Skip to main content
ചെമ്മാനം
N Jayadevanരാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

കേരളത്തിലെ സി.പി.ഐ.എമ്മിന്റെ ഇന്നത്തെ നേതൃത്വം സംഘാടക മികവിലും നേതൃത്വശേഷിയിലും എക്കാലത്തേയും ശക്തമാണെന്ന ഒരു പ്രതീതി പാർട്ടിക്കകത്തും പുറത്തും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകരിലും അണികളിലും ഒരു വലിയ വിഭാഗം ആത്മാർത്ഥമായി തന്നെ അങ്ങനെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാർട്ടിക്ക് പുറത്ത് പൊതുസമൂഹത്തിലും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും ഈ ധാരണ ഒരളവോളം പരന്നിട്ടുണ്ട്. സി.പി.ഐ.എമ്മിനുള്ളിൽ ഏറെക്കാലമായി നടന്നുവരുന്ന വിഭാഗീയ ഏറ്റുമുട്ടലുകളുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു പ്രതീതി പരത്തുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കരുത്തുറ്റതാണ് സംസ്ഥാന സി.പി.ഐ.എമ്മിന്റെ ഇന്നത്തെ നേതൃത്വമെന്ന മേനി പരത്തലും സംസ്ഥാനത്തുടനീളം പാർട്ടി സംഘടനയ്ക്കുള്ളിൽ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന  ശൈഥില്യമെന്നോ കലാപമെന്നോ വിമതത്വമെന്നോ വിശേഷിപ്പിക്കപ്പെടാവുന്ന പൊട്ടിത്തെറികളും പരസ്പരം പൊരുത്തപ്പെടാത്തതും വിപരീത സ്വഭാവം വെളിപ്പെടുത്തുന്നതുമാണ്.

 

ഇത്, എന്താണ് ഒരു കരുത്തുറ്റ രാഷ്ട്രീയ-സംഘടനാ നേതൃത്വത്തിന്റെ സ്വഭാവ സവിശേഷതകൾ എന്ന അന്വേഷണത്തെയും ചർച്ചയേയും പ്രസക്തമാക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ, പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ ശക്തവും കരുത്തുറ്റതുമാക്കുന്ന ഒന്നാമത്തെ ഘടകം അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നിലപാടുകളുടെ തത്വാധിഷ്ഠതയും അവയുടെ പ്രയോഗത്തിലെ സത്യസന്ധതയുമാണ്. നിലവിലിരിക്കുന്ന സാമൂഹിക വ്യവസ്ഥയോടും അതിന്റെ ഭരണകൂടത്തോടും ആശയാധിഷ്ഠിതമായ വിമർശന കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തിൽ പ്രത്യയശാസ്ത്രത്തിന്റെ പിൻബലമുള്ള ഒരു ബദൽ വ്യവസ്ഥയും സുവ്യക്തമായ നയപരിപാടികളും മുന്നോട്ടുവെക്കുകയും തദനുസൃതമായ ഒരു സംഘടനാ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരാൾക്കൂട്ടം ഒരു രാഷ്ട്രീയപാർട്ടിയുടെ അസ്ഥിത്വവും സ്വഭാവവും കൈവരിക്കുന്നത്. അതായത് സിദ്ധാന്തത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ രൂപപ്പെടുത്തുന്ന രാഷ്ട്രീയത്തിനും അതിന്റെ കലർപ്പില്ലാത്ത പ്രയോഗത്തിനും മാത്രമേ പാർട്ടിയെ സുസംഘടിതമായും നേതൃത്വത്തെ സുശക്തമായും ധാർമിക ബലത്തോടെയും നിലനിർത്താൻ സാധിക്കൂ. സിദ്ധാന്തത്തിൽ നിന്ന് തന്നെ വ്യതിചലിക്കുകയും പ്രയോഗം സംഹിതയ്ക്ക് വിപരീതമാകുകയും ചെയ്യുമ്പോൾ കീഴ്ഘടകങ്ങൾക്കും അണികൾക്കും നേതൃത്വത്തിലുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടുകയും നേതൃത്വം സംശയത്തിന്റെ. നിഴലിലാകുകയും ചെയ്യും. അത്തരമൊരവസ്ഥ നേതൃത്വത്തെ ദുർബലമാക്കിത്തീർക്കും.

