ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മഖ്ദൂം അമിന്‍ ഫാഹിം പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)യുടെ സ്ഥാനാര്‍ഥിയാകും. ദേശീയ അസംബ്ലിയില്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) (പി.എം.എല്‍-എന്‍) നേതാവ് നവാസ് ഷെരീഫിന് എതിരെയാണ് ഫാഹിം മത്സരിക്കുക.
പാകിസ്താന്റെ ചരിത്രത്തിലാദ്യമായി മൂന്നാം വട്ടം പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഷെരീഫിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള നിര്‍ദ്ദേശം പി.പി.പി നിരസിക്കുകയായിരുന്നു. 342 അംഗ ദേശീയ അസംബ്ലിയില്‍ പി.എം.എല്‍-എന്നിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഔപചാരികം മാത്രമായിരിക്കും.
2008-ല്‍ പി.പി.പി നേതാവ് യൂസഫ് റാസ ഗിലാനി എതിരില്ലാതെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഇമ്രാന് ഖാന്റെ പാകിസ്താന് തെഹരീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ)പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന കടുത്ത വെല്ലുവിളിയാണ് പി.എം.എല്‍-എന്നിനെതിരെ കടുത്ത നിലപാടെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. പി.ടി.ഐ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.