കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന വാര്‍ത്താകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിക്കുന്നുമുണ്ട്. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലാകട്ടെ ഇതുവരെ 52 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനിടെ കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. കൊറോണ ഭീതിയില്‍ പല സാധനങ്ങള്‍ക്കും ഇതിനോടകം വില കുറഞ്ഞു. പലതിനും കുത്തനെ വിലകൂടി. വില കുത്തനെ ഉയര്‍ന്ന സാധനങ്ങളില്‍ നമ്മുടെ ചക്കയുമുണ്ട്. ചക്കയുടെ സാധാരണ വിലയുടെ ഇരട്ടിയിലേറെയാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഖ്നൗവില്‍ നേരത്തെ ഒരുകിലോ ചക്കയ്ക്ക് 50 ആയിരുന്നു. എന്നാല്‍ കൊറോണ ഭീതി ഉയര്‍ന്നതോടെ ഇപ്പോള്‍ 120 രൂപയാണ് ഒരു കിലോ ചക്കയുടെ വില. വില ഇത്രയധികം ഉയര്‍ന്നിട്ടും ആവശ്യക്കാരൊട്ടും കുറയുന്നുമില്ല. അതുകൊണ്ട് ചക്ക കിട്ടാനില്ലാത്ത സാഹചര്യമാണ് ഉള്ളത്. കൊറോണ പേടിയില്‍ മാംസ ഭക്ഷണം കഴിച്ചിരുന്നവര്‍ പലരും സസ്യാഹാരത്തിലേക്ക് മാറി. കോഴിയിറച്ചയും ആട്ടിറച്ചിയും ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണിപ്പോള്‍ ലഖ്നൗവില്‍. ഇങ്ങനെ ഇറച്ചി ഉപേക്ഷിച്ചവര്‍ ചക്കയിലേക്ക് തിരിഞ്ഞു. ഇതാണ് ചക്കയുടെ വിലക്കയറ്റത്തിന് കാരണം. മട്ടന്‍ ബിരിയാണിക്കും ചിക്കന്‍ ബിരിയാണിക്കും പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഹൈലൈറ്റ്. ഇതോടെ ചിക്കനും മട്ടനും വില കാര്യമായി താഴ്ന്നു.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേരളത്തിലും കോഴിവില കുത്തനെ കുറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ കിലോയ്ക്ക് 45 രൂപ വരെയായി. കഴിഞ്ഞയാഴ്ച നൂറ് രൂപയോളമായിരുന്നു കോഴി വില. മാത്രമല്ല പല കോഴിക്കടകളും അടച്ചിട്ടിരിക്കുകയാണ്. വില കുറഞ്ഞതോടെ ആവശ്യക്കാര്‍ കൂടുകയും ചെയ്തു. സ്റ്റോക്കുള്ള പല കടകളുടെയും മുമ്പില്‍ നീണ്ട ക്യൂവാണ്. കേരളത്തില്‍ ഇപ്പോള്‍ ചക്കയുടെ സീസണാണെങ്കിലും ലഭ്യത കുറവാണ്. അതുകൊണ്ട് ചക്കയ്ക്കും ഡിമാന്‍ഡ് കൂടി. വരും ദിവസങ്ങളില്‍ ലഖ്നൗവിലേത് പോലെ കേരളത്തിലും ചക്കവില റെക്കോര്‍ഡിട്ടേക്കാം.
നിലവില്‍ കേരളത്തില്‍ 14 കൊറോണ കേസുകളാണ് പോസിറ്റീവായിട്ടുള്ളത്. നിരവധി പേര്‍ നിരീക്ഷണത്തിലുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളും വ്യാഖ്യാനങ്ങളും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. അതിലൊന്നാണ് ചിക്കന്‍ കഴിച്ചാല്‍ കൊറോണവരുമെന്ന പ്രചാരണം. അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്തപക്ഷം കൊറോണയേക്കാള്‍ വലിയ പ്രത്യാഖാതമായിരിക്കും വ്യാജവാര്‍ത്തകള്‍ മൂലം ഉണ്ടാക്കുന്നത്. ജനങ്ങളും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണം. മുന്നില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന് രണ്ടാമതൊന്ന് ആലോചിച്ചതിന് ശേഷമോ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാവൂ