Skip to main content

polyhouse

 

സംസ്ഥാനബജറ്റ് വേണമെങ്കിൽ ഒരു ഉപകരണമാകാം. സംസ്ഥാനത്തിനെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാഴ്ചപ്പാടിന്റെ പ്രായോഗിക നടത്തിപ്പിനുള്ള ഉപകരണം. അതിന് സർക്കാരിന് ഒരു വിഷൻ (വീക്ഷണം) വേണം. ആ വീക്ഷണത്തെ നടപ്പാക്കാനുള്ള മിഷൻ (ദൗത്യം) ആയി ബജറ്റ് മാറുമ്പോഴാണ് അത് പ്രായോഗിക ഉപകരണമായി മാറുന്നത്. കേരളത്തിൽ കൃഷിക്ക് ഊന്നൽ നൽകേണ്ടത് കാർഷികോത്പാദനം വർധിപ്പിക്കാൻ മാത്രമല്ല. കേരളം എന്നത് ഒരു ജൈവസംയുക്തതയുടെ ആർദ്ര ഭൂപ്രദേശമാണ്. അതിനാൽ കൃഷി ആ സംയുക്ത ഘടകങ്ങളിലെ ഏറ്റവും നിർണ്ണായകമായ കണ്ണിയാണ്. അത് സാമൂഹ്യം, സാംസ്കാരികം, സാമ്പത്തികം, പാരിസ്ഥിതികം, ആരോഗ്യം എന്നിങ്ങനെ പല ഘടകങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. ഈ അറിവാണ് വീക്ഷണത്തിന് അടിസ്ഥാനമാകേണ്ടത്. ആ വീക്ഷണത്തിൽ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രായോഗിക പരിപാടികൾക്ക് രൂപം നൽകുമ്പോൾ അത് ദൗത്യമായി മാറുന്നു.

 

കൃഷിയുടെ തകർച്ച വയലുകളേയും ചതുപ്പു പ്രദേശങ്ങളേയും ഇല്ലാതാക്കിയതും ഈ പ്രദേശങ്ങള്‍ക്ക് വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളേയും നോക്കുമ്പോൾ മേൽസൂചിപ്പിച്ച ബഹുവായ മാനങ്ങൾ വ്യക്തമാകും. കൃഷി തകർച്ചയെ നേരിടുന്നു എന്നുള്ളത് യാഥാർഥ്യം. അതിനാൽ ആ തകർച്ചയ്ക്ക് കാരണമെന്തെന്ന് കണ്ടെത്തി കാലത്തിന് അനുയോജ്യമായ രീതിയിൽ പുനരാവിഷ്കരിക്കുക എന്ന ദിശയിലാവണം കേരളത്തിലെ കൃഷിവികസനം സംബന്ധിച്ച ഏത് വീക്ഷണവും നീങ്ങേണ്ടത്. കൃഷി വർത്തമാന അവസ്ഥയിലെത്താൻ പലകാരണങ്ങളുണ്ട്. അതെല്ലാം ആരോപണ-കുറ്റപ്പെടുത്തൽ മനോവികാരമില്ലാതെ സമചിത്തതയോടെ കാണുക എന്നതാകണം പ്രാഥമികമായി ചെയ്യേണ്ടത്. ആ കാരണങ്ങളെ കണ്ടേത്തേണ്ടതിന്റെ ആവശ്യം ഇനി ഏത് ദിശയിലേക്ക് കൃഷിയെ കൊണ്ടുപോകണം എന്നതു സംബന്ധിച്ച് വ്യക്തത ഉണ്ടാക്കുന്നതിനാണ്. രോഗാവസ്ഥയിൽ കിടക്കുന്ന ഒരു വ്യക്തിക്ക് ചികിത്സ നൽകേണ്ടത് ആവശ്യമാണ്. അതിന് പഞ്ചനക്ഷത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകൊണ്ട് കാര്യമായില്ല. ശരിയായ ചികിത്സ എവിടെ ആരിൽ നിന്നു കിട്ടുമെന്നറിഞ്ഞ് യഥാർഥ സ്ഥലത്തെത്തിക്കുന്നതിൽ നിന്നാണ് രോഗിയുടെ ആയുസ്സും ആരോഗ്യവും നിർണ്ണയിക്കപ്പെടുക. എന്നാൽ പഞ്ചനക്ഷത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ഇപ്പോൾ രോഗികൾക്കും മറ്റുള്ളവർക്കും സമാധാനമായി. ധനശേഷിയില്ലാത്ത രോഗികൾ പോലും തങ്ങളുടെ രക്ഷ പഞ്ചനക്ഷത്ര ആശുപത്രികളിലാണെന്ന് വിശ്വസിക്കുന്ന കാലമാണിത്. എന്നാൽ, പഞ്ചനക്ഷത്ര ആശുപത്രികൾക്ക് അവരുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു അവ്യക്തതയുമില്ല. എങ്ങനെ രോഗിയുടെ പക്കൽ നിന്ന് പരമാവധി പണം ഈടാക്കുക എന്നുള്ളതാണത്. അതിനവർ മുന്നോട്ടുവയ്ക്കുന്ന ഉപാധിയാണ് ചികിത്സയും ചികിത്സാ മാർഗ്ഗങ്ങളും.

