മധ്യപ്രദേശില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിര്‍ദേശം ശരിവെച്ച് സുപ്രീംകോടതി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് തടസങ്ങള്‍ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക്കുന്നതാണെന്നും ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ കോടതി നിരീക്ഷിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഗവര്‍ണര്‍ക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് 22 കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ നിലംപൊത്തിയത്. ഇവര്‍ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു.
മാര്‍ച്ച് 20നാണ് കമല്‍നാഥ് രാജിവെച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ശിവരാജ് ചൗഹാന്‍ മാര്‍ച്ച് 23ന് സത്യപ്രതിജ്ഞ ചെയ്തു. അതുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ബി.ജെ.പി നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് കമല്‍നാഥ് ആരോപിച്ചു.