ന്യൂദല്‍ഹി: ലൈംഗികാതിക്രമ വിരുദ്ധ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കരടു ബില്ലില്‍ മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് രൂപീകരിച്ച ഉപസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ബില്ലാണ് അംഗീകരിച്ചത്. മാര്‍ച്ച് 18ന് ചേരുന്ന സര്‍വകക്ഷി യോഗം നിര്‍ദ്ദിഷ്ട ബില്ല് ചര്‍ച്ച ചെയ്യും. മാര്‍ച്ച് 22-ന് മുമ്പ് ബില്‍ സഭയില്‍ കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം.
ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി 18ല്‍ നിന്ന് 16 ആയി കുറക്കാനാണ് ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉപസമിതി ശുപാര്‍ശ ചെയ്തത്. വനിതാ-ശിശു ക്ഷേമ മന്ത്രി കൃഷ്ണ തിരാത്ത് ഈ നിര്‍ദ്ദേശത്തെ തുടര്‍ച്ചയായി എതിര്‍ത്തിരുന്നു. സ്ത്രീകളെ ശല്യം ചെയ്യല്‍ ജാമ്യം ലഭിക്കാത്ത കുറ്റമാക്കും. എന്നാല്‍ ഒളിഞ്ഞുനോട്ടം ജാമ്യം ലഭിക്കാവുന്ന കുറ്റമായി തുടരും. ബില്ലില്‍ ബലാല്‍സംഗത്തിനു പകരം ലൈംഗിക അതിക്രമം എന്ന പദം ഉപയോഗിച്ചതും ഉപസമിതി നിരാകരിച്ചു. ലൈംഗികാതിക്രമമെന്ന പദം ലിംഗഭേദമില്ലാത്തതാണെന്നും സ്ത്രീവിരുദ്ധമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
ഡല്‍ഹി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ബില്ലിന് അനുസൃതമായി ക്രിമിനല്‍ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്.