പ്രവാസി ഭാരതീയ ഭവനുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകാനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞ വർഷത്തെ 5 ശതമാനം സാമ്പത്തിക വളർച്ചാനിരക്ക് ഈ വർഷവും നിലനിറുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഷ്വറൻസ് മേഖലയിലടക്കം കൂടുതൽ സാമ്പത്തിക പരിഷ്‌കരണ നടപടികൾ ഉടൻ ഉണ്ടാവും. സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ ഗുണഫലങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അനുഭവപ്പെടും. തുറന്നതും സുതാര്യവും ശുദ്ധവുമായ സർക്കാർ സംവിധാനത്തിനു വേണ്ടിയുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത മാദ്ധ്യമങ്ങൾക്ക് ഒപ്പം നവ മാദ്ധ്യമങ്ങൾവഴി യുവജനങ്ങൾ സംഘടിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചന നല്‍കുന്നു. യുവാക്കൾ അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും വ്യക്തമാക്കുക മാത്രമല്ല ഭാവിയെ രൂപപ്പെടുത്താനായി രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. വിവിധ തലങ്ങളിലെ സൃഷ്‌ടിപരമായ ഈ മാറ്റം പ്രതീക്ഷ നൽകുന്നതാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകത്തെ ഒരിക്കൽ കൂടി ബോദ്ധ്യപ്പെടുത്തുന്നതായിരിക്കും വരുന്ന പൊതു തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ പ്രവാസികാര്യ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രാലയത്തെയും അദ്ദേഹം അഭിനന്ദിച്ചു.