ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വന്‍ റാലി നടത്തി. തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് നിയമസഭ പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം രാഷ്ട്രപതിയ്ക്ക് നല്‍കാത്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു. ബി.ജെ.പി നിര്‍ദ്ദേശമനുസരിച്ചാണ് ജങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാതെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന്‍ ഒഴിഞ്ഞുമാറിയുള്ള ഭരണമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‍ കേജ്രിവാള്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കേജ്രിവാള്‍ പ്രകടിപ്പിച്ചു.
ഫെബ്രുവരിയില്‍ കേജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് മാസമായി ഡല്‍ഹി രാഷ്‌ട്രപതി ഭരണത്തിലാണ്. എന്നാല്‍, നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ദേശീയ തലസ്ഥാന പ്രദേശത്തെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വൈകാതെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി എ.എ.പി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.എ.പി 28 സീറ്റുകളില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കേജ്രിവാള്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും എ.എ.പി കൊണ്ടുവന്ന ജനലോക്പാല്‍ ബില്ലിന് പിന്തുണ നല്‍കിയില്ലെന്ന കാരണത്താല്‍ രാജിവെക്കുകയായിരുന്നു.
31 സീറ്റുകളും സഖ്യകക്ഷി അകാലിദളിന്റെ ഒരു എം.എല്‍.എയുടെ പിന്തുണയുമുള്ള ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ എ.എ.പി ആരോപിച്ചിരുന്നു.