തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി തടഞ്ഞു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഭവാനി സിങ്ങിനെ നീക്കാനുള്ള തീരുമാനമാണ് സുപ്രീം കോടതി തടഞ്ഞത്. കേസ് പരിഗണിക്കുന്ന ജഡ്ജി തിങ്കളാഴ്ച വിരമിക്കാനിരിക്കേ ജഡ്ജിയുടെ കാലാവധി നിയമപരമായി നീട്ടുന്ന കാര്യവും പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ ഭവാനി സിങ്ങിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച നടപടി പിന്‍വലിച്ച് ആഗസ്റ്റ് 26-ന് കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സര്‍ക്കാറിന്റെ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു കാണിച്ചാണ് ജയലളിത സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെയാണ് ഭവാനി സിങ്ങിനെ മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.