Skip to main content

 

ഒരു മുഖ്യധാരാ ടെലിവിഷൻ ചാനലിൽ 2014 മാർച്ച് 20-ന് നടന്ന രാത്രി ഒമ്പതുമണി ചർച്ച. പങ്കെടുക്കുന്നവർ സി.പി.ഐ.എമ്മിന്റെ എ.കെ ബാലൻ, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ, ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററായിരുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കോൺഗ്രസ്സ് നേതാവ് സണ്ണി ജോസഫ്. വിഷയം വി.എസ് അച്യുതാനന്ദൻ കഴിഞ്ഞ പതിനഞ്ചോളം വർഷമായി തുടർന്നുവന്ന നിലപാട് മാറ്റി ഔദ്യോഗിക പക്ഷത്തിന്റെ മുന്നണിപ്പടയാളിയായി തെരഞ്ഞെടുപ്പ് രംഗത്തെത്തിയതാണ്. എ.കെ ബാലൻ ഒഴികെ എല്ലാവരും പൊതുസമൂഹ മനസ്സാക്ഷിയുടെ പക്ഷത്തുനിന്നെന്ന വണ്ണം വി.എസ്സിന്റെ നിലപാട് മാറ്റത്തിലെ നീതിരാഹിത്യത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. സ്വാഭവികമായും ബാലൻ അതിനെയെല്ലാം എതിർത്തും വി.എസ്സിന്റെ നിലപാടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വാദിച്ചുകൊണ്ടും. ചർച്ചയുടെ അവസാന ഘട്ടമെത്താറായപ്പോഴേക്കും പല ചോദ്യങ്ങൾക്കും ബാലന് കൃത്യമായ ഉത്തരം നൽകാനില്ലാതായി. അതോടെ അദ്ദേഹം ചോദ്യങ്ങള്‍ മറുപടി അർഹിക്കുന്നല്ലെന്നും ഈ ചർവിത ചർവണങ്ങൾക്കൊന്നും താൻ മറുപടി പറയുന്നില്ലെന്നും നിലപാട് സ്വീകരിച്ചു. കൂട്ടത്തിൽ വാർത്താ അവതാരകനെ ഒന്നു പുകഴ്ത്താനും ബാലൻ മറന്നില്ല. വളരെ സമർഥനായ അവതാരകനാണ് അദ്ദേഹമെന്നുള്ള ധാരണ തനിക്കുണ്ടെന്നും, അങ്ങനെയുളള അദ്ദേഹം പോലും ഇത്തരത്തിൽ ചോദ്യം ചോദിക്കുന്നത് കഷ്ടമാണെന്നുമാണ് ബാലൻ പറഞ്ഞത്. അതിനു ശേഷം സമർഥനായ വാർത്താ അവതാരകന്റെ ചോദ്യത്തിന്റെ സ്വഭാവം മാറി. അവതാരകൻ പിന്നെ ആവർത്തന വിരസതയോടെന്ന വണ്ണം ബാലന്റെ ചോദ്യത്തെ ആസ്പദമാക്കിയാണ് മറ്റുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചത്. അവതാരകൻ ആവർത്തിച്ചു, ഇന്നത്തെ ദിവസം ബാലന്റേതാണ്. ഇന്ന് ബാലൻ എല്ലാവരേയും പിന്നിലാക്കി ഗോളടിച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം പ്രേക്ഷകരുടെ മുന്നിൽ നടത്തിയ ചർച്ചയുടെ അവസാനമാണ് ഈ അവതാരകൻ ഇങ്ങനെ പറയുന്നത്. ടെലിവിഷൻ ചാനലുകൾ നടത്തുന്ന ചർച്ചയുടെ ലക്ഷ്യം എന്താണെന്ന് മറയില്ലാതെ അവതാരകൻ തന്നെ വിളിച്ചു പറയുന്നതായിപ്പോയി അത്. കേൾക്കുന്നവർക്കും അവതാരകൻ പറഞ്ഞതിൽ ചെറിയ പോരായ്മയേ തോന്നാനിടയുള്ളു. കാരണം, അന്ന് ഉത്തരം മുട്ടിയത് ബാലനാണ്. എന്നിട്ടും ഗോളടിച്ചത് ബാലനാണെന്ന് അവതാരകൻ പറയുന്നു. ബാലൻ തനിക്കു നൽകിയ പ്രശംസാവാചകത്തിന് നന്ദിപ്രകടനമായിട്ടായിരിക്കണം അദ്ദേഹം ബാലന് ഗോളുകൾ നൽകിയത്.

 

ഒരു ജനതയേയും രാജ്യത്തേയും ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയ അവതാരകന്റെ വീക്ഷണമാണ് ഇവിടെ പ്രകടമാകുന്നത്. പ്രേക്ഷകരും ഇത്തരത്തിലൊരു കളിയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അതിനുവേണ്ടി നല്ല കളി ഒരുക്കുക എന്നതുമാണ് തന്റെ ദൗത്യം എന്ന ബോധത്തിൽ നിന്നാണ് വളരെ മാധ്യമപ്രവർത്തന പരിചയമുള്ള ആ അവതാരകൻ അങ്ങനെ പ്രതികരിച്ചത്. ചർച്ചയിൽ പങ്കെടുക്കുന്നവരെ നിർദ്ദയം അരിഞ്ഞുവീഴ്ത്തുന്നതിനാലാണ് അദ്ദേഹത്തിന്റെ ഒമ്പതു മണിചർച്ച ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകരും അതിനെ കേമമെന്നു വിലയിരുത്താറുണ്ട്. എന്നാല്‍, കാര്യങ്ങൾ ചർച്ചയിലൂടെ ഗ്രഹിക്കുന്നതിനാലല്ല പ്രേക്ഷകർ ഈ ചർച്ചയെ ഗംഭീരമെന്ന് വിലയിരുത്തുന്നത്. യഥാർഥത്തിൽ മൂന്നാംകിട സിനിമയിൽ നായകൻ വില്ലനെ ഇടിച്ച് താഴെ കിടത്തുമ്പോൾ കിട്ടുന്ന അതേ സുഖമാണ് പ്രേക്ഷകരും അനുഭവിക്കുന്നത്. ഇത് സാമൂഹിക മാനസികരോഗമായിരിക്കുന്നതിനാലാണ് ഒട്ടും മടിയില്ലാതെ ഗോളടിപ്രയോഗം ആ അവതാരകൻ നടത്തിയത്.

 

അറിവിൽ നിറവ് വരാത്തവർ അപകടകരമാം വിധം പെരുമാറാതിരിക്കാൻ വേണ്ടിയാണ് പ്രകൃതി അവരിൽ ലജ്ജ എന്ന വികാരത്തെ നിക്ഷേപിച്ചിരിക്കുന്നത്. അജ്ഞതയിൽ നിന്നാണ് ലജ്ജ ഉണ്ടാവുന്നതെങ്കിലും ലജ്ജ അജ്ഞരെ അപകടമാം വിധം പെരുമാറുന്നതിൽ നിന്നു വിലക്കുന്നു. അജ്ഞതയിൽ സദാ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ക്രമേണ ലജ്ജ എന്ന വികാരം നശിച്ച് ഇല്ലാതാകുന്നു. മോഷണം നടത്തുന്നതുപോലും മോഷ്ടാവിൽ ഉള്ള ലജ്ജ എന്ന വികാരത്തിന്റെ കാരണത്താലാണ്. ഈ ലജ്ജ ഇല്ലാതാവുമ്പോഴാണ് മോഷ്ടാവ് പിടിച്ചുപറിക്കാനായ അക്രമിയായി മാറുന്നത്. ഇതു ശീലം കൊണ്ടു വരുന്നതാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും അതുപോലാണ്. ആദ്യം ശരീരഭാഗങ്ങൾ ചെറുതായി പ്രദർശിപ്പിച്ച് ലജ്ജയിൽ നിന്ന് കുറേശ്ശെ പുറത്തു വരുന്നു. പിന്നെ ആവർത്തനത്തിലൂടെയും ശീലത്തിലൂടെയും അത് സ്വഭാവമാക്കുന്നു. തുടർന്ന് അത് ഫാഷനായി മാറുന്നു. കൂടുതൽ ഫാഷനബിൾ ആവുക എന്നാൽ കൂടുതൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുക എന്ന സമവാക്യം സൃഷ്ടമാകുന്നു. ഫാഷൻ ഉദാത്തവത്ക്കരിക്കപ്പെടുകയും കൂടിചെയ്യുമ്പോൾ നഗ്നതാപ്രദർശനം കേമമായി മാറി ലജ്ജയുടെ സ്ഥാനത്ത് കേമത്തരം വരുന്നു. ഏതാണ്ട് അതേ അവസ്ഥയുടെ പ്രതിഫലനമാണ് മാധ്യമ ചർച്ച മത്സരത്തിലധിഷ്ഠിതമായ കളിയാണെന്ന് അവതാരകൻ തന്നെ പരസ്യമായി സമ്മതിക്കുകയും അതിൽ ലജ്ജ പോയിട്ട് അനൗചിത്യം കാണാതിരിക്കുകയും ചെയ്യുന്നത്. അത് ജനങ്ങൾ ആ വിധം സ്വീകരിക്കുന്നു എന്ന അവതാരകന്റെ ധാരണയുമാണ്. കാരണം അദ്ദേഹവും ഈ സമൂഹത്തിന്റെ പ്രതിനിധി.

