തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകള്‍ കൂടി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. കെ.എസ്.ആര്‍.ടി.സിക്ക് നേരത്തെ ബജറ്റില്‍ അനുവദിച്ച 100 കോടി രൂപക്ക് പുറമേ അധികസഹായമായി മറ്റൊരു 100 കോടി രൂപ കൂടി നല്‍കുമെന്നും ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, പത്തനാപുരം, കോന്നി, വര്‍ക്കല, കാട്ടാക്കട എന്നിവടങ്ങളിലായിരിക്കും പുതിയ താലൂക്കുകള്‍ നിലവില്‍ വരുക.
ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച ധനസഹായം കുറഞ്ഞുപോയതില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ബജറ്റ് അവതരണത്തിന് പിന്നാലെ നിയമസഭയില്‍ വെച്ച് തന്നെ ധനമന്ത്രിയോട് പ്രതിഷേധം അറിയിച്ചിരുന്നു.
സ്ഥലം മറിച്ചുവില്‍പ്പന തടയാന്‍ ബജറ്റില്‍ കൊണ്ടുവന്ന നിര്‍ദ്ദേശം കൂടുതല്‍ കര്‍ശനമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. പുതുതായി വാങ്ങിയ സ്ഥലം ആറ് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ ഇനിമുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒന്നര ഇരട്ടി നല്‍കേണ്ടി വരും. മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം.
മറുപടി പ്രസംഗത്തിനിടെ സ്പീക്കരുമായി തര്‍ക്കിച്ച പ്രതിപക്ഷ അംഗം വി. ശിവന്കുട്ടിയെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ താക്കീത് ചെയ്തു.