Skip to main content
ന്യൂഡല്‍ഹി

കടല്‍ക്കൊള്ളക്കാരാണെന്ന വിചാരിച്ചാണ് മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടിവച്ചതെന്ന് ഇറ്റാലിയന്‍ നാവികര്‍. സംഭവത്തില്‍ അതിയായ ദുഖം ഉണ്ടെന്ന്‍ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നാവികര്‍ പറഞ്ഞു.

 

തങ്ങള്‍ തീവ്രവാദികളോ കൊള്ളക്കാരോ അല്ലെന്നും  കടല്‍ക്കൊള്ളക്കാരെ നേരിടാനാണ് തങ്ങളെ കപ്പലില്‍ നിയോഗിച്ചതെന്നും നാവികര്‍ പറഞ്ഞു. ഈ കേസില്‍ ആദ്യമായാണ് നാവികര്‍ പരസ്യമായി കുറ്റസമ്മതം നടത്തുന്നത്.

 

നാവികര്‍ക്കെതിരെ വധശിക്ഷയടക്കം ലഭിക്കാവുന്ന തീവ്രവാദനിയമമായ സുവ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഫെബ്രുവരി പത്തോടെ നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

2012 ഫിബ്രവരി 15-ന് ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലക്‌സിയില്‍ നിന്നുള്ള വെടിയേറ്റാണ് മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലായനോ ലത്തോറെയും സാല്‍വത്തോറെ ജിറോണും അറസ്റ്റിലായി. 

 

സംഭവം ഇന്ത്യക്കും ഇറ്റലിക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തെ ഉലച്ചിരുന്നു. പ്രശ്‌നം അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചാ വിഷയമാക്കുമെന്നും നാവികരെ പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags