Skip to main content

മനുഷ്യൻ സംസ്‌കാരങ്ങളുടെ സൃഷ്ടാവും ഒരു സാംസ്‌കാരിക ജീവിയുമാണ്. സംസ്‌കാരമാകട്ടെ ഭൂഘടനയുടെ, അഥവാ ഭൂസ്വഭാവത്തിന്റെ ഒരുത്പന്നമാണ്. ഭൂമിശാസ്ത്രവും മനുഷ്യനും സംസ്‌കാരവും ഈ അർഥത്തിൽ അഭേദ്യമായി ബന്ധപ്പെട്ടു  കിടക്കുന്നു  എന്നു പറയാം.

cultural landscape in kerala in transition

ഒരു നാടിന്റെ സാംസ്‌കാരിക പരിസരത്തിന്റെ അവിഭക്തമായ ഒരു ഘടകമാണ് അധിവാസ വ്യവസ്ഥ. അഥവാ സെറ്റിൽമെന്റ്. ഓരോ സ്ഥലത്തിന്റെയും രൂപാന്തരീകരണത്തിൽ മനുഷ്യസംസ്‌കാരം ഏറെ സ്വാധീനം ചെലുത്തുന്നു. ഓരോ ദേശത്തിന്റെയും സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്റെ ആഴത്തിലുള്ള പഠനം ആ ദേശത്തിന്റെ വികാസപരിണാമങ്ങളെ പറ്റി കൃത്യമായ ധാരണ നൽകുന്നു. ഘട്ടം ഘട്ടമായുള്ള അവസ്ഥാന്തരങ്ങളെ പറ്റിയുള്ള ധാരണ. സ്വാഭാവിക പ്രകൃതിയിൽ മനുഷ്യന്റെ കടന്നുകയറ്റവും പാരസ്പരിക വിനിമയങ്ങളും വഴിയുണ്ടാകുന്ന പുരോഗതിയും മനുഷ്യനിർമ്മിതപ്രകൃതിക്ക് രൂപം നൽകുന്നു. ഒരിടം സംസ്‌കാരികദേശമായി നാം അടയാളപ്പെടുത്തുന്നത് അത്തരം വികാസപരിണാമങ്ങളിലൂടെ വന്ന എല്ലാത്തിനേയും ഉൾക്കൊണ്ടു കൊണ്ടാണ്.

 

കേരളം ഒരു സാംസ്‌കാരികദേശം എന്നനിലയിൽ വേറിട്ട വ്യക്തിത്വത്തോടെ നിലകൊള്ളുന്നു. ഭാഷ, അധിവാസവ്യവസ്ഥ, വസ്ത്രധാരണരീതി, ഭക്ഷണരീതി, കല ഉത്സവം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സാംസ്‌കാരിക പരിസരം. എന്നാൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ദ്രുതഗതിയിലുള്ള മാറ്റമാണ് കേരളത്തിന്റെ ഭൗമഘടനയിലും സാംസ്‌കാരിക പരിസരത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ സംസ്‌കാരത്തിന്റെ അസ്തിത്വത്തെയും തനിമയേയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങൾ എന്നു തന്നെ പറയാം.

 

സാംസ്‌കാരിക പരിസരം ചമയ്ക്കുന്ന വിവിധ ഘടകങ്ങളെ വിശാലമായി വർഗീകരിക്കുമ്പോൾ വീട്, ഗൃഹമാതൃകകൾ, അധിവാസകേന്ദ്രങ്ങൾ, മതകേന്ദ്രങ്ങൾ, ചന്ത, വയലേലകളും കാർഷിക സമ്പ്രദായങ്ങളും തുടങ്ങി മനുഷ്യൻ കടന്നു ചെല്ലുന്ന എല്ലാ പ്രകൃതി പരിസരങ്ങളും പെടുന്നു. അധിവാസ വ്യവസ്ഥ, ഭൂമി വിഭജിക്കുന്ന രീതി, ജോലിയും ജോലിയുടെ ഘടനയും, ജീവിതരീതി (ഭാഷ, ഭക്ഷണശീലം, സംഗീതം, നൃത്തം, ഉത്സവങ്ങളും ചടങ്ങുകളും വിശ്വാസങ്ങളും മൂല്യങ്ങളും )എന്നിങ്ങനെ എല്ലാം.

സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പാരസ്പര്യത്തിലൂടെയാണ് ഒരു സാംസ്‌കാരിക ഭൂപരിസരം ഉണ്ടാവുന്നത്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥക്ക് വരുന്ന മാറ്റങ്ങൾ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സംസ്‌കാരത്തിന്റെ കടയ്ക്കൽ കത്തിവെക്കുതിന് തുല്യമായിരിക്കും.

ഒരു സാംസ്‌കാരിക ഭൂമിശാസ്ത്ര സമീപനം ഒരു പ്രദേശത്തിന്റെ വിമർശനാത്മക വിശകലനത്തിനും അതിലുള്ള നമ്മുടെ സ്ഥാനമെന്തെന്ന്‍ മനസിലാക്കാനും സഹായിക്കുന്നു. മാറുന്ന സാംസ്‌കാരിക അടയാളങ്ങളുടെ വിമർശനാത്മക സമീപനവും സാധ്യമാകും. ഭൂമിയുടെ ഘടന ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനും ഭാഗികമായി കാരണമാവുമെന്നതാണ് ഇവിടുത്തെ വാദം.  സാംസ്‌കാരിക മാറ്റങ്ങൾ സ്വാഭാവിക പ്രകൃതി പരിസരത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെയും അത് സ്വാധീനിക്കുന്നു അഥവാ മാററുന്നു. സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പാരസ്പര്യത്തിലൂടെയാണ് ഒരു സാംസ്‌കാരിക ഭൂപരിസരം ഉണ്ടാവുന്നത്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥക്ക് വരുന്ന മാറ്റങ്ങൾ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സംസ്‌കാരത്തിന്റെ കടയ്ക്കൽ കത്തിവെക്കുതിന് തുല്യമായിരിക്കും.

 

കേരളത്തിന്റെ ഭൂപ്രകൃതി അതിന്റെ അധിവാസ വ്യവസ്ഥയും വാസ്തുവിദ്യയും രുപപ്പെടുത്തി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ അറബിക്കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണയിൽ ഒറ്റപ്പെട്ട് കിടന്ന സംസ്‌കൃതി. ഭൂപ്രകൃതികൊണ്ട് ഏകദേശം ഒറ്റപ്പെട്ട കേരളത്തിൽ മറ്റ് ഉത്തരേന്ത്യൻ നാടുകളെ പോലെയോ വിദേശരാജ്യങ്ങളെ പോലെയോ സാംസ്‌കാരിക അധിനിവേശത്തിന് ഏറെക്കാലം വിധേയമാവേണ്ടി വന്നില്ല. ആദിവാസി സമൂഹത്തിന്റെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിന് സാക്ഷ്യം വഹിച്ച ഒരു പുരാതനസംസ്‌കൃതി ഇവിടെ ഉണ്ടായിരുന്നിരിക്കണം. പിന്നീട് കേരളത്തിൽ പ്രബലരായ എല്ലാ സമൂഹങ്ങളും പലയിടങ്ങളിൽ നിന്നായി വന്നു ചേർന്നവരാണ്. ചരിത്രപരമായ കാരണങ്ങൾ അതിനുണ്ട്. പിന്നീട് ജാതി-വർഗ വ്യവസ്ഥയിലധിഷ്ഠിതമായ കാർഷിക സമൂഹമായിരുന്നു ഇവിടെ. പുരയിടങ്ങൾ കേന്ദ്രീകരിച്ചുള്ള അധിവാസവ്യവസ്ഥയായിരുന്നു കേരളത്തിൽ. ജലലഭ്യതയാണ് ഇത്തരമൊരു വ്യവസ്ഥയുടെ മറ്റൊരു കാരണം. ഓരോ വീടിനും വെള്ളം കിട്ടുന്ന സൗകര്യം. നമ്മുടെ വാസ്തുവ്യവസ്ഥ മറ്റ് ഉത്തരേന്ത്യൻ നാടുകളിലെ പോലെ ഒരു പൊതുരീതി ഒരിക്കലും അവലംബിച്ചില്ല.

