Skip to main content

തമിഴ് നടന്‍ വിജയിയ്ക്ക് നേരെ ആദായ നികുതി വകുപ്പ് തുടരുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഫെബ്രുവരി 5 ബുധനാഴ്ചയാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡയിലെടുത്തത്. കടലൂരിലെ ലൊക്കേഷനിലെത്തി കസ്റ്റഡിയിലെടുക്കകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഫിലിംസുമായുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നടപടി. എ.ജി.എസ് ഫിലിംസിന്റെ ഓഫീസുകളിലും പരിശോധന നടന്നുവരുന്നു. വിജയിയുടെ വീട്ടിലും പരിശോധന  നടന്നിരുന്നു.

ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങി പലവിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായി നിലപാടെടുത്ത നടനാണ് വിജയ്. അതിനെ തുടര്‍ന്ന് വിജയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രത്യക്ഷമായി തന്നെ രംഗത്ത് വന്നിരുന്നു.നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും പരമാര്‍ശം ഉണ്ടായിരുന്ന സിനിമയായിരുന്നു വിജയിയുടെ മെര്‍സല്‍. സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യേണ്ട സാഹചര്യവുമുണ്ടായി. തുടര്‍ന്ന് വിജയിയ്ക്കെതിരെ വ്യാപകമായ പ്രചാരണമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിജയിയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നാണെന്നും അത് ജനങ്ങളറിയണമെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ സംഘനടകള്‍ ആഹ്വാനം നടത്തുകയുമുണ്ടായി. എന്നാല്‍ ഇതിനു പിന്നാലെ ഇറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തിലും കേന്ദ്രസര്‍ക്കാരിനെതിയുള്ള പരാമര്‍ശങ്ങളുണ്ടായി.

ജയലളിതയുടെ മരണത്തിന് ശേഷം ബി.ജെ.പി തമിഴ്നാട്ടില്‍ വേരൂന്നാന്‍ പല ശ്രമങ്ങളും നടത്തി വരികയാണ്. അതിനിടയില്‍ വിജയിയെ പോലൊരു താരവും അദ്ദേഹത്തിന്റെ സിനിമയും ബി.ജെ.പി നയങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത് അവരെ സംബന്ധിച്ചെടത്തോളം തിരിച്ചടിയാണ്. അത് മുന്നില്‍ കണ്ട് തന്നെയാണ് ജോസഫ് വിജയ് എന്ന പ്രചാരണം ബി.ജെ.പി അഴിച്ചുവിട്ടത്. എന്നാല്‍ വിജയ് അതുകൊണ്ടൊന്നും മാറിയില്ല. ചിലവേദികളില്‍ തന്റെ നിലപാട് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിക്കൊണ്ടിരുന്നു. ഇതിനപ്പുറം എന്ത് വേണം വിജയ്ക്കെതിരെയുള്ള നീക്കത്തിന് ബി.ജെ.പിയെ പ്രേരിപ്പിക്കാന്‍.

നികുതി വെട്ടിപ്പിന്റെ പേരില്‍ ആദായനികുതി വകുപ്പിന്റെ സമാന നടപടികള്‍ നേരിട്ടയാളാണ് രജനികാന്ത്. എന്നാല്‍ ആ നടപടികള്‍ ഇന്ന് ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. കേസിന് പിന്നാലെ പലവിഷയങ്ങളിലും രജനീകാന്ത് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്നതും ശ്രദ്ധേയം. രജനി പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന അന്ന് തന്നെയാണ് വിജയിയെ കസ്റ്റഡയിലെടുത്തതും. ഈ രണ്ട് കേസുകളും കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇതാണ്.

നിലവില്‍ എന്‍.ഡി.എ ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയാണ് തമിഴ് നാട്ടില്‍ അധികാരത്തിലിരിക്കുന്നതെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ അവരുടെ പരാജയം ഏതാണ്ട് ഉറപ്പാണ്. ആ സൂചനയാണ് ലോക്സഭാ തിരഞ്ഞെടുപ്പും അതിനുശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പുമെല്ലാം സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കാലുറപ്പിക്കണമെങ്കില്‍ താരരാഷ്ട്രീയം അനിവാര്യമാണെന്ന് ബി.ജെ.പി ചിന്തിച്ചിട്ടുണ്ടാകാം. അതിന്റെ ഭാഗമായി രജനീകാന്തിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ബി.ജെ.പിക്കായി. എന്നാല്‍ രജനിയെകൊണ്ട് മാത്രം തമിഴ്നാട് പിടിച്ചടക്കാനാവില്ലെന്ന് ബി.ജെ.പി മനസ്സിലാക്കിക്കാണും. അപ്പോള്‍ കൂടുതല്‍ താരങ്ങളെ തങ്ങളുടെ വഴിക്ക് കൊണ്ടുവരുവാനും, തങ്ങളുടെ വഴിക്ക് വരാത്തവരുടെ ഗതി ഇതായിരിക്കുമെന്നുള്ള സന്ദേശം നല്‍കുവാനുമായിട്ടാണ് വിജയ്ക്കെതിരെയുള്ള നീക്കത്തെ ബി.ജെ.പി ഉപയോഗിക്കുന്നത്. മാത്രമല്ല ജോസഫ് വിജയ് കാര്‍ഡ് വഴി, തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ത്ത് ഹിന്ദുത്വരാഷ്ട്രീയം കൊണ്ടുവരാമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നുണ്ടാവാം.
 

Ad Image