സോഷ്യല്‍ മാധ്യമങ്ങളുടെ മേല്‍ താമസിയാതെ ഇന്ത്യയില്‍ നിയന്ത്രണം വരുമെന്ന് ഉറപ്പ്. ആ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ മുഖ്യരാഷ്ട്രീയപാര്ട്ടികളെല്ലാം തന്നെ നിയന്ത്രണം വേണമെന്ന നിലപാടിലേക്കെത്തിയിരിക്കുന്നു. തിങ്കളാഴ്ച ദില്ലിയില്‍ നടന്ന ദേശീയോദ്ഗ്രഥന യോഗത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രസംഗത്തിലെ ഊന്നല്‍ ഈ വിഷയത്തിലായിരുന്നു. 47 പേരുടെ മരണത്തിനും നാല്‍പ്പതിനായിരം പേര്‍ക്ക് വീട് വിട്ട് പോകേണ്ടിയും വന്ന മുസഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപം ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ദേശീയോദ്ഗ്രഥന യോഗത്തില്‍ ഉന്നയിച്ചത്. കഴിഞ്ഞവര്‍ഷം വ്യാജ സന്ദേശങ്ങളെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ കൂട്ടത്തോടെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പലായനം ചെയ്യാനിടയായ സാഹചര്യവും പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. വ്യാജദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാനിടയായതാണ് മുസഫര്‍നഗര്‍ കലാപത്തിനു കാരണമായതെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുകയുണ്ടായി.
അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിലെ ജീവവായുവാണ്. അതിനര്‍ഥം ഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്യമെന്നല്ല. ഒരു വ്യക്തി തനിക്കുള്ള അഭിപ്രായം മറ്റൊരാളുമായി ഒരു മാധ്യമത്തിലൂടെ പങ്കുവയ്ക്കുമ്പോള്‍ അയാള്‍ സാമൂഹികമായുള്ള ഇടപെടല്‍ നടത്തുകയാണ്. സാമൂഹികമായി ഇടപെടല്‍ നടത്തുന്നവര്‍ക്ക് ചുരുങ്ങിയ പക്ഷം എളിയ തോതിലുള്ള സാമൂഹ്യബോധമെങ്കിലും അനിവാര്യമാണ്. ആ ബോധത്തിലേക്കുയരുമ്പോഴാണ് ജനാധിപത്യം അര്‍ഥവത്താകുന്നതും അങ്ങിനെയുള്ളവരുടെ ഇടപെടല്‍ ജനാധിപത്യത്തെ സക്രിയമാക്കുന്നതും. പലപ്പോഴും സംഭവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നവര്‍ ഒരു സിറ്റിസന്‍ ജേര്‍ണലിസ്റ്റായി സ്വയം മാറാന്‍ ശ്രമിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തനശൈലി ഇവരെ സ്വാധീനിക്കുന്നതായി പലപ്പോഴും കാണാന്‍ കഴിയുന്നു. പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ രണ്ടുദാഹരണങ്ങളും സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്വമില്ലായ്മയില്‍ നിന്നാണെങ്കില്‍ അവയുടെ മേല്‍ നിയന്ത്രണം വരുത്തുന്നതിന് ആര്‍ക്കും എതിരുപറയാനാകില്ല. ജനാധിപത്യം നിരുത്തരവാദിത്വപരമായ സ്വാതന്ത്ര്യത്തിനുള്ളതല്ല. വര്‍ഗ്ഗീയ വിദ്വേഷം ഇളക്കിവിടുന്ന ഉള്ളടക്കങ്ങളെ ഇന്റര്‍നെറ്റില്‍ നിയന്ത്രിക്കാന്‍ തത്സമയ സോഫ്റ്റ് വെയറുകള്‍ സജ്ജമാക്കണമെന്നാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് സോഷ്യല്‍ മീഡിയയ്ക്ക് സെന്‍സര്‍ഷിപ്പ് വരാന്‍ അധികം താമസമുണ്ടാകില്ല എന്നതാണ്.