 

എന്താണ് ഈ മാധ്യമപ്രവർത്തകന്റെ ലക്ഷ്യം? നല്ല ഉശിരനായി കൂടുതൽ പ്രേക്ഷകരെ സമ്പാദിച്ച് തന്റെ റേറ്റിംഗും ചാനലിന്റെ റേറ്റിംഗും നിലനിർത്തുക. അതിലൂടെ തന്റേയും ചാനലിന്റേയും വരുമാനം വർധിപ്പിക്കുക. അതിനു വേണ്ടി വിഷയമാക്കുന്നത് രാഷ്ട്രീയത്തേയും നീതിയേയും ന്യായത്തേയും തുടങ്ങി ജനായത്ത സംവിധാനത്തിലെ ഉദാത്ത മൂല്യങ്ങളെ. എന്താണ് മൂല്യങ്ങളെന്നോ, സാമൂഹിക ഘടനയെന്നോ, ജനായത്തമെന്നോ തെരുവിൽ നിൽക്കുന്ന ശരാശരി വ്യക്തിയുടെ അറിവ് മാത്രമേ ഈ മാധ്യമപ്രവർത്തകനും ഉള്ളു. അതിൽ അദ്ദേഹത്തിന് ലജ്ജയില്ലെന്നു മാത്രമല്ല അതാണ് കേമത്തമെന്നും കരുതുന്നു. അതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ആധാരവും. യഥാർഥ ആത്മവിശ്വസത്തിൽ സ്വയം ബഹുമാനം ഇല്ലാതിരുന്നതിനാലാണ് ബാലൻ ഒന്നു പുകഴ്ത്തിയപ്പോൾ ഈ അവതാരകൻ പുളകിതഗാത്രനായത്. ഓരോ ചോദ്യവും ഭാവവും തന്റെ കേമത്തം പ്രകടിപ്പിക്കാനായി ഈ അവതാരകൻ വിനിയോഗിക്കുന്നു. അല്ലാതെ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ ആഴമോ പരപ്പോ ഒന്നും പ്രസക്തമാകുന്നില്ല. വലിയ ഒരു പരദൂഷണം നടത്തുന്ന നിലയിൽ ഒരോ സമയത്തും ഓരോരുത്തരും പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചോദിച്ചും മറിച്ചുചോദിച്ചും സമയം കളയുന്നു. ചോദിക്കുന്ന വ്യക്തിയും കേൾക്കുന്നവരും ഉഗ്രചോദ്യളാണവയെന്നു കരുതുന്നു. അതിനാൽ ചർച്ചയ്ക്ക വരുന്നവരും അതിനു തയ്യാറായി എത്തുന്നു. കാര്യമായി ഒന്നിനേക്കുറിച്ചും കാര്യമായ അറിവ് അവതാരകർക്കോ പങ്കെടുക്കുന്നവർക്കോ ആവശ്യമില്ലാത്ത അവസ്ഥ ഇത് സംജാതമാക്കുന്നു. അതിനാൽ ഇത്തരം ചർച്ചകൾ സാംസ്കാരികമായ മലിനീകരണത്തിൽ കലാശിക്കുന്നു.

 

സാംസ്കാരികമായ അത്യുന്നതമായി ഉയർന്നുണർന്ന മനുഷ്യൻ എല്ലാ ലജ്ജകളിൽ നിന്നും മുക്തനാകുന്നു. അതാണ് മോക്ഷാവസ്ഥ. അവിടെ മറ്റുള്ളവൻ തന്നിൽ നിന്ന് അന്യനല്ലെന്നും മറ്റുളളവനാണെന്ന് തോന്നിപ്പിച്ചിരുന്നത് അജ്ഞതയുടെ നേരിയ മറവാണെന്നും ആ മറവ് നീങ്ങിയതിനാലുമാണ് അങ്ങനെയുള്ള അവസ്ഥ സംജാതമാകുന്നത്. ആ അവസ്ഥയിൽ എല്ലാവരും എത്തുന്ന അവസ്ഥയിൽ വസ്ത്രം അപ്രത്യക്ഷമാണ്. അതു കുളിമുറിയിൽ വസ്ത്രം ഉപയോഗിക്കുന്നതു പോലെയായിരിക്കും. എന്നാൽ ആ അവസ്ഥ കൈവരും വരെ നഗ്നത മറ്റുള്ളവരുടെ കാഴ്ചയാണ്. മറ്റുള്ളവരാണ് നഗ്നതയെ സൃഷ്ടിക്കുന്നത്. അങ്ങനെയുള്ള അവസ്ഥയിൽ നഗ്നത മനുഷ്യനെ സാംസ്കാരികമായ പിന്നോട്ടു കൊണ്ടുപോകും. ആ പിന്നോട്ടുപോക്കിൽ ഓരോ ചുവടും മൃഗസ്വഭാവത്തിലേക്കായിരിക്കും. മൃഗമാണെങ്കിൽ മൃഗസ്വഭാവം തന്നെയാണ് വേണ്ടത്. മനുഷ്യൻ സാംസ്കാരികമായി മൃഗസ്വഭാവത്തിലേക്കു നീങ്ങുന്നത് അപകടകരമാണ്. ആ അപകടത്തിന്റ സൂചനകളാണ് കേരളത്തിൽ അഗമ്യഗമന പീഡനങ്ങൾ ഇപ്പോൾ പതിവ് വാർത്തയായി മാറിയിരിക്കുന്നത്. അജ്ഞതയുടെ പാരമ്യത്തിൽ ലജ്ജ നഷ്ടപ്പെടുന്ന ഏതു സാഹചര്യവും ഇത്തരത്തിലുള്ള സാംസ്കാരിക പരിസ്ഥിതിയായിരിക്കും സൃഷ്ടിക്കുക.

Tags