ടെയോട്ട പ്രയസിന്‍റെ വില്‍പ്പന ആഗോളതലത്തില്‍ 30 ലക്ഷം കടന്നു. ടെയോട്ട 1997-ല്‍ ജപ്പാനിലും 2000-ത്തില്‍ ആഗോള വിപണിയിലും അവതരിപ്പിച്ച ഈ കാറാണ് ഇന്ന് കമ്പനിയുടെ ജപ്പാന്‍ വിപണിയുടെ 40 ശതമാനം പങ്കാളിത്തം സ്വന്തമാക്കിയിരിക്കുന്നത്. ഈ മുന്‍പേ പറക്കുന്ന പക്ഷിയുടെ ചിറകില്‍ വൈകാതെ തന്നെ ലോകം ചേക്കേറാന്‍ സാധ്യതകളും കൂടുകയാണ്.
വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ ഹൈബ്രിഡ് കാറായ പ്രയസിന്‍റെ സ്വീകാര്യതക്ക് വില്‍പ്പനക്കണക്കുകള്‍ തന്നെ സാക് ഷ്യം പറയുന്നു. 16 വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രയസ് 30 ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. എന്നാല്‍, അവതരിപ്പിച്ച് 11 വര്‍ഷങ്ങള്‍ കഴിഞ്ഞ് മേയ് 2008-ലാണ് പ്രയസ് 10 ലക്ഷം കാറുകള്‍ വിറ്റതെങ്കില്‍ രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ സെപ്തംബര്‍ 2010-ല്‍ വില്‍പ്പന 20 ലക്ഷം കടന്നു. മൂന്നു വര്‍ഷം തികയുന്നതിന് മുമ്പേ ഇക്കഴിഞ്ഞ ജൂണില്‍ അടുത്ത പത്തു ലക്ഷം കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പേരിനെ അന്വര്‍ത്ഥമാക്കുകയാണ് പ്രയസ്. അതേ, മുമ്പേ പോകുക എന്നാണ് ലാറ്റിന്‍ ഭാഷയില്‍ പ്രയസ് എന്ന വാക്കിന്റെ അര്‍ത്ഥം.
വൈദ്യുതിയിലും എണ്ണയിലും ഓടുന്ന പ്രയസിന്റെ കരുത്ത് പരിസ്ഥിതിക്കിണങ്ങിയ സാങ്കേതികവിദ്യയാണ്. യു.എസ്സിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സീസ് ഏറ്റവും ‘ക്ലീന്‍’ കാറുകളില്‍ ഒന്നെന്ന ബഹുമതി നല്കി യ പ്രയസ് 2009-ല്‍ അവതരിപ്പിച്ച മൂന്നാം തലമുറയാകുമ്പോഴേക്കും ഇന്ധനക്ഷമതയിലും മുന്നിലെത്തുന്നു. ആദ്യ തലമുറയില്‍ ലിറ്ററിന് 28 കി.മീ. ആയിരുന്നു മൈലേജ് എങ്കില്‍ പുതിയ പ്രയസില്‍ അത് 38 കി.മീ. ആണ്. 1,261 പേറ്റന്റുകളാണ് കമ്പനി ഈ കാറിന്റെ നിര്‍മ്മാണവും വികസനവുമായി ബന്ധപ്പെട്ട് കരസ്ഥമാക്കിയിരിക്കുന്നത് എന്ന വസ്തുത തന്നെ ഭാവിയുടെ കാറുകളുടെ സാങ്കേതികവിദ്യ ഹൈബ്രിഡ് ആയിരിക്കും എന്നത് വ്യക്തമാക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യയില്‍ 20 മോഡലുകള്‍ ഇന്ന്‍ ടെയോട്ട 80-ഓളം രാജ്യങ്ങളില്‍ വിപണിയിലിറക്കിയിട്ടുണ്ട്. 2015 ഡിസംബര്‍ ആകുമ്പോഴേക്കും 18 പുതിയ മോഡലുകള്‍ കൂടി നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.