Skip to main content

നരണിപ്പുഴ ഷാനവാസ്, കൊമേര്‍ഷ്യല്‍ ഹിറ്റുകളൊന്നും ഈ സംവിധായകനോട് ചേര്‍ത്ത് വയ്ക്കാനില്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ ഒരു അനുഭവത്തിന്റെ അധ്യായമെഴുതിയാണ് അദ്ദേഹം വിട പറയുന്നത്. സംവിധാനം ചെയ്തത് രണ്ടേ രണ്ട് ചിത്രം. ഒന്ന് കരി, മറ്റൊന്ന് സൂഫിയും സുജാതയും. നിരൂപണശ്രദ്ധയാണ് കരിക്ക് കിട്ടിയതെങ്കില്‍, ആസ്വാദന ശ്രദ്ധയാണ് സൂഫിയും സുജാതയ്ക്കും കിട്ടിയത്. മലയാള സിനിമയിലെ ആദ്യ ഒ.ടി.ടി റിലീസായി വന്ന് പ്രക്ഷേകരുടെ ഹൃദയത്തില്‍ തൊട്ട ചിത്രമാണ് സൂഫിയും സുജാതയും. ഒരു സൂഫി കവിതപോലെ. ശരിക്കും നരണിപ്പുഴ ഷാനവാസ് എന്ന കലാകാരന്റെ ശേഷി ആ ഒരൊറ്റ ചിത്രത്തിലൂടെ വായിച്ചെടുക്കാം. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരുന്നത്. സൂഫിയായി മോഹന്‍ ദേവും സുജാതയായി അദിതി റാവുവുമാണ് വേഷമിട്ടത്.

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയകഥ, സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം. കണ്ട് പരിചയിച്ച പ്രണയരംഗങ്ങളൊന്നും കൂടാതെ, ഇങ്ങനെയും പ്രണയം സംഭവിക്കാമെന്ന് അനുഭവിപ്പിക്കുകയായിരുന്നു ഷാനവാസ്. സൂഫിസം പിന്തുടരുന്ന നായകനും ഒരു ഹിന്ദു പ്രമാണി കുടുബത്തിലെ അംഗമായ സുജാതയും അടുത്ത് പോവുകയാണ്. ഒരു പക്ഷേ ക്ലീഷേ ആയിപ്പോകാന്‍ ഏറെ സാധ്യതയുള്ള പശ്ചാത്തലം. പക്ഷേ ഷാനവാസ് അതിനവസരം നല്‍കയില്ല. 

സംസാര ശേഷിയില്ലാത്ത സുജാതയെ നെടുംതൂണാക്കി അദ്ദേഹം കഥപറഞ്ഞു.  ഒരു സംഭാഷണം പോലുമില്ലാതെ സുജാതയെക്കൊണ്ട് സിനിമയെ ആദിമധ്യാന്തം നയിപ്പിച്ചു. ശാരീരികവും മാനസികവുമായ അടുപ്പത്തിനപ്പുറം രണ്ട് ആത്മാക്കള്‍ തമ്മിലുള്ള അടുപ്പത്തെയാണ് സൂഫിയുടെയും സുജാതയുടെയും ബന്ധത്തിലൂടെ ഷാനവാസ് വരച്ച് കാട്ടിയത്. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ കോളിളക്കമുണ്ടാക്കാവുന്ന കഥാ സന്ദര്‍ഭങ്ങളേറെ ചിത്രത്തിലൂണ്ടായിരുന്നെങ്കിലും ഷാനവാസ് അതിനെയൊക്കെ സൗന്ദര്യാത്മകമാക്കി. സിനിമ കണ്ടവസാനിക്കുമ്പോള്‍ ആ സംവിധായകനില്‍ നിന്ന് ഇനിയുമേറെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിനിമമാത്രമല്ല, തന്റെ ജീവിതവും സൂഫി കവിത പോലെയാക്കി അദ്ദേഹം മടങ്ങുകയാണ്.

Ad Image