 

സംസ്ഥാന ധനകാര്യ മന്ത്രി കെ.എം മാണി അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ ബജറ്റിൽ കൃഷിക്കു കൊടുത്തിരിക്കുന്ന ഊന്നൽ പഞ്ചനക്ഷത്ര ആശുപത്രികള്‍ ആരോഗ്യത്തിന് കൊടുക്കുന്ന ഊന്നല്‍ പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ പതിനൊന്നു ബജറ്റുകളും കേരളത്തിന്റെ കൃഷിയുടെ ഇന്നത്തെ അവസ്ഥയുടെ കാരണങ്ങള്‍ക്ക് പങ്ക് നല്‍കിയിട്ടുണ്ട് എന്നും ഓർക്കേണ്ടതാണ്. മാണി ഒരുപക്ഷേ, പഞ്ചനക്ഷത്ര ആശുപത്രിയിൽ കിടക്കുന്ന രോഗിയുടെ അടുത്ത ബന്ധുക്കളെപ്പോലെ ആത്മാർഥമായി കൃഷിയുടേയും കർഷകരുടേയും ഉന്നതി കാംക്ഷിക്കുന്നുണ്ടാകാം. വിദഗ്ദ്ധരുടെ ഉപദേശം അവിടെ അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരും. അവിടെയാണ് രാഷ്ട്രീയ നേതാവിന്റേയും പാര്‍ട്ടികളുടേയും വിഷന്റെ ആവശ്യകതയും അനിവാര്യതയും പ്രസക്തമാകുന്നത്.

 

