Skip to main content
ന്യൂഡല്‍ഹി

vs achuthanandanപാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച നിരാകരിച്ചു. അതേസമയം, ബന്ധപ്പെട്ട രേഖകള്‍ വി.എസിന് വിചാരണക്കോടതിയുടെ മുന്നില്‍ സമര്‍പ്പിക്കാമെന്നും വി.എസിനെതിരെയുള്ള സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കാതെ വിചാരണക്കോടതി തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

 

1991-ലെ യു.ഡി.എഫ് സര്‍ക്കാര്‍ പാമോലിന്‍ എണ്ണ ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് നഷ്ടം വന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ അന്ന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. സംഭവം നടക്കുമ്പോള്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.

 

രാഷ്ട്രീയ ലാഭത്തിന് വേണ്ടി അച്യുതാനന്ദന്‍ കേസ് വലിച്ചുനീട്ടുകയാണെന്ന ആരോപണം കഴമ്പില്ലാത്തതല്ലെന്ന് തങ്ങള്‍ കരുതുന്നതായി കേസ് തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, എ.കെ ഗോയല്‍ എന്നിവരടങ്ങിയ ബഞ്ച് വീണ്ടും ആവര്‍ത്തിച്ചു. നേരത്തെ, രേഖകള്‍ സമര്‍പ്പിക്കാന്‍ വി.എസ് സമയം ചോദിച്ചപ്പോള്‍ സുപ്രീം കോടതി സമാന പരാമര്‍ശം നടത്തുകയും വി.എസ് അതില്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

 

ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിന്റെ സാധുത തങ്ങള്‍ പരിശോധിക്കുന്നില്ലെന്നും കുറ്റം ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകള്‍ മുന്നില്‍ വന്നാല്‍ വിചാരണക്കോടതി നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ബഞ്ച് പറഞ്ഞു. ഇങ്ങനെയുള്ള തെളിവുകള്‍ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് അച്യുതാനന്ദനോട്‌ കോടതി പറഞ്ഞു.  

 

1991 ഒക്ടോബറിനും 1992 ഏപ്രിലിനും ഇടയില്‍ മലേഷ്യയിലെ ഒരു കമ്പനിയില്‍ നിന്ന്‍ കൂടിയ വിലയ്ക്ക് പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 2.33 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന സി.എ.ജി കണ്ടെത്തലിന് പിന്നാലെയാണ് ഇടപാടില്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്.