Skip to main content

റോം: രണ്ട് മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇറ്റലിയില്‍ പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റു. മധ്യ-ഇടതു കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എന്റിക്കോ ലെറ്റ ഞായറാഴ്ച പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോര്‍ജിയോ നപ്പോളിറ്റാനോക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ആസ്ഥാനത്തിന് പുറത്ത് പോലീസുകാര്‍ക്ക് നേരെ തൊഴില്‍രഹിതനായ യുവാവ് വെടിയുതിര്‍ത്തത് ചടങ്ങുകള്‍ക്ക് മേല്‍ കരിനിഴലായി.

 

46കാരനായ ലെറ്റയുടെ പാര്‍ട്ടി ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയുമായി എത്തിച്ചേര്‍ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലവില്‍ വന്നത്.

 

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് ലെറ്റ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകക്കാലയളവിലെ ഏറ്റവും രൂക്ഷമായ മാന്ദ്യം നേരിടുന്ന ഇറ്റലിയില്‍ 11.6 ശതമാനമാണ് തൊഴിലില്ലായ്മ. മുന്‍ഗാമി മരിയോ മോണ്ടിയുടെ സാമ്പത്തിക അച്ചടക്ക നടപടികള്‍ തുടരില്ലെന്നും ലെറ്റ അറിയിച്ചു.

Tags