ഇപ്പോൾ എന്തിനും ഏതിനും ഹൈടെക്ക് പരിഹാരം കൊണ്ടുവരണം എന്നൊരു ചിന്തയുണ്ട്. എന്നാല്‍, കേരളത്തിനിന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്. മണ്ണിന്റേയും അന്തരീക്ഷത്തിന്റേയും പ്രാദേശിക വ്യതിയാനങ്ങൾ സൂക്ഷ്മമായി അറിയാൻ ഇന്ന് സാങ്കേതികവിദ്യകൾ ലഭ്യമാണ്. അതിലൂടെ ഒരു പ്രദേശത്തിന്റെ  നൈസർഗിക ശാക്തിക ഘടകങ്ങളെ നിലനിർത്തി പുഷ്ടിപ്പെടുത്തി വിത്തിടീൽ തുടങ്ങി വിളവെടുപ്പും സൂക്ഷിപ്പും മൂല്യവർധിത സംസ്കരണവും വിപണനവും വരെയുള്ള ഘട്ടങ്ങളിൽ ഹൈടെക് ഉപയോഗിക്കുമ്പോഴാണ് കൃഷി രക്ഷപ്പെടുക. ആ രക്ഷപ്പെടൽ സംഭവിക്കുകയാണെങ്കിൽ കേരളത്തിന്റെ ആരോഗ്യത്തിലേക്കുളള മെല്ലെനടപ്പു കൂടിയാകും അത്. അല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാവുക.  ഇവിടുത്തെ ലഭ്യമായ തറയെ എങ്ങനെ ഹൈടെക് ഉപയോഗിച്ച് പരമാവധി  കൃഷിയോഗ്യമാക്കാം എന്നതാവണം അന്വേഷണം. അറിയാതെ തെറിച്ചു വീഴുന്ന വിത്തുപോലും തഴച്ചുവളരുന്ന സാഹചര്യം ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ആ സാഹചര്യമൊരുക്കുന്ന പ്രകൃതിദത്തമായ സൂക്ഷ്മാംശത്തെ കണ്ടെത്താനും അവ പരിപോഷിപ്പിച്ച് ജൈവമായ രീതിയിൽ ഉപയോഗിക്കാനും ഹൈടെക് സഹായം ഇന്ന് ലഭ്യവുമാണ്, ഉപയോഗിക്കാവുന്നതുമാണ്. അങ്ങനെ ഹൈടെക് സഹായത്തോടെ ക്രിയാത്മകമായി നമ്മുടെ കൃഷിയോഗ്യമായ തറമുഴുവൻ വിനിയോഗിക്കുമ്പോൾ പുത്തൻ കാർഷിക സംസ്കാരം ഉയർന്നുവരും.

 

ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ  തോറും ക്യാൻസർ സെന്ററുകളും ഡയാലിസിസ് കേന്ദ്രങ്ങളും വേണ്ട രീതിയിലേക്ക് കാര്യങ്ങൾ വന്നതിന്റെ പ്രധാന കാരണവും ആ പോക്കല്ലാതെ മറ്റൊന്നുമല്ലെന്ന് കാണാൻ കഴിയും. അത് ഈ മാറ്റത്തിന്റെ കാലഘട്ടത്തിലെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ കേരളീയർക്ക് കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.

 

ഊന്നലിൽ തന്നെ പിശക് വന്നുപോയ ബജറ്റാണിത്. വരവുചെലവു കണക്ക് അവതരണത്തിനപ്പുറം പ്രസക്തിയില്ലെങ്കിലും നികുതി നിർദ്ദേശങ്ങൾ സാധാരണക്കാരുടെ മേൽ ചാർത്തുന്നതിൽ ബജറ്റ് പിന്നാക്കം പോയിട്ടില്ല. സരിതയെന്ന യുവതി  സംസ്ഥാനത്തിന് സൃഷ്ടിച്ച ആഘാതവും സാധാരണക്കാരന് ഈ ബജറ്റിലൂടെ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ആഗോള സാമ്പത്തിക സ്ഥിതി വിവരിച്ചു കൊണ്ടാണ്  ധനമന്ത്രി കേരളത്തിന്റേതും മോശമായ സ്ഥിതിയെന്ന് വരച്ചുകാട്ടിയത്. അപ്പോഴും കേരളത്തിന്റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടി എട്ടു ശതമാനമാണെന്നുമോർക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ നികുതി പിരിവ് കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ആറ് ശതമാനവും റവന്യൂ വരുമാനം നാലു ശതമാനവുമാണ് കുറവ്.  ഇതുവരെ പദ്ധതിത്തുക ചെലവഴിച്ചത് കഷ്ടിച്ച് നാൽപ്പതു ശതമാനവും. സരിതയുൾപ്പെട്ട സോളാർ വിവാദം സൃഷ്ടിച്ച ഭരണസ്തംഭനമാണ് ഇതിനു കാരണമായി  മാറിയത്. ഇതില്‍ ധിഷണാശാലികളായ രാഷ്ട്രീയക്കാരുണ്ടെങ്കിൽ അവര്‍ മനസ്സിലാക്കേണ്ട മാറ്റത്തിന്റെ സന്ദേശങ്ങളുൾക്കൊള്ളുന്നുണ്ട്. കാരണം, മാറുന്ന കാലഘട്ടത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക പ്രത്യേകതകളുടെ ഫലമാണ്  സരിതാ വിവാദം ഈ മാനങ്ങൾ കൈക്കൊണ്ടത്. അതായത് ഡിജിറ്റൽ യുഗത്തിന്റെ മുഖ്യ മുഖമുദ്രയാണ് ആ വിവാദത്തെ തുടക്കം മുതൽ നയിച്ചത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പതിവ് രീതികൾ വിട്ട് മാറുന്ന കാലത്തിനനുസൃതമായ രീതിയിൽ നോക്കിത്തുടങ്ങാനെങ്കിലും സമയമായി എന്നുള്ളതാണ്. അല്ലാതെ ഹൈടെക്ക് അവസരത്തിലും അനവസരത്തിലും പ്രയോഗിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കാര്യമില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ നയപ്രഖ്യാപനത്തിലും ബജറ്റിലും പ്രഖ്യാപിച്ചതാണ് കേരളത്തിലെ കളക്ടറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിന് സൗകര്യമൊരുക്കുമെന്നും വില്ലേജാപ്പീസ്സുകൾ കമ്പ്യൂട്ടർവത്ക്കരിക്കുമെന്നൊക്കെ. ഇന്നും അവയൊക്കെ മിക്കതും പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു.