 

പാർട്ടി സംഘടനയെ ഏകീകരിച്ച് സുദൃഢമായ ഐക്യം സ്ഥാപിച്ചുകൊണ്ട് സമരസംഘടനാ പ്രവർത്തനങ്ങളിൽ അണികളെ വിശ്വാസദാർഢ്യത്തോടെ അണിനിരത്താനുള്ള സംഘാടക മികവാണ് നേതൃത്വത്തെ കരുത്തുറ്റതാക്കുന്ന രണ്ടാമത്തെ ഘടകം. കരുത്തുറ്റ ഒരു നേതൃത്വത്തിന് പാർട്ടിക്കുള്ളിൽ ഉയർന്നു വരാവുന്ന രാഷ്ട്രീയവും സംഘടനാപരവുമായ അഭിപ്രായദേഭങ്ങളെ സമചിത്തതയോടും ജനാധിപത്യ ബോധത്തോടും സമീപിക്കാനും വ്യത്യസ്ത നിലപാടുകളെ സമന്വയിപ്പിച്ചുകൊണ്ടു പ്രസ്ഥാനത്തെ ഐക്യത്തോടെ നയിക്കാനുള്ള വിശാല മനോഭാവവും ആർജവവും ഉണ്ടാകണം.

 

പാർട്ടിക്കുള്ളിൽ വ്യത്യസ്ത വിഭാഗങ്ങളോ ഗ്രൂപ്പുകളോ തമ്മിൽ സംഘടനാ പ്രശ്നങ്ങളോ പ്രാദേശിക പ്രശ്നങ്ങളെ സമീപിക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകുമ്പോൾ ഏതെങ്കിലും ഒരു ചേരിയോട് പക്ഷപാതപരമായ നിലപാട് സ്വീകരിക്കാതെ ഒരു പൊതുമാനദണ്ഡത്തിന്റേയോ അളവുകോലിന്റേയോ അടിസ്ഥാനത്തിലും തികഞ്ഞ ജനാധിപത്യ ബോധത്തോടും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആർജവം പ്രകടിപ്പിക്കുകയെന്നതാണ് നേതൃത്വത്തെ കരുത്തുറ്റതാക്കുന്ന മൂന്നാമത്തെ ഘടകം.

 

ഒരു രാഷ്ട്രീയ പാർട്ടിയെ കെട്ടുറപ്പോടും ഐക്യത്തോടും നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വത്തിനുണ്ടാവേണ്ട സുപ്രധാനങ്ങളായ മൂന്ന് നേതൃത്വഗുണങ്ങൾ മാത്രമേ ഇവിടെ ചൂണ്ടിക്കാട്ടുന്നുള്ളൂ. ഒരു നല്ല നേതൃത്വത്തിനുണ്ടാകേണ്ട മറ്റ് പല സവിശേഷ ഗുണങ്ങളും ശേഷികളുമുണ്ടെങ്കിലും അത്തരമൊരു ചർച്ചയ്ക്ക് ഇവിടെ പ്രസക്തിയില്ലാത്തതുകൊണ്ട് അതിന് തുനിയുന്നില്ല.

 

