സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതായി മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ച ആഗസ്ത് 13-ന് ആണ് ഇരുനേതാക്കളും തമ്മില്‍ സംഭാഷണം നടന്നത്.
ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇരുനേതാക്കളും ഇത് തള്ളിയിരുന്നു. അന്ന് പിണറായിയോട് സംസാരിച്ചിരുന്നു എന്ന്‍ തിരുവഞ്ചൂര്‍ സമ്മതിച്ചെങ്കിലും അക്രമാസക്തരായ പ്രവര്‍ത്തകരെ ശാന്തരാക്കിയതിന് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്.