ശക്തമായ സോഷ്യല്‍ മീഡിയയ്ക്ക് സെന്‍സര്‍ഷിപ്പ് വന്നുകഴിഞ്ഞാല്‍ അതേ യുക്തിയില്‍ മറ്റ് മുഖ്യധാരാമാധ്യമങ്ങളിലേക്കും വൈകാതെ തന്നെ നിയന്ത്രണം വരാനാണ് സാധ്യത. അവിടേയും ഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്ര്യ പ്രയോഗത്തിന്റെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉദാഹരണങ്ങള്‍ ഏറെയാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് അപക്വമായ കൈകളില്‍ എത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ജനാധിപത്യം കൊടുക്കേണ്ടിവരുന്ന വലിയ വിലയായിരിക്കും മാധ്യമങ്ങള്‍ക്കു മേല്‍ വരുന്ന നിയന്ത്രണങ്ങള്‍. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി അതിശക്തമായി വാദിച്ചിരുന്നവര്‍പോലും ഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്ര്യ പ്രയോഗം കണ്ട് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന അഭിപ്രായത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധേയമാണ്.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശവിഷയമായി. സമീപകാലത്തായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളിലൂടെ പ്രകടമാകുന്ന രോഗലക്ഷണങ്ങളെ കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ല. അതിന് മാധ്യമങ്ങള്‍ മാത്രമല്ല ഉത്തരവാദി. പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും അതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക പ്രയാസം. കാരണം പുത്തന്‍ സാമൂഹികാന്തരീക്ഷസൃഷ്ടിയില് അദ്ദേഹത്തിന്റെ പങ്കും നിര്‍ണ്ണായകമാണ്. അവിടെ മാധ്യമങ്ങള്‍ സര്‍ഗ്ഗാത്മക ചാലകശക്തിയായി മാറുന്നതിനു പകരം മാറിയ ആ സംസ്കാരത്തിന്റെ പ്രാചാരകരായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. മെല്ലെ അച്ചടിമാധ്യമങ്ങളും ആ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
2014 പൊതുതെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിന്റെ സ്വരങ്ങളാണ് എവിടേയും ഇപ്പോള്‍ പ്രകടമാകുന്നത്. തിങ്കളാഴ്ചത്തെ ദേശീയോദ്ഗ്രഥന സമിതി യോഗത്തിലും അതു വ്യക്തമായി നിഴലിക്കുകയുണ്ടായി. വരുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്ന കക്ഷിക്കെതിരെയുള്ള എതിര്‍പ്രചാരണങ്ങള്‍ വര്‍ധിതമായ തോതില്‍ നടക്കാനിടയുണ്ട്. അതുകൂടി കണ്ടിട്ടാവണം തിങ്കളാഴ്ചത്തെ യോഗത്തില്‍ പ്രധാനമന്ത്രി ഈ വിഷയത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുത്തതെന്നും കാണാവുന്നതാണ്. എന്തുതന്നെയായാലും മാധ്യമ നിയന്ത്രണം ഏതുരീതിയില്‍ വരുന്നതും അഭിലഷണീയമല്ല. അതേ സമയം വര്‍ത്തമാനകാലത്തിലെ മാധ്യമ സംസ്കാരവും അഭിലഷണീയമല്ലാതായി വരുന്നു. ഈ സാഹചര്യമാണ് ഭരണകൂടത്തിന് തുറന്നുകൊടുക്കുന്ന വാതില്‍. ഈ സ്ഥിതി വിശേഷത്തില്‍ നിന്നു നോക്കുമ്പോള്‍ പ്രകടമാകുന്നത് ഒന്നാണ്. അതായത് ഏറ്റവും സുപ്രധാനമായ ഒന്നിന്റെ അഭാവം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പത്രാധിപരുടെ അഥവാ പത്രാധിപമാരുടെ അഭാവം. ഈ അഭാവമാണ് പൊതുസമൂഹത്തില്‍ എന്തും കാണിക്കാം എന്തും പറയാം എന്ന കാഴ്ചപ്പാടിലേക്ക് സാധാരണ പൗരനെയും കൊണ്ടെത്തിച്ചത്.