മേൽസൂചിപ്പിച്ച മൂന്ന് നേതൃത്വഗുണങ്ങളിലും ഇന്നത്തെ സി.പി.ഐ.എം നേതൃത്വം ദുർബലാവസ്ഥയിലാണെന്ന് വിളിച്ചറിയിക്കുന്ന സംഭവവികാസങ്ങളാണ് സംസ്ഥാനത്തുടനീളം പാർട്ടിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള ശൈഥില്യമാണ് പാർട്ടിയിൽ ഇന്ന് കാണുന്നത്. കരുത്തുറ്റതെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന - ജില്ലാ നേതൃത്വങ്ങളെ പരസ്യമായി ധിക്കരിച്ചു കൊണ്ടാണ് പല സ്ഥലങ്ങളിലും പ്രാദേശികാടിസ്ഥാനത്തിൽ വിമതർ കലാപമുയർത്തുന്നതും സ്വതന്ത്ര സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്നതും. പാർട്ടിക്കുള്ളിലെ വിഭാഗീയത പ്രതികാര ബുദ്ധിയോടെ പക്ഷപാതപരമായി കൈകാര്യം ചെയ്യാൻ നേതൃത്വം തുനിഞ്ഞതോടെയാണ് ഈ പ്രവണത ശക്തിപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് പ്രാദേശിക വിഘടിത ഗ്രൂപ്പുകൾ വ്യാപകമായി ഉയർന്നുവരാൻ തുടങ്ങിയതെന്ന് ഓർക്കണം. ഈ കലാപങ്ങൾ ഏതെങ്കിലും പ്രാദേശിക പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ള ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി അവഗണിക്കാവുന്നതല്ല. നാട്ടികയിലെ തളിക്കുളത്ത് വളരെ നേരത്തെ ഉണ്ടായ വിമത സംഘടന ഒറ്റപ്പെട്ടതായിരുന്നുവെന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ പാലക്കാട് ജില്ലയിലെ ഷൊർണൂർ, ഒറ്റപ്പാലം, മുണ്ടൂർ, കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം, മാവൂർ, ബാലുശ്ശേരി, കോഴിക്കോട് ടൗൺ, ഫറൂഖ്, ചെറുവണ്ണൂർ, അത്തോളി, ഏറ്റവും ഒടുവിൽ കൊയിലാണ്ടി, തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട്, ആലപ്പുഴയിൽ മാരാരിക്കുളം, എറണാകുളത്ത് മട്ടാഞ്ചേരി, വൈപ്പിൻ, ഉദയംപേരൂര്‍ കാസർകോട്ടെ ബേഡകം തുടങ്ങി ഈ പട്ടിക നീണ്ടുകൊണ്ടിരിക്കുന്നു. കോഴിക്കോട് തന്നെ പയ്യോളിയിൽ ഡി.വൈ.എഫ്.ഐ യോഗത്തിലെ ഇറങ്ങിപ്പോക്കും ഇതിനോട് ചേർത്തുകാണണം.

 

ടി.പി ചന്ദ്രശേഖരൻ വധത്തിനു ശേഷം കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം വിമതഗ്രൂപ്പുകൾ രൂപം കൊണ്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കൂടാതെ വിഭാഗീയത അവസാനിപ്പിച്ചു എന്ന് അവകാശപ്പെടുമ്പോഴും ഔദ്യോഗിക പക്ഷ വിരുദ്ധർ മിക്ക സ്ഥലങ്ങളിലും ഇപ്പോഴും സജീവമായി നിലനിൽക്കുകയും പല സ്ഥലങ്ങളിലും രണ്ട് പാർട്ടിയെപോലെ പ്രവർത്തിക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ സംസ്ഥാനമെമ്പാടും സ്വതന്ത്ര ചിന്തയും നിരീക്ഷണ പാടവവുമുള്ള ഇടതുപക്ഷ വിശ്വാസികളും അനുഭാവികളും പാർട്ടിക്ക് സംഭവിച്ചു കൊണ്ടിരിരിക്കുന്ന അപചയത്തിൽ ഖിന്നരും അസ്വസ്ഥരും ഫലത്തിൽ നിസ്സംഗരുമായി മാറിക്കൊണ്ടിരിക്കുകയാണ്.

 

