Skip to main content

ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാന്‍ കഴിയും ടണ്‍ കണക്കിനാണ് ഇപ്പോള്‍കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തപ്പെടുന്നത്. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉദ്യോഗസ്ഥരുടെ നിഷ്‌കര്‍ഷ മൂലം. അതുമല്ലെങ്കില്‍ കടത്ത് സംഘങ്ങള്‍ പരസ്പരം ഒറ്റുമ്പോള്‍.

ദിനം പ്രതി എന്നോണമാണ് കരിപ്പൂര്‍ നെടുമ്പാശ്ശേരി തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്ന സ്വര്‍ണ്ണം സംബന്ധിച്ച വാര്‍ത്ത വരുന്നത്. ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടും സ്വര്‍ണക്കടത്ത് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന ഈ ടണ്‍ കണക്കിന് സ്വര്‍ണ്ണം എവിടേക്ക് പോകുന്നു. ഇത് ഏത് രൂപത്തില്‍ മാറ്റം ചെയ്യപ്പെടുന്നു. മാറ്റം ചെയ്യപ്പെട്ട സ്വര്‍ണ്ണം ആഭരണങ്ങള്‍ ആയി സ്വര്‍ണക്കടകളില്‍ എത്തുന്നുണ്ടോ. അതോ മറ്റേതെങ്കിലും വിധം ഈ സ്വര്‍ണം നീ ക്കപ്പെടുകയാണോ.  നാളിതുവരെ അത്തരത്തില്‍ ഒരു അന്വേഷണം കേരളത്തില്‍ നടന്നിട്ടില്ല. ഇപ്പോള്‍ തിരുവനന്തപുരത്ത് പിടിക്കപ്പെട്ട 30 കിലോ സ്വര്‍ണത്തിന്റെ കാര്യത്തിലും മറിച്ചൊന്നും ഉണ്ടാകാന്‍ വഴിയില്ല. അന്വേഷണം, മാധ്യമങ്ങളുടെ സ്വപ്നയെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ അതവസാനിക്കും.

വളരെയധികം അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങുകളും മറ്റും സാഹസികമായി നടത്തുന്ന അല്ലെങ്കില്‍ നടത്തുന്നു എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ചാനലുകളും മാധ്യമപ്രവര്‍ത്തകരും ആണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ ഇതുവരെ കേരളത്തിലേക്ക് മലവെള്ളപ്പാച്ചില്‍  പോലെ ഒഴുകിയെത്തുന്ന അനധികൃത സ്വര്‍ണ്ണം എവിടെ എത്തിപ്പെടുന്നു എന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും അന്വേഷിച്ചിറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന് വിചാരിച്ചാല്‍ അത് നടക്കുകയുമില്ല. അത്രയ്ക്കാണ് സ്വര്‍ണ്ണ വിപണന വിപണിയില്‍ നിന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യവരുമാനം .