Skip to main content
ന്യൂഡല്‍ഹി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. കേസ് പഞ്ചാബ്, ഹരിയാന മുന്‍ ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കട്ടെയെന്നും ഇതുസംബന്ധിച്ച് ബി.സി.സി.ഐക്ക് എതിര്‍പ്പുണ്ടെങ്കില്‍ ചൊവ്വാഴ്ച അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.  ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്. കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയില്‍ മുകുള്‍ മുദ്ഗാലിനെ കൂടാതെ മുതിര്‍ന്ന അഭിഭാഷകരായ നാഗേശ്വര്‍ റാവുവും നീലേഷ് ദത്തയുമാണുള്ളത്. വാതുവയ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന ബി.സി.സി.ഐയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് എ.കെ പട്‌നായിക്, ജസ്റ്റീസ് ജെ.എസ് കേഹര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ ഉത്തരവ്.

 

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസന്‍ കേസില്‍ വിധി വരുന്നതുവരെ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാമെങ്കിലും ജയിച്ചാല്‍ സ്ഥാനമേറ്റെടുക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ആകാവൂ എന്ന് സുപ്രിംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യവര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്. 

Tags