Skip to main content

ആപ്പിളും ഹ്യൂണ്ടായിയും ചേര്‍ന്ന് വാഹനരംഗത്തേക്ക് വരുന്നു. ആപ്പിള്‍ വാഹന രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി സജീവമാണ്. ഇലക്ട്രിക് വാഹന രംഗത്തേക്കാണ് ആപ്പിള്‍ ചുവടുവെക്കുക എന്നായിരുന്നു വാര്‍ത്തകള്‍. അത് ശരി വെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഹ്യൂണ്ടായിയുമായി ആപ്പിള്‍ സഹകരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഡ്രൈവറില്ലാതെ ഓടാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായാണ് ഇരുകമ്പനികളും സഹകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മാര്‍ച്ച് മാസത്തില്‍ ആപ്പിളും ഹ്യുണ്ടായിയും സഹകരണ കരാറില്‍ ഒപ്പുവയ്ക്കും. 2024-ന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 2027ഓടെ ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഹ്യുണ്ടായിയുടെ ഓഹരി മൂല്യം 20 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ മോട്ടോഴ്സിന്റെ ജോര്‍ജിയയിലെ പ്ലാന്റില്‍ പുതിയ വാഹനം നിര്‍മിക്കുമെന്നും അല്ലെങ്കില്‍ ഇരുകമ്പനികളും അമേരിക്കയില്‍ പുതിയ പ്ലാന്റ് ആരംഭിക്കുമെന്നും സൂചനയുണ്ട്. പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും അമേരിക്കയില്‍ ഒരുക്കുക. 2024-ല്‍ ഇവിടെ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കും.

ആപ്പിള്‍ എന്ന് പറയുന്നത് ഒരു ലോകോത്തര ബ്രാന്‍ഡാണ്. ലോകത്തുള്ള ബ്രാന്‍ഡുകളില്‍ വെച്ച് ഏറ്റവും വിശ്വസ്തതയുള്ളതും മൂല്യമുള്ളതുമായ ഒരു ബ്രാന്‍ഡാണ് ആപ്പിള്‍. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങള്‍ക്കും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് ആപ്പിള്‍ ഏറ്റവും മുന്‍പന്തിയില്‍ എത്തിയതും. ആപ്പിളിന്റെ ഉപകരണങ്ങള്‍ക്ക് വില കൂടുതലാണെങ്കില്‍ പോലും ആളുകള്‍ അത് ഉപയോഗിക്കുന്നത് അതിന്റെ ഗുണനിലവാരം കൊണ്ട് തന്നെയാണ്. ഈ ഒരു സാഹചര്യത്തില്‍ ആപ്പിള്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് വരുന്നു എന്ന് പറയുമ്പോള്‍ അത് വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഒരു പുത്തന്‍ ചുവടുവെപ്പായി കാണാന്‍ സാധിക്കും. ആപ്പിള്‍ പോലൊരു കമ്പനി വാഹനരംഗത്തേക്ക് ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ആപ്പിളിന്റെ പാരമ്പര്യം വെച്ച് നോക്കുകയാണെങ്കില്‍ അവര്‍ ഈ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാം.