Skip to main content
തിരുവനന്തപുരം

mohanlalദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ പരിപാടികളുടെ നടത്തിപ്പിനായി മോഹന്‍ ലാലിന് നല്‍കിയ പണം തിരിച്ച് വാങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പണം തിരിച്ചുവാങ്ങുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം, പരിപാടിയ്ക്ക് ലഭിച്ച 1.63 കോടി രൂപ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതനുസരിച്ച് മോഹന്‍ ലാല്‍ തിരിച്ചയച്ചിട്ടുണ്ട്. സ്പീഡ് പോസ്റ്റ്‌ മുഖേനയാണ് 1,​63,​ ​776,​00 രൂപയുടെ ചെക്ക് ഗെയിംസ് സി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് മോഹൻലാൽ തിരിച്ചയച്ചത്.

 

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ആദ്യം ആലോചിച്ചിരുന്ന പരിപാടിയ്ക്ക് ചിലവേറുമെന്നതിനാലാണ് മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലാലിസം എന്ന സംഗീത ട്രൂപ്പിന് പരിപാടി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ തന്നെ സമയം കുറവാണെന്ന കാര്യം മോഹന്‍ ലാല്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു പരിപാടിയുടെ പേരില്‍ മോഹന്‍ ലാല്‍ നേരിട്ട ബുദ്ധിമുട്ടില്‍ സര്‍ക്കാറിന് ഖേദമുണ്ടെന്നും ഇത് ലാലിനെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

 

ദേശീയ ഗെയിംസിന്റെ സംഘാടനത്തില്‍ പിഴവുകള്‍ ഉണ്ടായെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പരാമര്‍ശത്തില്‍ പ്രശ്നമില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയതായും തങ്ങള്‍ക്കും ബോധ്യമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഗെയിംസിന്റെ നടത്തിപ്പില്‍  തൃപ്തനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.