 

വിള ഇൻഷുറൻസുകൾ ആശ്വാസ നടപടി എന്ന നിലയ്ക്ക് നല്ലതാണ്. അത് കർഷകന് താൽക്കാലിക ഗുണം ചെയ്യുമെന്നിരിക്കും. പക്ഷേ, അടിസ്ഥാനമായി കൃഷി വികസിക്കുമ്പോഴാണ് കർഷകൻ രക്ഷപ്പെടുക. വിദേശയാത്ര തുടങ്ങിയ ചില പ്രോത്സാഹന പദ്ധതികളും കെ.എം മാണി കർഷകർക്കു വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. നല്ലതു തന്നെ. പക്ഷേ, കാർഷിക മേഖലയുടെ അല്ലെങ്കിൽ കർഷകരുടെ ഉന്നമനത്തിനോ കാർഷിക മേഖലയ്ക്ക് ഉണർവ് നല്‍കുന്നതിനോ അത് പര്യാപ്തമെന്ന് തോന്നുന്നില്ല.

 

ധനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. വീക്ഷണാടിസ്ഥാനത്തിലുള്ള, മാറ്റത്തിന്റെ ദൗത്യം പേറുന്ന ബജറ്റവതരിപ്പിക്കണമെങ്കിൽ അദ്ദേഹത്തിനും  അനുയോജ്യമായ അന്തരീക്ഷം വേണം. മാധ്യമ നിയന്ത്രിതമായ  ഇന്നത്തെ സമൂഹത്തിൽ മാധ്യമങ്ങൾ അത്തരത്തിൽ ചിന്തിക്കാൻ തയ്യാറായാൽ പൊതുസമൂഹത്തെ ആ ചിന്താപദ്ധതിയുടെ ധാരയിൽ കൊണ്ടുവരാൻ കഴിയും. അങ്ങിനെ വരുമ്പോൾ കേരളത്തിന്റെ ശക്തിയെ തിരിച്ചറിയാൻ കഴിയുന്ന, ആ ശക്തിക്ക് ഏറ്റ ദൗർബല്യങ്ങളെ ഒഴിവാക്കി കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളുടെ ഗതി മാറും. അങ്ങിനെ മാറുമ്പോൾ മാത്രമേ കേരളത്തിന്റെ വർത്തമാനാവസ്ഥയിൽ നിന്ന് പുരോഗതിയുണ്ടാവുകയുള്ളു. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളും മുന്നിലില്ല. അതുവരെ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും പലവിധം തുടർന്നുകൊണ്ടിരിക്കും.