Skip to main content

ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധമെന്താണ് ?  ശിവശങ്കര്‍ സ്വപ്‌നയ്ക്കും സംഘത്തിനും സഹായം ചെയ്തുകൊടുത്തോ ?  സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടോ ? സ്വപ്‌നയ്ക്കും സഹായികള്‍ക്കും ഫ്‌ളാറ്റ് തരപ്പെടുത്തി കൊടുത്തത് ശിവശങ്കറാണോ ? ബാഗേജ് പിടിച്ചപ്പോള്‍ ശിവശങ്കര്‍ കംസ്റ്റംസിനെ വിളിച്ചോ ?  സ്വപ്നയെ ഒളിവില്‍ കഴിയാന്‍ ശിവശങ്കര്‍ സഹായിച്ചോ?  ശിവശങ്കറില്‍ നിന്ന് എന്‍.ഐ.എ തേടുന്നത് ഇതൊന്നുമല്ല. ഒരൊറ്റ ചോദ്യത്തിന്റെ ഉത്തരമാണ് എന്‍.ഐ.എക്ക് വേണ്ടത്. ആ ചോദ്യം വളരെ സുക്ഷ്മമാണ്. അല്ലെങ്കില്‍ പിന്‍പോയിന്റടാണ്. ചോദ്യമിതാണ് സ്വപ്‌നയും സംഘവും സ്വര്‍ണം കടത്തുന്നതിന്റെ ചെറിയൊരു സൂചനയെങ്കിലും ശിവശങ്കറിന് ലഭിച്ചിരുന്നോ ? അല്ലെങ്കില്‍ അങ്ങനെയൊരു സംശയം ശിവശങ്കറിന് തോന്നിയിരുന്നോ ? ആ ഒരൊറ്റ പോയിന്റിലേക്കാണ് എന്‍.ഐ.എ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. 

ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ശിവശങ്കിറിന്റെ കാര്യം ക്ലീന്‍. ആ ചോദ്യത്തിന്റെ ഉത്തരം നോ എന്നാണെങ്കില്‍ ശിവശങ്കറിന് വീട്ടില്‍ പോകാം. മറിച്ച് യെസ് എന്നാണെങ്കില്‍ അതോടെ കളിമാറും. ശിവശങ്കറല്ല പിന്നെ സ്റ്റേറ്റ് കൂടി കേസില്‍ പ്രതിയാകും. സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടോ ഇല്ലയോ എന്നതൊക്കെ പിന്നെ വരുന്ന വിഷയമാണ്. സ്വപ്‌നയെക്കുറിച്ച് ഇത്തരത്തിലൊരു സംശയമെങ്കിലും ശിവശങ്കറിനുണ്ടായിരുന്നു എങ്കില്‍ ധാര്‍മ്മികമായി അദ്ദേഹമാണ് കേസിലെ ഒന്നാം പ്രതി. മൂന്ന് വിധത്തിലാണ് അദ്ദേഹത്തില്‍ കുറ്റം വന്നുചേരുക. ഒന്ന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍. രണ്ട്., ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍. മൂന്ന്, ഒരിന്ത്യന്‍ പൗരനെന്നനിലയില്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന് സ്വപ്‌ന ഇത്തരം കുറ്റംചെയ്യുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എങ്കില്‍ അത് മുഖ്യമന്ത്രിയെ അറിയിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഒരു ഐ.എ.എസ്സുകാരനെന്ന നിലയില്‍ ഇത്തരം കുറ്റകൃത്യത്തെ കുറിച്ച് അറിവുകിട്ടിയാല്‍ ബന്ധപ്പെട്ട അധികൃതരെ ശിവശങ്കര്‍ ഉറപ്പായും അറിയിച്ചിരിക്കണം. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇക്കാര്യത്തെകുറിച്ച് സൂചന കിട്ടിയാല്‍ പേരുവയ്ക്കാതെ ഒരു കത്തെങ്കിലും പോലീസിന് അയച്ചരിക്കണം. കാരണം നമ്മുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്.  

ഇവിടെ ശിവശങ്കര്‍ ഈ കുറ്റത്തെക്കുറിച്ച് അറിഞ്ഞിട്ട് മറച്ചുവച്ചെങ്കില്‍ അത് മുംബൈ ഭീകരാക്രമണത്തേക്കാള്‍ മാരകമായ കുറ്റമാണ്. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചരിക്കുന്നു  തിങ്കളാഴ്ച കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ആ ചോദ്യം ചെയ്യലില്‍ ഇക്കാര്യം തെളിയുകയാണെങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ. ഒരു ഉദ്യോഗസ്ഥന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് രാജ്യദ്രോഹം കണ്ടില്ലെന്ന് വയ്ക്കുന്നു. അതുവഴി ഒരു സ്‌റ്റേറ്റ് തന്നെ ആ കുറ്റത്തില്‍ പങ്കാളിയാവുകയാണ്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളില്‍ ഈ കേസിനെ പെടുത്തേണ്ടി വരും.

Ad Image