Skip to main content

വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതിന് വഴിയൊരുക്കിയത് ബാബറി മസ്ജിദാണ്. ഹിന്ദു മുസ്ലീം വിഭാഗീയതയുടെ ആഴമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടം. ആ ആഴത്തിലാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം മുങ്ങിപ്പോയത്. ബാബറി മസ്ജിദ് ഇപ്പോള്‍ അടഞ്ഞ അധ്യായമായിരിക്കുന്നു. ഇതുവരെ ഉണ്ടായതിനേക്കാള്‍ തീവ്രതയോടെ വിഭാഗീയതയെ നിലനിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല എന്ന് എല്ലാവരെക്കാളും നന്നായി അറിയാവുന്നത് ബി.ജെ.പിക്കാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ബി.ജെ.പി 2024 ലെ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കം കുറിച്ചു. ഈ പ്രചരണം നടത്തുന്നതാകട്ടെ ബി.ജെ.പിക്ക് വേണ്ടി പ്രതിപക്ഷമാണെന്നുള്ളതാണ് രസകരമായ വസ്തുത. 

ബി.ജെ.പിയുടെ ജോലി വിത്തിടുകമാത്രമാണ്. തങ്ങളിടുന്ന വിത്തിനെ വെള്ളവും വളവും നല്‍കി പ്രതിപക്ഷം വളര്‍ത്തി വിളയിക്കുമെന്ന് അമിത് ഷായ്ക്ക് നന്നായി അറിയാം. ബി.ജെ.പി ഉദ്ദേശിച്ച അതേ ദിശയിലൂടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം നീങ്ങിക്കൊണ്ടിരിക്കുന്നത്. 

ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇത്രയും വ്യക്തമായ ഹിന്ദു-മുസ്ലീം ധ്രുവീകരണം ഇതാദ്യമായാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. 1947 ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ ഒരു വൈകാരിക തലത്തിലേക്ക് പൗരത്വ ഭേദഗതി നിയമം കൊണ്ടെത്തിച്ചിട്ടുണ്ട്. അതില്‍ പ്രധാനപങ്ക് വഹിച്ചത് പ്രതിപക്ഷവും മാധ്യമങ്ങളും ബുദ്ധിജീവികളുമാണ്. ഇതില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്കും വലുതാണ്. 

ഈ ഘടകങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ബി.ജെ.പി ഇത്തരമൊരു തീക്കളിയ്ക്ക് തിരി കൊളുത്തിയിട്ടുള്ളതും. ഈ നിയമം മുസ്ലീം സമുദായത്തിനിടയില്‍ വല്ലാത്ത ഭീതിയും അന്യവത്കരണവും സൃഷ്ടിച്ചിട്ടുണ്ട്. മുത്തലാഖും, കാശ്മീര്‍വിഭജനവും, 370 വകുപ്പ് നിര്‍വീര്യമാക്കലും, അയോധ്യവിധിയും മുസ്ലീം വിഭാഗത്തിനിടയില്‍ ദേശീയ തലത്തില്‍ ആശങ്കയും അസുരക്ഷിതത്വവും നിറച്ച സമയത്താണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നത്. ആ ഭീതിതമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്ന രീതിയില്‍  മുറവിളി ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷവും ബുദ്ധിജീവികളും മാധ്യമങ്ങളും രംഗത്തെത്തിയത്. 

ഇന്ത്യന്‍ കാമ്പസുകള്‍ കത്തിയെറിഞ്ഞു തുടങ്ങി. ഇന്ത്യന്‍ യുവത്വം കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുരാഷ്ട്ര വത്കകരണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു എന്ന പ്രചാരണം ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ ഉയരുന്നു. മുസ്ലീങ്ങളുടെ രക്ഷയ്ക്കും മതേതരത്വത്തിനും വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷവും ബുദ്ധിജീവികളും മാധ്യമങ്ങളും ഈ ഭീതിയുടെ കൊടുങ്കാറ്റ് അഴിച്ചുവിടുന്നത്. പേടിയിലമരുന്ന ഒരുസമൂഹത്തില്‍ എന്തുവേണമെങ്കിലും അനായാസമായി നടപ്പിലാക്കന്‍ കഴിയും. ഈ വസ്തുത ഏത് ശരാശരി മനസ്സിനും ആലോചിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ. മഹാത്മാഗാന്ധി ഇന്ത്യന്‍ ജനതയെ ബ്രട്ടീഷ് സമ്രാജ്യത്തിനെതിരായി അണിനിരത്തുന്നതിനായി ശ്രമിച്ചുതുടങ്ങിയപ്പോള്‍ അതിന് തുടക്കം കുറിച്ചത് ഇന്ത്യന്‍ ജനതയെ ബാധിച്ചിരിക്കുന്ന പേടിയില്‍ നിന്ന് മെല്ലെ വിമുക്തമാക്കിക്കൊണ്ടാണ്. ഇന്നിപ്പോള്‍ ഇന്ത്യയൊട്ടാകെ പ്രക്ഷോഭത്തിലമരുമ്പോള്‍ പശ്ചാത്തലത്തില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. ഒരക്യമോ നേതൃമോ ദിശാബോധമോ ഒന്നുമില്ലാതെ പൊട്ടിപ്പുറപ്പെടുന്ന രോഷം പ്രകടിപ്പിച്ചുകളയുന്ന അവസ്ഥ. ഇതാണ് ബി.ജെ.പിക്ക് ഏത് നടപടികള്‍ സ്വീകരിക്കുന്നതിനും നിയമംകൊണ്ടുവരുന്നതിനും ഊര്‍ജ്ജവും കരുത്തും നല്‍കുന്നത്.ഇപ്പോള്‍ നടക്കുന്ന നേതൃത്വമില്ലാത്ത പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും വിളവെടുപ്പ് വരാന്‍ പോകുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലും പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി കൊയ്യുമെന്നുള്ളത് ഏതാണ്ട് തീര്‍ച്ചയാണ്

Ad Image