പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല. രാവിലെ ഒമ്പത് മണിയോടെ പെരുന്നയിലെത്തിയ സുധീരന്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തി. തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം അദ്ദേഹം അവിടെ ചിലവഴിച്ചു.
സുധീരന്‍ പെരുന്നയിലെത്തുന്നതിന് മിനിറ്റുകള്‍ മുമ്പാണ് മന്നം സമാധിക്കടുത്ത് ഇരിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ എഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് പോയത്. സുധീരന്‍ അവിടെ ചിലവഴിച്ച 15 മിനിറ്റ് നേരവും സുകുമാരന്‍ നായര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയോ സുധീരനെ കാണാന്‍ തയ്യാറാകുകയോ ചെയ്തില്ല.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും സുധീരനൊപ്പമുണ്ടായിരുന്നു. സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സുധീരന്‍ എത്തുന്നതിന് മുമ്പ് ജോസ്.കെ മാണി എം.പി പെരുന്നയിലെത്തുകയും സുകുമാരന്‍ നായരുമായി സംസാരിക്കുകയും ചെയ്തിരുന്നു.