ഏറ്റവും പരിതാപകരമായിട്ടുള്ളത് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് വിമതകലാപമുയർത്തുന്ന പ്രാദേശിക നേതാക്കളുടെ അടുത്തേക്ക് ഒത്തുതീർപ്പ് വ്യവസ്ഥകളുമായി മധ്യസ്ഥരെ അനുരഞ്ജനത്തിന് അയക്കുന്ന നേതൃത്വത്തിന്റെ ഗതികെട്ട അവസ്ഥയാണ്. ഷൊർണൂറും ഒറ്റപ്പാലത്തും മുണ്ടൂരും മാരാരിക്കുളത്തും കൊയിലാണ്ടിയിലും ബേഡകത്തുമെല്ലാം നാം കാണുന്നത് ഇതാണ്. 'കൊയിലാണ്ടിയിലെ ബാലകൃഷ്ണൻ അച്ചടക്ക നടപടിക്ക് വിധേയനാകാൻ സമ്മതിച്ചില്ലേ, ... അതോടെ അവിടത്തെ പ്രശ്നം തീർന്നില്ലേ' എന്ന് മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാന സെക്രട്ടറി ചോദിച്ചതായി ദേശാഭിമാനി തന്നെ ജനുവരി ഒന്‍പതിന് റിപ്പോർട്ട് ചെയ്തത് വായിച്ചപ്പോൾ വാസ്തവത്തിൽ ലജ്ജയാണ് തോന്നിയത്. മുമ്പ് ഏതെങ്കിലും സംസ്ഥാന സെക്രട്ടറിക്ക് അച്ചടക്കനടപടി നടപ്പാക്കാൻ അതിന് വിയേയനാകുന്ന സഖാവിന്റെ സമ്മതം ചോദിക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ടോ? വിമതനേതാക്കൾ ഉയർത്തുന്ന പ്രശ്നങ്ങൾ ശരിയായാലും തെറ്റായാലും പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുന്ന ദുർബലസ്ഥിതി പാർട്ടി നേതൃത്വത്തിന് എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് പാർട്ടി പ്രവർത്തകരും അനുഭാവികളും ഗൗരവമായി ആലോചിക്കണം. എ.വി ആര്യൻ, കെ.പി കോസലരാമദാസ്, ചാത്തുണി മാസ്റ്റർ, എം.വി രാഘവൻ, പുത്തലത്ത് നാരായണൻ, പി.വി കുഞ്ഞിക്കണ്ണൻ, കെ.ആർ ഗൗരിയമ്മ തുടങ്ങി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അവഗണിക്കാനാവാത്ത പങ്കു വഹിക്കുകയും ബഹുജന സ്വാധീനം തെളിയിക്കുകയും ചെയ്തിട്ടുള്ള പ്രഗത്ഭ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ആർജവം കാട്ടിയിട്ടുള്ള പാർട്ടി പിന്നീട് ഒരിക്കലും അവരുടെ പിന്നാലെ പോയിട്ടില്ല. (സമീപകാലത്ത് എം.വി.ആറിനെയും ഗൗരിയമ്മയെയും തേടി ചിലർ പോയത് ഒരു അപവാദമായി കണ്ടാൽ മതി) ആ പാർട്ടിയുടെ പിൻമുറക്കാരാണ് വിമതശബ്ദമുയർത്തുന്ന ഏരിയാ കമ്മിറ്റി അംഗത്തിന്റെയും ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും പിന്നാലെ അനുരഞ്ജനവുമായി നടക്കുന്നതെന്ന് ഓർക്കണം. അപ്പോൾ തെറ്റുകാർ ആരാണ്? പ്രാദേശിക പ്രവർത്തകരോ, ജില്ലാ-സംസ്ഥാന നേതൃത്വമോ?

 

ചുരുക്കത്തിൽ പാർട്ടിക്ക് രാഷ്ട്രീയവും സംഘടനാ പരവുമായി സുവ്യക്ത പ്രത്യയശാസ്ത്ര നിലപാടും അത് വ്യാഖ്യാനിക്കാനും പ്രയോഗിക്കാനുമുള്ള ബൗദ്ധിക ശേഷിയും പ്രായോഗിക രാഷ്ട്രീയ പ്രാഗത്ഭ്യമുള്ള നേതൃത്വവുമുണ്ടായിരുന്ന കാലത്താണ് അച്ചടക്കം ലംഘിക്കുന്ന മഹാരഥന്മാരായ നേതാക്കൾക്കെതിരെ പോലും ചാഞ്ചല്യമില്ലാതെ നടപടിയെടുക്കാനുള്ള തന്റേടവും ആർജവവും പാർട്ടിക്കുണ്ടായിരുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ സമീപനങ്ങളിൽ അവ്യക്തത പുലർത്തുകയും വർഗസമീപനമുപേക്ഷിച്ചുകൊണ്ട് വർഗശത്രുക്കളുമായി ചങ്ങാത്തവും രഹസ്യബാന്ധവങ്ങളും പുലർത്തുകയും ചെയ്യുന്ന, സ്വകാര്യ താത്പര്യങ്ങളിൽ അഭിരമിക്കുന്ന ഒരു നേതൃത്വം സംഘടനാപരമായ കരുത്ത് ചോർന്ന് ദുർബലമായില്ലെങ്കിലേ അത്ഭുതമുള്ളൂ. കേരളത്തിലെ ഇന്നത്തെ സി.പി.ഐ.എം നേതൃത്വം കരുത്തുറ്റതെന്ന് മേനി നടിച്ചുകൊണ്ട് ഫലത്തിൽ പാർട്ടിയെ ശിഥിലീകരണത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.