പ്രധാനമന്ത്രിക്ക് തലവേദനയായി മറ്റൊരു പുസ്തകം പുറത്തിറങ്ങി. പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി പി.സി പരഖിന്റെ പുസ്തകം . "ക്രൂസേഡർ ഓര് കോണ്സ്പിററ്റർ? കാള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രുത്ത്" പുറത്തിറങ്ങി. കൽക്കരിപ്പാടം അഴിമതിക്കേസിൽ ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെ ശക്തമായ വിമർശനങ്ങളാണ് പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തില്‍ കൽക്കരിപ്പാടം അഴിമതി അടക്കമുള്ള പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സഞ്ജയ് ബാരുവിന്റെ "ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മെയ്ക്കിംഗ് ആന്റ് അണ്‍മെയ്ക്കിംഗ് ഓഫ് മന്മോഹന് സിങ്ങ്" പുസ്തകം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. സോണിയാ ഗാന്ധി തീര്‍പ്പാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഫയലുകള്‍ പ്രധാനമന്ത്രി കണ്ടിരുന്നതെന്ന് സഞ്ജയ് ബാരു ഈ പുസ്തകത്തില്‍ ആരോപിച്ചു. സോണിയയുടേയും അനുയായികളുടേയും സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യക്ഷമമല്ലെന്ന് തോന്നലുണ്ടാക്കിയിരുന്നുവെന്നും സഞ്ജയ് ബാരു ആരോപിക്കുകയുണ്ടായി. ഈ വെളിപ്പെടുത്തലുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പി.സി പരേഖിന്റെ പുസ്തകത്തില്‍ മൻമോഹൻ സിംങ്ങിന് തന്റെ സ്വന്തം വകുപ്പുകളിൽ പോലും സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കൽക്കരിപ്പാടം കേസിൽ ചെറിയ വകുപ്പുകളുടെ മന്ത്രിമാരെപ്പോലും നിയന്ത്രിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ലെന്നും അഴിമതി നിയന്ത്രിക്കാനുള്ള ശക്തി മൻമോഹൻ ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ലെന്നും പരഖ് വ്യക്തമാക്കുന്നു. പ്രധാന വകുപ്പുകളിലെ ലേലം അടക്കമുള്ള കാര്യങ്ങളിൽ ഫയലുകൾ പ്രധാനമന്ത്രി കണ്ടിരുന്നില്ലെന്നും പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.