കേരളത്തിലെ തദ്ദേശ സ്വയംഭരസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീംലീഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്വതന്ത്രഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് വേണ്ടി 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട്. എന്നാല്‍ ഈ നിലപാടിനെ ചോദ്യം ചെയ്ത് യു.ഡി.എഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് സമീപകാലത്ത് കഴിഞ്ഞതെന്നും അതുകൊണ്ട് തന്നെ ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും 2015ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമായിരുന്നു യു.ഡി.എഫിന്റെ വാദം. ഇതിനെ തുടര്‍ന്ന് 2019ലെ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.