Skip to main content
ധാക്ക

indo bangla relationsബംഗ്ലാദേശിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി കയറ്റുമതി ഇന്ത്യ ശനിയാഴ്ച ആരംഭിച്ചു. ഇരു രാജ്യങ്ങളിലെയും വൈദ്യുത ഗ്രിഡുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്ന ബംഗ്ലാദേശ്-ഇന്ത്യ വൈദ്യുത വിതരണ കേന്ദ്രം ബംഗ്ലാദേശിലെ ഭേറാമാരയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ്‌ ഇത്.

 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇന്ത്യയുടെ ഊര്‍ജവകുപ്പ് മന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ന്യൂഡല്‍ഹിയില്‍ നിന്ന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.

 

ഷെയ്ക്ക് ഹസീന 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒപ്പിട്ട ധാരണാപത്രം അനുസരിച്ചാണ് വൈദ്യുത കയറ്റുമതി. പ്രതിദിനം 50- മെഗാവാട്ട് വൈദ്യുതി അടുത്ത 35 വര്‍ഷത്തേക്ക് ഇന്ത്യ കയറ്റുമതി ചെയ്യും. 125 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിതരണ ലൈനാണ് ഇരുരാജ്യങ്ങളിലേയും സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നത്. ഇതില്‍ 40 കിലോമീറ്റര്‍ ബംഗ്ലാദേശിലാണ്. പരീക്ഷണ അടിസ്ഥാനത്തിലുള്ള വിതരണം സെപ്തംബര്‍ 27-ന് ആരംഭിച്ചു. നിലവില്‍ 250 മെഗാവാട്ട് വൈദ്യുതിയാണ് വിതരണം ചെയ്യുന്നത്. നവംബര്‍ അവസാനത്തോടെ ഇത് 500 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

രണ്ടു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ രാംപാല്‍ കല്‍ക്കരി നിലയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിച്ചു. 1,320 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ശക്തമാണ്. സുന്ദര്‍ബന്‍സ് കണ്ടല്‍ക്കാടുകളെ ദോഷകരമായി ബാധിക്കുന്നതാണ് പദ്ധതിയെന്നാണ് ഇവരുടെ വാദം. യുനെസ്കോ ലോക പൈതൃക പ്രദേശമായി അംഗീകരിച്ചിട്ടുള്ള സുന്ദര്‍ബന്‍സ് ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാടും വംശനാശ ഭീഷണി നേരിടുന്ന ബംഗാള്‍ കടുവയുടെ ഏറ്റവും വലിയ വാസകേന്ദ്രവുമാണ്.

Tags