ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളായി വിധിക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി ബുധനാഴ്ച വിസമ്മതിച്ചു.
ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികമോ വര്‍ഷം തടവ് ലഭിക്കുന്ന എം.പിയോ എം.എല്‍.എയോ ഉടന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ട് ജൂലൈ പത്തിന് കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കിക്കൊണ്ട് അംഗമായി തുടരാന്‍ ഇങ്ങനെയുള്ളവരെ അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടിരുന്നു.
മറ്റൊരു വിധിയില്‍ ജയിലിലോ പോലീസ് തടവിലോ കഴിയുന്നവരെ തെരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിരുന്നു. ഈ വിധി പുന:പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചക്ക് ശേഷം അപ്പീല്‍ നല്‍കി വിധിയില്‍ സ്റ്റേ ലഭിച്ചാല്‍ അംഗമായി തുടരാന്‍ ജനപ്രതിനിധികളെ അനുവദിക്കണമെന്നും എന്നാല്‍ ഇവരുടെ സഭയിലെ വോട്ടവകാശം, ശമ്പളം എന്നിവ സസ്പെന്‍ഡ് ചെയ്യാം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.
രാജ്യത്തെ 4,835 എം.പി, എം.എല്‍.എമാരില്‍ 1,448 പേര്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ട്. ഇവരില്‍ 641 പേര്‍ കടുത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. 543 ലോക് സഭാംഗങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്ന 162 പേരില്‍ 75 പേര്‍ക്കെതിരെയുള്ളതും കടുത്ത കുറ്റകൃത്യങ്ങളാണ്.