കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്കി. ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആഞ്ജലീനോ അല്‍ഫാറോ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി. നാവികരുടെ വിചാരണ ഇറ്റലിയില്‍ വെച്ച് നടത്തണമെന്നും വിചാരണ തുടങ്ങും വരെ ഇരുവരെയും വിട്ടയക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു അതേസമയം ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന നാവികരെ കേസ് തീരാതെ രാജ്യം വിടാന്‍ അനുവദിക്കില്ലന്ന് ഇന്ത്യ ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നാവികരുടെ മോചനത്തിനു വേണ്ടി ഇറ്റലി നേരത്തെ നാറ്റോ, യൂറോപ്യന്‍ യൂണിയന് എന്നിവയുടെ സഹായം തേടിയിരുന്നു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എം.ടി എന്റിക ലെക്സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.