മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തും. വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ രാത്രി 7.25 ന് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലെത്തി വിശ്രമിക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് കനകക്കുന്നില്‍ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 11.15 ന് ടെക്‌നോപാര്‍ക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ഗ്ലോബല്‍ ലേണിംഗ് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് 4.15 ന് കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഞായറാഴ്ച കൊച്ചി മറൈന്‍ ഡ്രൈവില്‍ 3.15-ന് പ്രധാനമന്ത്രി മാതൃഭൂമിയുടെ 90-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 4.05 ന് സെന്റ് തെരേസാസ് കോളേജില്‍ എത്തി മുന്‍ ഗവര്‍ണ്ണറും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എം.ജേക്കബ്ബിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി 5.20 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡയില്‍ നിന്ന്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിമാനത്താവളം, സഞ്ചരിക്കുന്ന മാര്‍ഗ്ഗങ്ങള്‍, ചടങ്ങ് നടക്കുന്നിടങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.