Skip to main content

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ആഗ്രയില്‍ നിന്നുള്ള 5 പേരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹരിശങ്കര്‍ ജെയിനാണ് പരാതിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. 

ആര്‍.എഫ്. നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്. 2019-2020 ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 4,700 കോടി രൂപ മാറ്റി വച്ചത് ഹിന്ദു വിഭാഗത്തോട് ചെയ്യുന്ന വിവേചനമാണെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. സ്‌ക്കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികളിലൂടെ വഖഫ് ബോര്‍ഡിനും വഖഫ് സ്വത്തുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഹിന്ദു സമുദായത്തിനും ഹിന്ദു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നില്ല. ഇത് മതേതരത്വം, തുല്യത എന്നിവയുടെ ലംഘനമാണ് എന്ന് ഹരിശങ്കര്‍ ജെയിന്‍ കോടതിയില്‍ വാദിച്ചു. 

ഒരു രാജ്യത്തിന് ജനതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞ് വേര്‍തിരിക്കാനാവില്ല. മതന്യൂനപക്ഷങ്ങളെ പ്രത്യേക വിഭാഗമായി വേര്‍തിരിക്കാനാകില്ലെന്നും ആര്‍ട്ടിക്കിള്‍ 30നെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക നിയമനിര്‍മ്മാണത്തിന് സാധ്യമല്ലെന്നും ഹര്‍ജിക്കാര്‍ വാധിച്ചു.

നിയമപരമായി പ്രസക്തിയുള്ള ചോദ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ അഞ്ചംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നും നാലാഴ്ചക്കുള്ളില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കേസ് 3അംഗ ബെഞ്ച് പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

 

Tags