രാജ്യത്ത് അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും ഉണ്ടാവുന്നതില്‍ സോഷ്യല്‍ മീഡിയക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ സാമുദായിക സ്പര്‍ദ്ധ വളരുന്നതിനും കാരണമാവുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസാഫര്‍ നഗര്‍ പോലുള്ള കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും സോഷ്യല്‍ മീഡിയയും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. ഇത്തരം കലാപങ്ങല്ക്കെതിരെ പ്രദേശിക ഭരണകുടങ്ങള്‍ ശ്രദ്ധിക്കണം. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ എത്ര കരുത്തരായാലും അവരെ നേരിടാന്‍ സര്‍ക്കാരിന് കഴിയും. വര്‍ഗീയ കലാപങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതേസമയം, ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, അരുണ്‍ ജെയ്റ്റിലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.