Skip to main content

സിനിമയ്ക്കും സനിമാക്കാര്‍ക്കും ഇന്ന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമാണ് ലഭിക്കുന്നത്. അതിന്റെ പേരില്‍ ഏത് പൊതുപരിപാടിയാണെങ്കിലും, അത് വിദ്യാലയങ്ങളിലേതായിക്കോട്ടെ മറ്റേതായിക്കോട്ടെ, സംഘാടകര്‍ ആദ്യം നോക്കുന്നത് സിനിമാതാരങ്ങളെ അതിഥിയായി കിട്ടുമോ എന്നുള്ളതാണ്. താരപദവി അനുസരിച്ച് ലക്ഷങ്ങളാണ് സിനിമാക്കാര്‍ അതിഥിയായി എത്തുന്നതിന് പ്രതിഫലം വാങ്ങുന്നത്. സ്ഥാപനങ്ങളുടെ പ്രശസ്തി വര്‍ദ്ധനയെയും മത്സരത്തെയും കണക്കിലെടുത്താണ് സംഘാടകര്‍ ഇവ്വിധം തുക ചെലവാക്കുന്നത്. ഇങ്ങനെ എത്തുന്ന താരങ്ങള്‍ നൈതിക മൂല്യങ്ങളെയും സംസ്‌കാരത്തെയുമൊക്കെകുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നു. ഈ അനര്‍ഹമായ പരിഗനണ ലഭിക്കുന്നത് കണ്ടിട്ട് പ്രപഞ്ചത്തിലുള്ള ഏത് വിഷത്തിലും തങ്ങള്‍ പറയുന്ന അഭിപ്രായം ആധികാരികമാണെന്ന് ഇവരും തെറ്റിദ്ധരിക്കുന്നു. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മാധ്യമങ്ങള്‍ ഏത് പ്രാപഞ്ചിക വിഷയത്തിലും സിനിമാക്കാരുടെ അഭിപ്രായം തേടി റേറ്റിംങ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനകാല സാഹചര്യത്തിന്റെ പ്രതിഫലനമാണ് മാനന്തവാടി മേരിമാതാ കോളേജില്‍ സിനിമാ നടന്‍ ടോവിനോ തോമസിലൂടെ പ്രകടമായത്.

താരപദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ യുവ നടനും സ്വയം ധരിക്കുന്നത് തനിക്ക് ഒരാധിപത്യ മേധാവിത്വഭാവം കൈവന്നിരിക്കുന്നു  എന്നാണ്. തന്റെ പ്രസംഗത്തിനിടയില്‍ സദസ്സില്‍ നിന്ന് കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിക്ക് മൈക്കിലൂടെ നാല് തവണ കൂകിപ്പിച്ച് പറഞ്ഞയച്ചു. ഇത്തരം ചടങ്ങുകളില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ കൂവലും പ്രതികരണവുമൊക്കെ സാധാരണമാണ്. അത് വിദ്യാര്‍ത്ഥികളുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെങ്കിലും. ടൊവിനോ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥി കൂവിയത്. ആ വിദ്യാര്‍ത്ഥിയുടെ കൂവല്‍ ടോവിനോയെ അലോസരപ്പെടുത്തി. ഉടന്‍ തന്നെ തന്റെ കാഴ്ചപ്പാടില്‍ കുറ്റം ചെയ്ത വിദ്യാര്‍ത്ഥിയെ ടൊവിനോ സ്റ്റേജിലേക്ക് വിളിച്ച് ഒരു ജഡ്ജിയെ പോലെ ശിക്ഷ വിധിച്ച് അത് നടപ്പാക്കി. താന്‍ സംസാരിച്ചുകൊണ്ടിരുന്ന ജനാധിപത്യത്തിന്റെ നേര്‍വിപരീതമായ സ്വേഛാതിപധ്യത്തിന്റെ ദുഷ്പ്രഭുത്വസ്വഭാവ പ്രകടനമാണ് ടൊവിനോ അവിടെ നടത്തിയത്. ജില്ലാ കളക്ടറും സബ്കളക്ടറും സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ടോവിനോ ഈ ശിക്ഷ നടപ്പാക്കിയത്. ജനാധിപത്യം ഉറപ്പ് നല്‍കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും അവിടെ ലംഘിക്കപ്പെടുകയായിരുന്നു. പ്രായോഗികമായി ഭരണഘടന പരാജയപ്പെടുന്ന നിമിഷം. അതും ജില്ലാ ഭരണഘടനാ സംരക്ഷകരുടെ സാന്നിധ്യത്തില്‍ വച്ച് തന്നെ.

തന്നെ കൂവിയതിന്റെ പേരില്‍ മാനസികമായോ സാമൂഹികമായോ എന്തെങ്കിലും ദോഷം സംഭവിച്ചെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ ടോവിനോയ്ക്ക് പലമാര്‍ഗ്ഗളുണ്ടായിരുന്നു. ഒന്നുകില്‍ പ്രസംഗം അവസാനിപ്പിക്കാമായിരുന്നു. അതല്ലെങ്കില്‍ പൊതുചടങ്ങിലേക്ക് വിളിച്ചുവരുത്തിയ അതിഥിയെ അവഹേളിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്കെതിരെ പരാതി  നല്‍കാമായിരുന്നു. അതുമല്ലെങ്കില്‍ കൂവിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടുകയോ  ആ വിദ്യാര്‍ത്ഥികളെ സദസ്സില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ താന്‍ പ്രസംഗം തുടരുകയുള്ളൂ എന്നോ ശഠിക്കാമായിരുന്നു. എന്നാല്‍ തനിക്ക് സ്വേഛാധിപത്യപരമായി പെരുമാറുന്നതിന് തടസ്സമില്ല എന്ന തോന്നലില്‍ നിന്നാണ് ടോവിനോ ഈ രീതിയല്‍ പെരുമാറിയത്. ആദ്യമായിട്ടല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാസംഗികരെ വിദ്യാര്‍ത്ഥികള്‍ കൂവുന്നത്. കേരളത്തിലെ പലമഹാരഥന്മാരും ഇത്തരം സന്ദര്‍ഭങ്ങളെ നേരിട്ടിട്ടുണ്ട്. ആ സന്ദര്‍ഭങ്ങള്‍ അവര്‍ സര്‍ഗാത്മകമാക്കി സമൂഹത്തിലേക്ക് തിരിച്ച് നല്‍കുകയായിരുന്നു ഉണ്ടായത്. ഒപ്പം കൂവിയ വിദ്യാര്‍ത്ഥികളില്‍ ഗുണപരമായ പരിണാമവും വരുത്തിക്കൊണ്ട്.

Ad Image