതൽക്കൂട്ടുമായിരിക്കും. മലയാളത്തിലെ പ്രമുഖരായ കവികളിൽ പലരും പ്രസിദ്ധരായ ഇംഗ്ലീഷ് അദ്ധ്യാപകരാണെന്നുള്ളതും ഒപ്പം ഓർക്കാവുന്നതാണ്.
കാഴ്ചപ്പാടിലെ തെളിച്ചവും അതനുസരിച്ച് കർമ്മ പദ്ധതികൾക്ക് ദിശാനിർണ്ണയവും നടത്താൻ കെൽപ്പുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇവ്വിധം പഠനരീതികൾ ക്രമപ്പെടുത്താൻ അവശ്യമായ ഘടകം. ഇപ്പോൾ സംഭവിക്കുന്നത് തങ്ങൾക്ക് ഇതൊന്നുമറിഞ്ഞുകൂടാ, പകരം വിദഗ്ധരെ ഏൽപ്പിക്കുന്നു എന്നുപറഞ്ഞ് തങ്ങളുമായി സൗഹൃദം പുലർത്തുന്ന ചിലരെ സൗഹൃദത്തിന്റെ മാനദണ്ഡത്തിൽ തെരഞ്ഞെടുത്ത് വിദഗ്ധസമിതിയുണ്ടാക്കുന്നു. ആ സമിതി കൊടുക്കുന്ന നിർദ്ദേശങ്ങൾ ഇതുവരെ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും സൃഷ്ടിപരമായി മാറിയതായി കണ്ടിട്ടില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ചില അത്ഭുതങ്ങൾ ഉണ്ടാകുന്നതൊഴിച്ചാൽ. അത് അല്ലെങ്കിലും സംഭവിക്കുന്ന പ്രതിഭാസവുമാണ്.