Skip to main content

ഇരുപതിനായിരം ഏക്കറില്‍പരം സ്ഥലം, അത്യാധുനിക മെഡിക്കല്‍ കോളേജ്, കേരളത്തിനകത്തും പുറത്തുമായി മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വന്തമായി ടെലിവിഷന്‍ ചാനല്‍ അങ്ങനെ പോകുന്നു കെ.പി യോഹന്നാന്റെ ആസ്തി വിവരങ്ങള്‍. 

കുട്ടനാട്ടിലെ ശരാശരിയില്‍ താഴെയുള്ള ഒരു സാധാരാണ കുടുംബത്തില്‍ നിന്ന് വന്ന കെ.പി യോഹന്നാന്‍ സുവിശേഷത്തിന്റെ പേരില്‍ വെട്ടിപ്പിടിച്ചതാണിവയെല്ലാം. തിരുവല്ലയ്ക്കടുത്ത് അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് 1950ലാണ് കെപി യോഹന്നാന്‍ ജനിച്ചത്. ആ സമയത്ത് താറാവ് കൃഷിയിലേര്‍പ്പെട്ടു വരികയായിരുന്നു കുടുംബം. മാര്‍ത്തോമാ സഭാവിശ്വാസികളായിരുന്നു അവര്‍. അങ്ങനെയിരിക്കെ അറുപതുകളിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസവുമായി കെപി യോഹന്നാന്‍ വൈദികപഠനത്തിന് വിദേശത്തേക്ക് പോകുന്നത്. തുര്‍ന്ന് ജര്‍മന്‍ സ്വദേശിയായ ഒരു വിധവയെ വിവാഹം ചെയ്തു. ഇക്കാലയളവിലാണ് കെപി യോഹന്നാന്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ സജീവാകുന്നതും കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും. വിദേശത്തിരുന്നുകൊണ്ട് റേഡിയോ വഴിയായിരുന്നു സുവിശേഷപ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നത് അതിനൊപ്പം നാട്ടില്‍ ചെറിയ തോതില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 1980 ല്‍ തന്റെ രണ്ട് സഹോദരന്മാരുമായി ഗോസ്പല്‍ ഫോര്‍ ഇന്ത്യ എന്ന ട്രസ്റ്റ് രൂപീകരിച്ചു, പിന്നീട് ഈ ട്രസ്റ്റിന്റെ പേര് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നാക്കി മാറ്റി. 

1983 ല്‍ തിരുവല്ല നഗരത്തിനു ചേര്‍ന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ചു. അങ്ങനെ പതിയെ പതിയെ കെ.പി യോഹന്നാന്‍ തന്റെ പ്രവര്‍ത്തി മേഖല വ്യാപിപ്പിച്ചു കൊണ്ടിരുന്നു. 2003 ലാണ് ഈ വളര്‍ച്ച അടുത്ത ഘട്ടത്തിലേക്കെത്തുന്നത്. ആ വര്‍ഷം ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ ഒരു എപ്പിസ്‌ക്കോപ്പല്‍ സഭയ്ക്ക് കെ.പി യോഹന്നാന്‍ രൂപം നല്‍കി. മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണ ഇല്ലാതെ ഒരു സഭ രൂപീകരിക്കാന്‍ കഴിയില്ല. കാരണം പുതിയ സഭയുടെ അധിപനായി ഒരാളെ വാഴിക്കാന്‍ മറ്റൊരു സഭയിലെ ബിഷപ്പിന്റെ കാര്‍മ്മികത്വം ആവശ്യമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ സഭകളെല്ലാം കെ.പി യോഹന്നാന് എതിരായിട്ടാണ് നിലപാടെടുത്തത്. അങ്ങനെ ഒടുവില്‍ സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. ബിഷപ്പിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധമുണ്ടാവുകയും തുടര്‍ന്ന് മോഡറേറ്റര്‍ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും ബിലീവേഴ്സ് ചര്‍ച്ചിന്റെ വളര്‍ച്ചക്ക് തടസ്സമായില്ല. ഇന്ന് വിവിധ വിദേശരാജ്യങ്ങളിലുള്‍പ്പെടെ ശാഖകളുള്ള ഒരു സഭയാണ് ബിലീവേഴ്സ് ചര്‍ച്ച്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ വേരോട്ടം ഈ സഭയ്ക്ക് നിലവിലുണ്ട്. 

ഗോസ്പല്‍ ഫോര്‍ ഏഷ്യ തുടങ്ങിയ കാലത്ത് തന്നെ വിദേശസഹായങ്ങള്‍ കെ.പി യോഹന്നാന്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ലൈസന്‍സും അദ്ദേഹം സമ്പാദിച്ചിരുന്നു. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിരുന്ന ഫണ്ട് കാലക്രമേണ റിയല്‍ എസ്റ്റേറ്റുകളിലേക്കും മറ്റ് സ്ഥാപനങ്ങളിക്കുമൊക്കെ വഴിമാറി. അങ്ങനെയാണ് ശതകോടികളുടെ ആസ്ഥി ബിലീവേഴ്സ് ചര്‍ച്ചിനുണ്ടാകുന്നത്. കണക്കില്ലാത്ത പണമാണ് ഇത്തരത്തില്‍ വഴിമാറ്റി ഉപയോഗിച്ചത് എന്ന കണ്ടെത്തലാണ് ഇപ്പോള്‍ ആദായ നികുതിവകുപ്പ് നടത്തിയിരിക്കുന്നത്. 

നേരത്തെ തന്നെ ബിലീവേഴ്സ് ചര്‍ച്ചിനെതിരെ പരാതികള്‍ പലതുമുണ്ടായിട്ടും അതില്‍ നടപടിയൊന്നും വന്നില്ല. ഇക്കുറി അതി നാടകീയമായിട്ടാണ് ആദായനികുതി വകുപ്പ് രംഗത്തെത്തിയത്. കേരളത്തിലെ ഘടകത്തെ അറിയിക്കാതെ ബാംഗ്ലൂരില്‍ നിന്നുള്ള സംഘമാണ് തിരുവല്ലയിലെ ആസ്ഥാനത്തും മറ്റ് സ്ഥാപനങ്ങളിലും ഒരേ സമയം റെയ്ഡ് തുടങ്ങി വച്ചത്. ഈ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും രഹസ്യ അറകളില്‍ നിന്നും നിരോധിച്ച നോട്ടുകളുള്‍പ്പെടെ 15 കോടിയോളം രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. പരിശോധന തുടരുന്നതേയുള്ളൂ, വരും ദിവസങ്ങളില്‍ വ്യാപക റെയ്ഡുകള്‍ പ്രതീക്ഷിക്കാം. ഇക്കുറി കെ.പി യോഹന്നാന്‍ കുടുങ്ങുമെന്നുറപ്പാണ്.

 

Ad Image