സുപ്രിംകോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ താന്‍ നിരാശനാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. സുപ്രിംകോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ കോടതി ആത്മപരിശോധന നടത്തണം. മുമ്പ് പ്രവര്‍ത്തിച്ചതിനേക്കാള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാട് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ട്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളും ജമ്മൂ കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളും വാദം കേള്‍ക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദി വൈറിനു വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.