Skip to main content

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ഹവാല ഇടപാടോ? ഒരിടവേളയ്ക്ക് ശേഷം ചാരിറ്റി വിവാദം വീണ്ടും സജീവമായിരിക്കുന്നു. വര്‍ഷ എന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ജൂണ്‍ 24 ന് ഫെയ്‌സ് ബുക്കില്‍ ഒരു വീഡിയോ ഇട്ടിരുന്നു. സാജന്‍ കേച്ചേരി എന്നയാളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ നടപടി. തുടര്‍ന്ന് ഈ വീഡിയോ വൈറലാവുകയും ഏകദേശം ഒന്നേകാല്‍ കോടി രൂപ വര്‍ഷയുടെ അക്കൗണ്ടിലേക്ക് വരുകയും ചെതു. മുപ്പത് ലക്ഷത്തില്‍ താഴെയായിരുന്നു ശസ്ത്രക്രിയക്ക് വേണ്ടിയിരുന്നത്. പിന്നീട് അധികമായി വന്ന തുകയെ ചൊല്ലിയാണ് പ്രശ്‌നം ആരംഭിക്കുന്നത്. 

അക്കൗണ്ടിലേക്ക് വന്ന തുക കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജനും ഒപ്പമുള്ളവരും ഭീഷണിപ്പെടുത്തിയെന്ന് വര്‍ഷ ഫെയ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇതിന് മുമ്പ് സാജനും ഒരു ലൈവിട്ടിരുന്നു. വര്‍ഷ തുക കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്ത കാര്യം പറഞ്ഞുകൊണ്ട്. വര്‍ഷക്കെതിരെ പല ആരോപണങ്ങളും സാജന്‍ ഉന്നയിക്കുകയുമുണ്ടായി. പണം കിട്ടിയപ്പോള്‍ വര്‍ഷയുടെ വിധം മാറി എന്ന തരത്തില്‍. ഇതിന് മറുപടിയെന്നോണമാണ് വര്‍ഷ ലൈവ് വന്നത്. ശേഷം സംഭവം കേസായി. നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കേസായതോടെ സംഗതിയാകെ മാറി. മണിക്കൂറുകള്‍ കൊണ്ട് വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഇത്രയും പണം വന്നതിന് പിന്നില്‍ ഹവാല ഇടപാടാണെന്ന സംശയത്തിലാണ് പോലീസ്. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് ദുരൂഹമാണെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി പറഞ്ഞു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക വര്‍ഷയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ കുഴല്‍പണം അക്കൗണ്ടിലേക്കിട്ടതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഈ രീതിയിലാകുമ്പോള്‍ ആരിലും സംശയമുണ്ടാകില്ല. സഹായം ചോദിച്ച ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. 

എന്നാല്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടില്‍ എത്തി. വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി 60 ലക്ഷം അക്കൗണ്ടിലിട്ടതായി വര്‍ഷയെ സഹായിച്ച യുവാവ് പറയുന്നു. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷം രൂപവരെ ഇട്ടവരുമെണ്ടെന്ന് വര്‍ഷയും പറയുന്നു. ഇതും തട്ടിപ്പിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം സാഹചര്യങ്ങിളില്‍ സഹായിക്കാനായി എത്തുന്നവര്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി അതിലേക്ക് പണം വരുത്തുകയാണ് രീതി. അതുവഴി അക്കൗണ്ടില്‍ വരുന്ന തുക അവര്‍ക്ക് കൈകാര്യം ചെയ്യാനാവും. ചികിത്സയ്ക്കുള്ള പണം രോഗികള്‍ക്ക് നല്‍കി ബാക്കി തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. മറ്റ് രോഗികള്‍ക്ക് കൊടുനെന്നാണ് പറയുന്നതെങ്കിലും പിന്നീട് ആ തുക എങ്ങോട്ട് പോകുന്നു എന്നത് വ്യക്തമല്ല. പക്ഷേ വര്‍ഷയുടെ കാര്യത്തില്‍ ഇത് സാധ്യമായില്ല. വര്‍ഷയുടെ  അക്കൗണ്ടിലേക്കാണ് പൈസവന്നത്. എന്തായായും ഈ സംഭവം വിഴിതുറക്കുന്നത് ചാരിറ്റി പ്രവര്‍ത്തനത്തിന് പിന്നിലെ പിന്നാമ്പുറ കഥകളിലേക്കാണ്.

Ad Image