 

പ്രകൃതി പരിസരത്തിലെ ഭൂവിഭജനരീതിയും, അധിവാസഘടനയും- ഭുമിശാസ്ത്രപരമായ പഠനങ്ങൾ പ്രധാനമായും ഈ രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. അല്ലെങ്കിൽ ഇവയെ ഒരു പ്രധാന അളവുകോലുകളായി കാണാം. അധിവാസ വ്യവസ്ഥ നാം എങ്ങിനെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ വിശദാംശങ്ങളാണ്. സാമൂഹിക സാമ്പത്തിക ഉപയോഗങ്ങള്‍ക്ക് ഭൂമിയെ പ്രയോജനപ്പെടുത്തുന്നത് എങ്ങിനെയെന്നതാണ് ഭൂവിഭജനരീതിയിൽ തെളിയുന്നത്. മുറിച്ചുമാറ്റപ്പെട്ട പോലുള്ള പറമ്പുകളും പുരയിടങ്ങളും അത്തരം പുരയിടത്തിലെ ഒറ്റപ്പെട്ട വീടുകളും, കൃഷിയിടങ്ങളായി വരമ്പിട്ട് വേർതിരിച്ച വയലുകളും എന്ന രീതിയാണ് ഇവിടെ ഉണ്ടായിരുന്നത്. ഫലഭൂയിഷ്ടമായ മണ്ണിടങ്ങളിൽ ഒറ്റപ്പെട്ട വീടുകളും തീരപ്രദേശങ്ങളിൽ തിങ്ങിപാർക്കുന്ന രീതിയുമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ  മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ അധിവാസ വ്യവസ്ഥ. മറ്റ് സ്ഥലങ്ങളിൽ കൂട്ടമായി ജീവിക്കുന്ന സമൂഹമാണ് ഉണ്ടായിരുന്നത്. ഈയൊരു രീതി വരാൻ സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങളുണ്ട്. ആദ്യകാലത്തെ കർഷകർ അവരവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനും മറ്റുള്ളവർ അതെടുത്തു കൊണ്ടുപോകാതിരിക്കാനും സുരക്ഷിതമായ ഇടങ്ങൾ നിർമ്മിച്ചതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഘടന ഇവിടെ നിലവിൽ വന്നത്.

 

ജാതിസമ്പ്രദായവും ജൻമി-കുടിയാൻ ഭൂവുടമാരീതിയുമാണ് കേരളത്തിലെ സാമൂഹിക ഘടനയിൽ ഉണ്ടായിരുന്നത്. ഫ്യൂഡൽ സമ്പ്രദായം ഭൂവുടമയേയും കുടിയാൻമാരെയും സൃഷ്ടിച്ചപ്പോൾ, മേലാളകീഴാള വ്യവസ്ഥ നിലനിന്നപ്പോൾ, അതെല്ലാം ഇവിടത്തെ വാസ്തുശാസ്ത്രത്തിലും പ്രതിഫലിച്ചു. അത് നമ്മുടെ ഗോത്രവ്യവസ്ഥ വരെ നീളുന്നതാണെന്നും കണ്ടെത്താൻ കഴിയുന്നുണ്ട്. കൂട്ടുക്കുടുംബ വ്യവസ്ഥയും കുടുംബനാഥനും അംഗങ്ങളും എന്ന സങ്കൽപ്പവും ഒരു വലിയവീടും അതിൽ ഏറെ അംഗങ്ങളും എന്ന നില കണ്ടെത്തി. എന്നാൽ കുടുംബവ്യവസ്ഥ മാറുകയും അണു കുടുംബങ്ങൾ എന്ന സങ്കൽപം വ്യാപകമാവുകയും ചെയ്തപ്പോൾ ഭൂമി വിഭജിക്കപ്പെടാൻ തുടങ്ങി.

 

വിവിധ ഭൂമിശാസ്ത്ര, സാമൂഹിക, സാംസ്‌കാരിക ശക്തികളുടെ സങ്കലനത്തിലൂടെയുള്ള നീണ്ട ചരിത്രപ്രക്രിയയിലൂടെയാണ് സാംസ്‌കാരിക ഭൂമിശാസ്ത്രം ഉരുവാകുന്നത്. അതിന്റെ ഭാഗമായാണ് സാസ്‌കാരിക പരിസരവും ഉളവാകുന്നത്. കേരളീയ സംസ്‌കാരത്തെ അപഗ്രഥിച്ചാൽ പറമ്പ്, പുരയിടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംസ്‌കാരവും ആദിവാസി സംസ്‌കാരവുമാണ് കേരളത്തിന്റെ സാസ്‌കാരിക ഭൂമിശാസ്ത്രത്തെ നിർണയിക്കുത് എന്നു മനസിലാക്കാം.

 

പുരാതനകാലത്തെ കച്ചവടബന്ധങ്ങളാണ് ഇവിടുത്തെ സാംസ്‌കാരിക ഭൂമികയിലേക്കുള്ള ഇറക്കുമതി. നമ്മുടെ നാടിന്റെ സാംസ്‌കാരിക തനിമയിൽ ഈ ചരിത്ര ഭൂതകാലവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭൂവിനിയോഗം, സ്ഥലം വേർതിരിക്കൽ, വലിപ്പം, അധിവാസവ്യവസ്ഥ, തൊഴിലും തൊഴിൽവ്യവസ്ഥയും, സാമ്പത്തിക വ്യവസ്ഥ, ഗൃഹരൂപങ്ങൾ, ജീവിതരീതി, മൂല്യങ്ങൾ, വിശ്വാസങ്ങള്‍, സമീപനങ്ങൾ, എന്നിവയാണ് മാറ്റത്തിന്റെ അളവുകോലുകൾ.

ആധുനിക പരിഷ്‌കാരങ്ങളും പ്രസ്ഥാനങ്ങളും എല്ലാം ചേർന്നുണ്ടാക്കിയ പുരോഗമനം ഉപഭോഗസംസ്‌കാരത്തിനും മ്യൂല്യബോധങ്ങൾക്കും ഇടയാക്കി. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെ മാറ്റിമറിക്കുന്ന മാനദണ്ഡങ്ങളും അതുവഴി ഉണ്ടാകുന്നു.

ഭൂപരിഷ്‌കരണനിയമം, സാർവ്വത്രിക വിദ്യാഭ്യാസം, ആരോഗ്യനിലവാരം, സാമൂഹികസുരക്ഷിതത്വം,  തുടങ്ങി സ്വാതന്ത്രാനന്തരം വന്ന പുരോഗനാത്മകമായ മാറ്റങ്ങൾ കീഴാളജനതയേയും പുരോഗതിയിലേക്ക് കൊണ്ടുവന്നു. ഭൂവിനിയോഗത്തിലും അത് പുത്തൻ പ്രവണതകള്‍ക്ക് കാരണമായി. ജാതിവ്യവസ്ഥ, പ്രത്യേകിച്ചും തൊഴിലധിഷ്ഠിതമായ രീതി, ദുർബലമായി. സാമൂഹിക മേഖലയിലെ സ്ഥാനം സാമ്പത്തിക അളവുകോലിലേക്ക് മാറി. ഉയർന്ന സാക്ഷരതയും ആശയവിനിമയം, ഗതാഗതസൗകര്യം എന്നിവയിലെ പുരോഗതി കൊണ്ടുവരുന്ന അവസരങ്ങളും പ്രാപ്യതയും കാർഷികേതര ജോലിസാധ്യത കൂട്ടി. സേവനത്തിന് തുല്യമായ പ്രതിഫലം എന്ന രീതി നിലവിൽ വന്നു. വിദേശ തൊഴിലവസരങ്ങൾ വർധിച്ചു.

 

ആധുനിക പരിഷ്‌കാരങ്ങളും പ്രസ്ഥാനങ്ങളും എല്ലാം ചേർന്നുണ്ടാക്കിയ പുരോഗമനം കേരളത്തെ അടിമുടി മാറ്റി മറിച്ചു. വിദേശങ്ങളിൽ ജോലിതേടിപോയവരുടെ എണ്ണം വർധിച്ചു. കാർഷികവ്യവസ്ഥയെ ഇത് സാരമായി ബാധിച്ചു, കൃഷിഭൂമി ആളുകള്‍ വിൽക്കാൻ തുടങ്ങി. കേരളത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ എല്ലാ ചിത്രങ്ങളും മാറിമറിഞ്ഞു. അത് പുതിയ ഉപഭോഗസംസ്‌കാരത്തിനും മ്യൂല്യബോധങ്ങൾക്കും ഇടയാക്കി. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെ മാറ്റിമറിക്കുന്ന മാനദണ്ഡങ്ങളും അതുവഴി ഉണ്ടാകുന്നു. കേരളത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെ സാമാന്യമായി മനസിലാക്കാനും മലയാളിയുടെ മാറുന്ന മനോഭാവത്തിൽ ഇവിടുത്തെ ജൈവവൈവിധ്യരംഗത്തിലുണ്ടായ മാറ്റങ്ങളുടെ നിരീക്ഷണവും ഇവിടെ മുന്നോട്ട്  വെക്കുന്നു. മേൽപറഞ്ഞ ഘടകങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന സാംസ്കാരികമാറ്റങ്ങളുടെ ഭാഗമാണ് മനോഭാവങ്ങൾ.

 

  • ഒരു ദേശത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിലുള്ള  മാറ്റം പ്രാദേശികത്തനിമയെ സാരമായി ബാധിക്കുന്നു.
  • സാസ്‌കാരിക  പരിസരവും ഭൂമിശാസ്ത്ര പരിസരവും പാരസ്പരിക വിനിമയങ്ങളിലൂടെ സ്വതന്ത്രമായി ഉരുത്തിരിഞ്ഞ് വരുന്നതാണ്. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക വികസനത്തിന് ഇത് പശ്ചാത്തലമൊരുക്കുന്നു.
  • ഒരു നിസ്സാരമായ, അല്ലെങ്കിൽ നേരിയ മാറ്റം പോലും സമൂഹത്തിൽ മൊത്തത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സാംസ്‌കാരിക ഭൂമികയുടെ നാശത്തിനു വരെ അത് കാരണമാവാം.
  • ഭൂവിനിയോഗത്തിലും അധിവാസരീതികളിലും സാമ്പത്തികമേഖലയിലും നിർമ്മാണ സാങ്കേതികത്വത്തിലുമെല്ലാമുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഭൂഘടനാപഠനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ  ചോദ്യം ചെയ്യുന്നു.
  • മണ്ണ്, വെള്ളം, ജൈവവൈവിധ്യം- മനുഷ്യഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ഇവയാണ്. കേരളീയസമൂഹവും സംസ്‌കാരവും വളർന്നു വന്നത് ഈ ഘടകങ്ങളിൽ നിന്നാണ്. നമ്മുടെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്റെ പിന്തുണയും ഈ ഘടകങ്ങളാണ്. കാർഷികാധിഷ്ഠിത ഘടനയാണ് അതിന്റെ നട്ടെല്ല്.
  • എന്നാൽ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിലെ സമൂലമാറ്റം കാർഷികാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയെയാണ് തകർത്തത്.
  • സ്ഥലത്തിന്റെ അമിതമായ കച്ചവടവത്കരണവും ഉത്പന്നവത്കരണവും പുതിയൊരു ഭൂവിനിയോഗ രീതി തന്നെ കൊണ്ടുവന്നിരിക്കുന്നു.
  • പുരോഗതിയുടെ ഭാഗമായുണ്ടാകുന്ന വനനശീകരണവും പരിസ്ഥിതി മലിനീകരണവും മാത്രമല്ലിത്. മറിച്ച് പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളിലുള്ള ചോർച്ച കൂടിയാണ്. ഇത് തടയാനാവശ്യമായ നയങ്ങൾ രൂപവത്കരിക്കേണ്ട ആവശ്യകതയെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ഒരു കാലഘട്ടമാണിത്. ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ തന്നെ വ്യക്തമായൊരു പാർപ്പിടനയം രൂപീകരിക്കേണ്ടതുണ്ട്.

 

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് മനോജ്‌. ആര്‍ക്കിടെക്ചറിന്റെ സാമൂഹ്യവും മനശാസ്ത്രപരവുമായ മാനങ്ങള്‍ ആണ് മനോജിന്റെ പ്രധാന പഠന വിഷയം.  

Ad Image