കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ നല്‍കാവുന്ന സുവനിയമം ചുമത്തില്ല. ഭീകരപ്രവര്‍ത്തനത്തിനും കടല്‍ക്കൊള്ളക്കുമെതിരെയുള്ള സുവനിയമം കേസില്‍ നിന്നൊഴിവാക്കുകയാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍, സുവയില്ലാതെ എന്‍.ഐ.എയ്ക്ക് കടല്‍ക്കൊല അന്വേഷിക്കാന്‍ നിയമപ്രകാരം പറ്റുകയില്ല. വിഷയത്തില്‍ കോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരവും കേസ്സെടുത്തിട്ടുണ്ട്. ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാകില്ല.
സുവയില്‍ വധശിക്ഷ ലഭിക്കാവുന്ന വകുപ്പു ചുമത്തുന്നതിനോടാണ് ഇറ്റലി ആദ്യം വിയോജിച്ചത്. ഭീകരവിരുദ്ധ നിയമമായ സുവ പ്രകാരം നാവികരെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ഇറ്റലി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും സര്‍ക്കാറിലും അന്താരാഷ്ട്ര തലത്തിലും സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. നാവികര്‍ ഭീകരരല്ലെന്നും അവരെ ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റവിചാരണ ചെയ്യാന്‍ പറ്റില്ലെന്നും ഇറ്റലി വ്യക്തമാക്കി. തുടര്‍ന്ന് നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നതിനെതിരെ ഇറ്റലിക്കനുകൂലമായി യൂറോപ്യന്‍ യൂണിയനും നാറ്റോയും രംഗത്തു വന്നിരുന്നു.
2012 ഫെബ്രുവരി 15-നാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്. പ്രതികളായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലാത്തോര്‍ എന്നിവര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ്