2 ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി.ചിദംബരത്തേയും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ടിന് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി (ജെ.പി.സി) വെള്ളിയാഴ്ച അംഗീകാരം നല്‍കി. ചെയര്‍മാന്‍ പി.സി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 11നെതിരെ 16 വോട്ടുകള്‍ക്ക് റിപ്പോര്‍ട്ട് ജെ.പി.സി യോഗത്തില്‍ പാസായി. എന്നാല്‍ 30 അംഗങ്ങളുള്ള സമിതിയില്‍ മൂന്ന് അംഗങ്ങളുടെ അസാന്നിദ്ധ്യത്തിലാണ് റിപ്പോര്‍ട്ട് പാസ്സാക്കിയത് എന്നതും ശ്രദ്ധേയമായിരുന്നു.
ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ, എ.ഐ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരാണ്എതിര്‍ത്ത് വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ടു ചെയ്തവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പി.സി.ചാക്കോ വ്യക്തമാക്കി. സി.പി.ഐ.എം, എ.ഐ.ഡി.എം.കെ. എന്നീ പാര്‍ട്ടികള്‍ വെള്ളിയാഴ്ചതന്നെ വിയോജനക്കുറിപ്പ് നല്‍കി. അഴിമതിയില്‍ മുന്‍ ടെലികോം മന്ത്രി എ. രാജക്കുമേല്‍ കുറ്റാരോപണം നടത്തിയാണ് പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും കുറ്റവിമുക്തരാക്കുന്ന കരട് റിപ്പോര്‍ട്ട് ജെ.പി.സി അംഗീകരിച്ചത്.
എന്നാൽ തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചത് പാര്‍ലമെന്ററി കമ്മിറ്റിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ബി.ജെ.പി നേതാവും സമിതി അംഗവുമായ യശ്വന്ത് സിൻഹ പറഞ്ഞു. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി.എ.ജിയുടെ കണക്കും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്