Skip to main content
ന്യൂഡല്‍ഹി

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ രഞ്ജനാ ദേശായി, സി. നാഗപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

 

കേസില്‍ മന്ത്രിമാരും പല ഉന്നതരും ഉള്‍പെട്ടതിനാല്‍ കേസന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോവുന്നതെന്നും അതിനാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വി. എസ് ഹരജി നല്‍കിയത്. സാക്ഷികള്‍ക്ക് പണം നല്‍കി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും കേസിലുള്‍പ്പെട്ടവരുടെ പേര് പുറത്ത് പറഞ്ഞാല്‍ കോടതിക്ക് നാണക്കേടാണെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേസ് പഴയതാണെന്നും അതിനാല്‍ പുനരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.