ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍വിമാനം തേജസ് വായുസേനയുടെ ഭാഗമാകുന്നു. ഇതിന്റെ ആദ്യപടിയായി റിലീസ് ടു സര്‍വീസ് (ആര്‍.ടി.എസ്) സാക്ഷ്യപത്രം പ്രതിരോധ മന്ത്രി എ.കെ ആന്റണി ബെംഗലൂരുവില്‍ നടന്ന ചടങ്ങില്‍ വായുസേനാ മേധാവി എന്‍.എ.കെ ബ്രൌണിന് കൈമാറി.
വര്‍ഷങ്ങളായി രാജ്യത്തിന്റെ വ്യോമപ്രതിരോധത്തിന്റെ മുഖ്യശക്തിയായിരുന്ന മിഗ് വിമാനങ്ങളുടെ സ്ഥാനത്തേക്ക് പകരം വരുന്നതിന് ഏറ്റവും അനുയോജ്യമാണ് തേജസ്സെന്ന്‍ ആന്റണി പറഞ്ഞു. മിഗ് 21 വിമാനങ്ങളുടെ പ്രവര്‍ത്തനം വായുസേന അവസാനിപ്പിച്ച് ഒരാഴ്ച തികയുന്ന അവസരത്തിലാണ് തേജസിന് സേനയുടെ പ്രവര്‍ത്തന അനുമതി ലഭിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പോര്‍വിമാനം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ മൂന്ന്‍ പതിറ്റാണ്ട് നീണ്ട ഫലമാണ് തേജസ്. ഏറനോട്ടിക്കല്‍ വികസന ഏജന്‍സി, ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്കല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് വിമാനം നിര്‍മ്മിച്ചത്.
വായുസേനക്കായി എം.കെ-ഒന്ന്‍ ശ്രേണിയിലുള്ള വിമാനങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആന്റണി അറിയിച്ചു. 40 വിമാനങ്ങള്‍ അടങ്ങുന്ന രണ്ട് സ്ക്വാഡ്രണുകള്‍ 2015-ലും 2017-ലുമായി വ്യോമസേനയുടെ ഭാഗമാകുമെന്ന് ആന്റണി പറഞ്ഞു. ഇതിന് ശേഷം എം.കെ-രണ്ട് ശ്രേണിയില്‍ നാല് സ്ക്വാഡ്രണുകള്‍ വ്യോമസേനയുടെ ഭാഗമാക്കും. ആകെ 200 വിമാനങ്ങളാണ് നിര്‍മ്മിക്കുക.