കേരളം കണ്ട ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടന്നത്. ഒന്നും രണ്ടുമല്ല അറുപത്താറിടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രാഥമികമായി തന്നെ 300 കോടിയുടെ കള്ളപ്പണ ഇടപാടുകളാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇത്രയും ഗുരുതരമായ ഒരു സംഭവം നമ്മുടെ നാട്ടില്‍ നടന്നിട്ട് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചോ? കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും ഒരേ പോലെ മൗനത്തിലാണ്. എന്തായിരിക്കും ഇതിന് കാരണം? ഉത്തരമിതാണ് അവര്‍ ഭയത്തിലാണ്. നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തേക്ക് വന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കളുടെയും തനി നിറം വെളിച്ചത്ത് വരും. കെ.പി യോഹന്നാന്‍ വാരിക്കോരിയാണ് രാഷ്ട്രീയക്കാര്‍ക്ക് സംഭാവനകളും സഹായങ്ങളും നല്‍കിയിരുന്നത്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല, ആരാണ് കൂടതല്‍ വാങ്ങിയതെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമൊള്ളൂ.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊണ്ടുവന്ന പണം കെ.പി യോഹന്നാന്‍ തന്റെ സാമ്പത്തിക സാമ്രാജ്യം വളര്‍ത്തുന്നതിനായി ഉപയോഗിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്. അതിനുമപ്പുറം ഇതിന്റെയെല്ലാം ഒരോഹരി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമയാസമയങ്ങളില്‍ എത്തിച്ചിരുന്നു. ഇതിന്റെയെല്ലാം തെളിവുകളും അദ്ദേഹം സൂക്ഷിച്ച് വച്ചിട്ടുണ്ടാകാനും സാധ്യതയുണ്ട്. കാരണം വെറുതെ പണം വാരിയെറിയാന്‍ ആരും തയ്യാറാവില്ലല്ലോ? തനിക്കെതിരെ ഒരന്വേഷണവും ആരോപണവും ഉണ്ടാവരുത് എന്നതായിരുന്നു കെ.പി യോഹന്നാന്റെ ഉദ്ദേശം. അഥവാ വേറെയേതെങ്കിലും കോണില്‍ നിന്ന് പ്രശ്മുണ്ടാവുകയാണെങ്കില്‍ അതില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ വായടപ്പിക്കണം എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നു. എന്തായാലും ആ കളി മോദി സര്‍ക്കാരിനോട് മാത്രം നടന്നില്ല.
പത്ത് വര്‍ഷം മുമ്പ് വരെ കെ.പി യോഹന്നാനെ തരം താണ സുവിശേഷ പ്രവര്‍ത്തകനായിട്ടാണ് പ്രമുഖ ക്രൈസ്തവ സഭകളെല്ലാം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് കെ.പി യോഹന്നാനെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആത്മീയ നേതാവായിട്ടാണ് പ്രമുഖ സഭകള്‍ പരിഗണിക്കുന്നത്. ഈ പദവിയും അദ്ദേഹം നേടിയെടുത്തത് പണംകൊണ്ടാണ്. തിരുവല്ലയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജ് ഇതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുമുണ്ട്. അടുത്തകാലത്ത് കാലം ചെയ്ത മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ, അന്ത്യ നാളുകള്‍ ചെലവഴിച്ചതും ഈ മെഡിക്കല്‍ കോളേജിലായിരുന്നു. മറ്റ് പല ആത്മീയ നേതാക്കളും ചികിത്സാര്‍ത്ഥം ഇവിടെയെത്താറുണ്ട്. ഇവര്‍ക്കെല്ലാം വേണ്ട രീതിയില്‍ ഇദ്ദേഹം ഇളവനുവദിക്കാറുമുണ്ട്. അതിന്റെ ഉപകാരസ്മരണയായിട്ടാണ് സഭാതലത്തില്‍ ബിലീവേഴ്സ് ചര്‍ച്ച് ആദരവ് നേടിയെടുത്തത്.