പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കിയത്.
നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു.