ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന് കായിക മന്ത്രാലയത്തിന്‍റെ തീരുമാനം. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കായിക മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 2008-ല്‍ കൊച്ചിയില്‍ നടന്ന ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ വെച്ച് നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു മാസത്തെ സസ്‌പെന്‍ഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന തീരുമാനം കായിക മന്ത്രാലയം കൈക്കൊണ്ടത്.
ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് രഞ്‌ജിത് മഹേശ്വരിയുടെ പേര് നേരത്തെ പരിഗണിച്ചിരുന്നു. ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട താരത്തിന് അര്‍ജുന അവാര്‍ഡിനു പരിഗണിച്ച അത്‌ലറ്റിക് ഫെഡറേഷന്റെ നടപടിയില്‍ കായിക മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കായിക മന്ത്രാലയത്തിന്‍റെ അറിയിപ്പ് തനിക്ക് ലഭിച്ചതായി രഞ്ജിത് മഹേശ്വരി പറഞ്ഞു. ഉത്തേജക മരുന്നല്ല കഴിച്ചതെന്നും അസുഖത്തിനുള്ള മരുന്നാണ് കഴിച്ചിരുന്നതെന്നും രഞ്ജിത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഔദ്യോഗികമായി പ്രഖ്യാപിച്ച പുരസ്കാരം പിന്നീട് നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.